| Thursday, 26th February 2026, 9:40 pm

സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ല; കേരള സ്റ്റോറിയുടെ റിലീസ് തടഞ്ഞ ഉത്തരവിനെതിരെ അപ്പീല്‍

രാഗേന്ദു. പി.ആര്‍

കൊച്ചി: ‘ദി കേരള സ്റ്റോറി’യുടെ റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ അപ്പീല്‍ നല്‍കി. സിനിമയില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്നാണ് നിര്‍മാതാക്കളുടെ വാദം.

മതസൗഹാര്‍ദം തകര്‍ക്കുമെന്ന വാദം ഉയര്‍ത്തിയതുകൊണ്ട് മാത്രം സിനിമയുടെ പ്രദര്‍ശനാനുമതി തടയാനാകില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് നിര്‍മാതാക്കള്‍ സമീപിച്ചിരിക്കുന്നത്.

15 ദിവസത്തേക്കാണ് സിംഗിള്‍ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ചിത്രം നാളെ (ഫെബ്രുവരി 27) റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇതിനെതിരെയാണ് നിര്‍മാതാക്കളുടെ അപ്പീല്‍. എന്നാല്‍ സിനിമ കാണാന്‍ സിംഗിള്‍ ബെഞ്ചിനെ നിര്‍മാതാക്കള്‍ അനുവദിച്ചില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

എന്ത് സ്വകാര്യതാത്പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. നിലവില്‍ നിര്‍മാതാക്കളുടെ അപ്പീലില്‍ വാദം തുടരുകയാണ്.

അതേസമയം ‘ദി കേരള സ്റ്റോറി’ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരില്‍ ഒരാളായ ഫ്രെഡ്ഡി വി. ഫ്രാന്‍സിസ് പറഞ്ഞു. കേരള സ്റ്റോറിക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിത്രം തയ്യാറാക്കിയതെന്നും ഫ്രെഡ്ഡി പ്രതികരിച്ചു.

തനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ട് പേടിച്ചിട്ടില്ലെന്നും ഫ്രെഡ്ഡി വ്യക്തമാക്കി. സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫ്രെഡ്ഡി.

മലയാളികളെ താഴ്ത്തിക്കെട്ടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. ലോകത്തുടനീമുള്ള കേരളത്തിലെ മനുഷ്യരെ മോശമാക്കി ചിത്രീകരിക്കാനുള്ള ഇത്തരം സിനിമകള്‍ കാണേണ്ടതില്ലെന്നും ഫ്രെഡ്ഡി പറഞ്ഞു. കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും എന്തിനാണ് അതെല്ലാം കണ്ട് മനസ് മടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിനിമയുടെ പേരില്‍ കേരളമെന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും ചിത്രം ബാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. കേരള സ്റ്റോറിക്കെതിരെ സുപ്രീം കോടതി വരെ പോകാന്‍ തയ്യാറാണെന്നും ഭീഷണിയുണ്ടെന്നും ഫ്രെഡ്ഡി പറഞ്ഞു.

Content Highlight: The film does not defame Kerala; Appeal against the order blocking the release of Kerala Story

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more