ലോക സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍. വിവേക് അനിരുദ്ധായിരുന്നു ലോക ചാപ്റ്റര്‍ വണ്ണിന്റെ കാസ്റ്റിങ് ഡയറക്ടര്‍.
കൃത്യമായ ഓഡിഷനിലൂടെയും മറ്റുമാണ് കാസ്റ്റിങ് തീരുമാനിച്ചിരുന്നതെന്നും സാന്റി മാസ്റ്റര്‍, ദുര്‍ഗ എന്നിവരെയൊക്കെ വിവേകാണ് കൊണ്ടുവന്നതെന്നും ശാന്തി പറയുന്നു. ചന്ദ്രയായി കല്യാണിയെയല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിച്ചിരുന്നില്ലെന്നും ശാന്തി പറഞ്ഞു.
‘കല്യാണി നസ്‌ലെന്‍ കൊമ്പിനേഷനെപ്പറ്റി ആദ്യം ചര്‍ച്ചകളുണ്ടായിരുന്നു. പ്രായവ്യത്യാസമായിരുന്നു വിഷയം. എന്നാല്‍, സിനിമയില്‍ കല്യാണിയുടെ കഥാപാത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതാണ്. പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ത്തന്നെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. അല്ലെങ്കിലും പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടങ്കില്‍ എന്താണ് പ്രശ്‌നം,’ ശാന്തി പറയുന്നു.
അടുത്ത ഭാഗങ്ങളെ പറ്റി തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്നും മമ്മൂട്ടിയാണ് മൂത്തോന്‍ എന്നത് തന്നെ വലിയ വെളിപ്പെടുത്തലാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് അത് പുറത്തുവിട്ടത്. പിന്നെ സിനിമ കണ്ടിട്ടുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ശബ്ദം മനസിലായിക്കാണും. സിനിമയില്‍ ഒരൊറ്റ വാക്കുമാത്രമേ അദ്ദേഹം ഡബ് ചെയ്തിരുന്നുള്ളൂ,’ശാന്തി പറഞ്ഞു.
മൂത്തോന്‍ മമ്മൂട്ടിയാണെന്ന വെളിപ്പെടുത്തല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശം കൊള്ളിച്ചിരുന്നു. 250 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടികൊണ്ട് ചരിത്ര വിജയമാണ് ലോക സ്വന്തമാക്കിയിരുന്നത്. അരുണ്‍ ഡൊമനിക് ഒരുക്കിയ ഈ സിനിമ ഇതിനോടകം പല റെക്കോര്‍ഡുകളും തകര്‍ത്തു കഴിഞ്ഞു.
ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ലോകഃ. ഇനി മോഹന്‍ലാല്‍ ചിത്രം എമ്പുരാനാണ് ലോകഃക്ക് മുന്നിലുള്ളത്. സൂപ്പര്‍ഹീറോ ചിത്രമായെത്തിയ ഈ വേഫെയറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ചിത്രമാണിത്. ദുൽഖർ സൽമാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content highlight: The film’s co-screenwriter Shanthi Balachandran talks about the casting of lokah movie