കൊച്ചി: ‘ഹാല്‍’സിനിമയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി കത്തോലിക്കാ കോണ്‍ഗ്രസ്. ചിത്രം മതസൗഹാര്‍ദം തകര്‍ക്കുമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണം. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോയാണ് ഹരജി സമര്‍പ്പിച്ചത്.
അതേസമയം വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനും കത്തോലിക്ക കോണ്‍ഗ്രസിനുമെനതിരെ ഗൂഡാലോചന പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമയുടെ കഥ കത്തോലിക്ക കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയതായി സംവിധായകന്‍ സമീര്‍ വീര ആരോപിച്ചു.
സിനിമ റിലീസ് ചെയ്യാതെ എങ്ങനെയാണ് ഒരു വിഭാഗത്തെ സിനിമ അവഹേളിക്കുകയാണെന്ന് പറയാന്‍ കഴിയുക എന്നും സിനിമ കാണാതെ എങ്ങനെയാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ പറ്റി അറിയുകയെന്നും സംവിധായകന്‍ ചോദിച്ചു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമീര്‍ വീര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന ഹാല്‍ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണത്. ചിത്രത്തിന്റെ കഥാഗതിയെ അട്ടിമറിക്കുന്ന ഏഴ് വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഞങ്ങളുടെ സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ ഡയലോഗ് വെട്ടണം കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്ത് നീക്കണം. സിനിമയിലെ കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായത്.
Content highlight: The film will destroy religious harmony; Catholic Congress against the film Haal