2026 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടം നേടിയത് ക്രിക്കറ്റ് പ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ഓപ്പണര്‍ കം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്കാണ് സഞ്ജു തെരഞ്ഞെടുക്കപ്പെട്ടത്.
ഏറെ അവഗണനകള്‍ക്ക് ശേഷമാണ് സഞ്ജു തന്റെ സ്ഥാനം തിരിച്ചു പിടിച്ചതെന്ന് എടുത്തുപറയേണ്ടതാണ്. മോശം ഫോമില്‍ തുടര്‍ന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയാണ് സഞ്ജുവിന്റെ പേര് എഴുതിച്ചേര്‍ത്തത്.
സഞ്ജു സാംസണ്‍, Photo: Johns/x.com
ഇനി ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഒരു ടി-20 പരമ്പര കൂടിയാണ് ഉള്ളത്. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ പരമ്പര. ലോകകപ്പിനായി തയ്യാറെടുക്കുന്ന അതെ സ്‌ക്വാഡ് തന്നെയാണ് കിവീസിനെതിരെയുമുണ്ടാകുക. ജനുവരി 21നാണ് ന്യൂസിലാന്‍ഡിന് എതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി-20 അരങ്ങേറുന്നത്. നാഗ്പൂരില്‍ ആണ് വേദി.
എന്നാല്‍ മലയാളികള്‍ക്കും സഞ്ജു സാംസണും ഏറെ ആവേശം നല്‍കുന്ന മറ്റൊരു ഫാക്ടറും കൂടെ പരമ്പരയില്‍ ഉണ്ട്. കിവീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി-20 മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക എന്നതാണ് അതിന് കാരണം. ഇതോടെ സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും.
ഇന്ത്യക്കുവേണ്ടി ആദ്യമായാണ് സഞ്ജു സ്വന്തം നാട്ടില്‍ കളിക്കാന്‍ ഒരുങ്ങുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. ഏറെ കാത്തിരുന്ന നല്ലകാലം തിരികെ വരുമ്പോള്‍ സഞ്ജുവിനും ആരാധകര്‍ക്കും ഒരുപാട് പ്രതീക്ഷയാണ് മുന്നിലുള്ളത്.
ലോകകപ്പിന് മുന്നോടിയായി ഉള്ള നിര്‍ണായക പരമ്പരയില്‍ തന്റെ മിന്നും ഫോം ആളിക്കത്തിച്ച് സഞ്ജു ഏവരുടെയും ഹൃദയം കീഴടക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മാത്രമല്ല ആഭ്യന്തര ടൂര്‍ണമെന്റ് ആയ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. സ്ഥിരതയും പ്രകടനവും മെച്ചപ്പെടുത്താന്‍ സഞ്ജുവിനെ ടൂര്‍ണമെന്റ് സഹായിക്കും.
അതേസമയം സൗത്ത് ആഫ്രിക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു 22 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് അടിച്ചെടുത്തിരുന്നു. 168.18 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. പരമ്പരയില്‍ ഉടനീളം വൈസ് ക്യാപ്റ്റന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നേടിയ റണ്‍സാണ് സഞ്ജു ലഭിച്ച ഒറ്റ മത്സരത്തില്‍ നിന്നും മറികടന്നത്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
Content Highlight: The fifth T20I against New Zealand in January 2026 will be held at the Thiruvananthapuram Cricket Stadium, with Sanju Samson in the squad