| Friday, 7th August 2026, 7:00 pm

കുല്‍ദീപും ജഡേജയും മാനവും വിറപ്പിച്ചു; കട്ടയ്ക്ക് പൊരുതി ലങ്കയും; ആദ്യ ദിനത്തില്‍ 363ന് എട്ട്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ ശ്രീലങ്കയും തമ്മിലുള്ള പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ടെസ്റ്റ് സന്നാഹ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സാണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നേടിയത്. ശുഭ്മന്‍ ഗില്ലിന് പകരം കെ.എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതറുമാണ്. മൂവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഗുര്‍ണൂര്‍ ഒരു വിക്കറ്റും നേടി തിളങ്ങി.

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രാവിന്ദു രാഷന്തയാണ്. 143 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. മാനവ് സുതറിന്റെ പന്തില്‍ ഹര്‍ഷ് ദുബെയാണ് രാവിന്തുവിന്റെ വിക്കറ്റ് നേടിയത്.

ഓപ്പണര്‍ നിഷാന്‍ മധുഷ്‌ക 65 പന്തില്‍ 66 റണ്‍സ് നേടി റണ്‍ഔട്ട് ആവുകയായിരുന്നു. പസിന്തു സൂര്യബന്ധാര 63 പന്തില്‍ 35 റണ്‍സും പവന്‍ രത്‌നായകെ 47 പന്തില്‍ 39 റണ്‍സും നേടിയാണ് കൂടാരം കയറിയത്.

അഹന്‍ വിക്രമസിന്‍ഹെ 31 റണ്‍സ് നേടിയപ്പോള്‍ മധ്യ നിരയില്‍ ലങ്കയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടാന്‍ സോനല്‍ ദിനുഷയ്ക്ക് സാധിച്ചു. 72 പന്തില്‍ 52 റണ്‍സാണ് സോനല്‍ നേടിയത്. രമേശ് മെന്‍ഡിസ് 32 റണ്‍സും നേടിയിരുന്നു.

നിലവില്‍ ലങ്കയ്ക്ക് വേണ്ടി ക്രീസിലുള്ളത് ഒമ്പത് റണ്‍സ് നേടിയ കേസര നുവാന്തയും ഒരു റണ്‍സുമായി ദിലും സുദീരയുമാണുള്ളത്.

അതേസമയം സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളത്തിലിറങ്ങില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഗില്ലിന് പരിക്കേറ്റിരുന്നു. പരിശീലനത്തിനിടെ ഗില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പന്ത് ഗില്ലിന്റെ തള്ളവിരലില്‍ (തമ്പ്) തട്ടുകയായിരുന്നു.

പരിക്കേറ്റതോടെ വേദനകൊണ്ട് ഗില്‍ അസ്വസ്ഥനായി ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറുന്നതായിരുന്നു കണ്ടത്. ഉടന്‍ തന്നെ ടീം ഫിസിയോ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. അതേസമയം ഗില്ലിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ പ്രധാന ബാറ്ററും നായകനുമായ ഗില്ലിന്റെ ഫിറ്റ്നസ് ടീമിന് നിര്‍ണായകമായതിനാല്‍ മാനേജ്ന്റും ആശങ്കയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നത്.

Content Highlight: The first day of the warm-up Test match between India and Sri Lanka has concluded

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more