2026 മാര്‍ച്ച് 27ന് സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ നടക്കാനിരുന്ന ഫൈനല്‍സിമ മത്സരം റദ്ദാക്കി. ഖത്തറിലെ ദോഹയില്‍ നടക്കാനിരുന്ന മത്സരം നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണ് മാറ്റിവെച്ചത്.
ഇറാനിനെതിരായ യു.എസ് – ഇസ്രഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഖത്തര്‍ മത്സരത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സംഘാടകസമിതി മത്സരം മാറ്റിവെച്ചത്. മാത്രമല്ല നിലവില്‍ രണ്ട് ടീമുകളും യുവേഫയും തമ്മില്‍ നടന്ന മീറ്റിങ്ങില്‍ മറ്റൊരു വേദി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
മാഡ്രിഡിലെ ബെര്‍ണബ്യൂവില്‍ മത്സരം നടത്താമെന്ന് ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കിലും അര്‍ജന്റീന ഇത് വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യൂറോപ്പില്‍ ഒരു നിഷ്പക്ഷ വേദി കണ്ടെത്താന്‍ കഴിയുമെങ്കില്‍ മാര്‍ച്ച് 27ന് അല്ലെങ്കില്‍ മാര്‍ച്ച് 30ന് മത്സരം നടത്താമെന്ന ആശയവും യുവേഫ മുന്നോട്ട് വെച്ചു.
കോപ്പ അമേരിക്കയിലെയും യുവേഫ യൂറോയിലെയും ജേതാക്കള്‍ തമ്മിലുള്ള ഒറ്റ മത്സരമാണ് ഫൈനല്‍സിമ. വെംബ്ലി സ്റ്റേഡിയത്തില്‍ ഇറ്റലിയെ 3-0ന് പരാജയപ്പെടുത്തി 2022ല്‍ ലയണല്‍ മെസിയും സംഘവും അര്‍ജന്റീനയെ ഫൈനല്‍സിമ കിരീടമണിഞ്ഞിരുന്നു.
കോപ്പയിലെ ഫൈനലില്‍ കൊളംബിയയെ 1-0ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ജോതാക്കളായത്. അതേസമയം, യുവേഫ യൂറോ 2024 ഫൈനലില്‍ സ്പെയിന്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ യുവ താരം ലാമിന്‍ യമാല്‍ ടീമിന് വേണ്ടി നിര്‍ണായക പങ്കാണ് വഹിച്ചത്. ഒരു ഗോളും നാല് അസിസ്റ്റും ബാഴ്സയുടെ താരത്തിനുണ്ടായിരുന്നു.
വരാനിരിക്കുന്ന ഫൈനല്‍സിമയില്‍ യമാലും മെസിയും നേര്‍ക്കുനേര്‍ പോരാടുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ബാഴ്സയുടെ എക്കാലത്തെയും മികച്ച താരമായ മെസിയേയും യുവ താരം യമാലിനെയും താരതമ്യപ്പെടുത്തി പലരും സംസാരിച്ചിരുന്നു. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കൂടിയാണ് മത്സരം വഴിവെക്കുക.