തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാതാരങ്ങളും. കമൽ ഹാസൻ, മഞ്ജു വാര്യർ, പൃഥ്വിരാജ്, മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവരാണ് അനുശോചനം അറിയിച്ചത്.
‘വി.എസ് അച്യുതാനന്ദൻ്റെ കാൽപാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാൽപാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി’ എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു വി. എസ് എന്നും വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം വി.എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ലെന്നും കമൽ ഹാസൻ കുറിച്ചു.
ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന വി.എസ് ഇന്ന് വൈകീട്ട് നാലേ കാലോടെയാണ് അന്തരിച്ചത്. ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്ത് ആരോഗ്യനിലയില്‍ പുരോഗതി വന്നെങ്കിലും പിന്നീട് നില വീണ്ടും വഷളാകുകയായിരുന്നു.
Content Highlight: The film industry expressed condolences on the death of former Chief Minister V.S