| Wednesday, 11th November 2026, 9:18 am

ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹം: മരണങ്ങള്‍ യാദൃശ്ചികമല്ല: കങ്കണ

നിഷാന. വി.വി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമയി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്ന് വന്നത് ദൂരുഹമാണെന്ന് കങ്കണ പറഞ്ഞു. തന്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

ഇന്ദിരാ ഗാന്ധിയും സജ്ഞയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ലെന്നും അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം വിദേശ വനിതയായ സോണിയയിലേക്ക് എത്തുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു.

സഞ്ജയ് ഗാന്ധിയുടെ മരണത്തിന് തൊട്ടടുത്തുള്ള കാലഘട്ടത്തിലെന്ന് കരുതുന്ന ഒരു പഴയ കുടുംബ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെയും ഗാന്ധി കുടുംബത്തിലെ ചരിത്രങ്ങളെയും കുറിച്ച് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിങ്: എ ജേര്‍ണി ഓഫ് ലവ്’ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും ചര്‍ച്ചയായത്.
ഈ ദൃശ്യങ്ങളില്‍, ഒപ്പമുണ്ടായിരുന്നിട്ടും കുടുംബത്തിലെ മറ്റ് ആഘോഷങ്ങളില്‍ നിന്നോ കൂട്ടായ്മകളില്‍ നിന്നോ അകറ്റി നിര്‍ത്തപ്പെട്ട രീതിയിലാണ് മനേക ഗാന്ധി കാണപ്പെട്ടതെന്ന് കങ്കണ വാദിച്ചു.

അമ്മായിയമ്മയായ ഇന്ദിരാഗാന്ധിയില്‍ നിന്ന് ഒരു ചെറിയ നോട്ടമോ ആശ്വാസമോ ലഭിക്കാന്‍ മനേക പ്രതീക്ഷയോടെ നോക്കിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും, പിന്നീട് അവരെ ആ കുടുംബത്തില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായതെന്നും കങ്കണ കുറിപ്പില്‍ പറയുന്നു.

കുടുംബത്തിലെ അംഗങ്ങളുടെ മരണങ്ങള്‍ക്ക് ശേഷം എല്ലാ അധികാരങ്ങളും കൈക്കലാക്കി സോണിയാ ഗാന്ധി രാജ്യത്തിന്റെ ഭരണത്തിന്റെ തലപ്പത്തേക്ക് എത്തിയത് തികച്ചും യാദൃശ്ചികമല്ലെന്നും കങ്കണ പരിഹസിച്ചു.

‘ദൃശ്യത്തിന്റെ അവസാനത്തില്‍ എല്ലാവരും അവിടെനിന്ന് പോകുമ്പോഴും, മേനക മാത്രം അവിടെത്തന്നെ നില്‍ക്കുന്നു. ആശ്വാസം തേടുന്ന, മുറിവേറ്റ ഒരു കൊച്ചു കുട്ടിയെപ്പോലെ അവര്‍ ഇന്ദിര ഗാന്ധിയെ നോക്കുന്നു, ഒരുപക്ഷേ, ഒരു ചെറിയ പുഞ്ചിരിയോ അല്ലെങ്കില്‍ തന്നിലേക്ക് നീളുന്ന ഒരു നോട്ടമോ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം,’ ബി.ജെ.പി നേതാവ് കുറിച്ചു.

സോണിയ ഗാന്ധി എങ്ങനെയാണ് ഗാന്ധി കുടുംബവുമായി ഇത്രയധികം അടുത്തുചേര്‍ന്നത് എന്നും അവര്‍ ചോദിച്ചു. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണത്തെയാണ് സോണിയയെ സംശയത്തിന്റ്‌റെ നിഴലില്‍ നിര്‍ത്താന്‍ കങ്കണ ഉപയോഗിക്കുന്നത്. ഈ സംഭവങ്ങളാണ് കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിക്ക് പിന്നീട് പ്രാധാന്യം ലഭിക്കുന്നതിന് വഴിയൊരുക്കിയതെന്ന് അവര്‍ പറഞ്ഞു.

‘ഒരു വിദേശ വനിത തികച്ചും രഹസ്യസ്വഭാവത്തോടെ ഗാന്ധി കുടുംബത്തിലേക്ക് കടന്നുവരുന്നു. പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് വരാന്‍ സാധ്യതയുണ്ടായിരുന്ന സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നു. ഇതോടെ കുടുംബത്തിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയായി സഹതാപ തരംഗത്തിലൂടെ ഒരേയൊരു വ്യക്തി മാത്രം അവശേഷിക്കുന്നു; അത് സോണിയാ ഗാന്ധിയാണ്. ഇതെല്ലാം വെറും യാദൃശ്ചികതകള്‍ മാത്രമാണെന്ന് വിശ്വസിക്കാനാകില്ല,’

എന്നാല്‍ കങ്കണയുടെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോണിയാ ഗാന്ധിയുടെ പുസ്തകം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പി നടത്തുന്ന ആസൂത്രിത വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് കങ്കണയുടെ ആരോപണങ്ങള്‍.

Content Highlight: The entry of a foreign woman into the Gandhi family is mysterious; the deaths are not coincidental: Kangana

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more