| Wednesday, 18th November 2026, 5:09 pm

ബെൻസ് കാറും ഫസ്റ്റ് എ.സിയും കണ്ട് അസ്വസ്ഥരാകുന്നത് ആര്? ജസ്റ്റിസ് സ്വാമിനാഥന്റെ പരാമർശങ്ങൾക്ക് പിന്നിലെ വരേണ്യ ബോധം

ശ്രീലക്ഷ്മി പി.പി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ഇപ്പോൾ ചർച്ചചെയ്യാകുന്നത് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും സി.പി.ഐ.എം മധുര എം.പിയും പ്രശസ്ത എഴുത്തുകാരനുമായ സു. വെങ്കിടേശനും തമ്മിലുള്ള രൂക്ഷമായ വാക്പോരാണ്.

ഒറ്റനോട്ടത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയുടെ ജീവിതശൈലിയെയും ആദർശങ്ങളെയും കുറിച്ചുള്ള തർക്കമായി തോന്നാമെങ്കിലും, അതിനുള്ളിൽ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി രാഷ്ട്രീയവും വരേണ്യ ബോധ്യവും ഈ വിവാദത്തിൽ പ്രകടമാണ്.

മെഴ്‌സിഡസ് ബെൻസ് കാറിൽ സഞ്ചരിക്കുന്നതിനും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നതിനും ഫസ്റ്റ് എ.സിയിൽ യാത്ര ചെയ്യുന്നതിനും സി.പി.ഐ.എം എം.പിയും സാഹിത്യകാരനുമായ സു. വെങ്കിടേശനെ വ്യക്തിപരമായി പരിഹസിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ നടപടി ജുഡീഷ്യറിയുടെ അന്തസിന് നിരക്കാത്തതും ജാതി-വർണ ബോധത്തിന്റെ പ്രതിഫലനവുമാണെന്ന രൂക്ഷവിമർശനമാണ് ഉയരുന്നത്.

തമിഴ്‌നാട്ടിലെ പൊതുവായനശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ ഈ അതിരുവിട്ട പരാമർശങ്ങൾ. കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വാങ്ങിയതിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ ജസ്റ്റിസ് സ്വാമിനാഥൻ സംസാരിച്ചിരുന്നു.

അഴിമതി ആരോപണത്തെത്തുടർന്ന് പുസ്തകങ്ങൾ മാറ്റിയ ഒഴിഞ്ഞ അലമാരകളിൽ അന്തരിച്ച കാഞ്ചി ശങ്കരാചാര്യരുടെ ആത്മീയ പുസ്തകങ്ങൾ വെക്കാമെന്നും, അത് തെറ്റിനുള്ള പ്രായശ്ചിത്തമാകുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ഇതിനെതിരെ പ്രതികരിച്ച സു. വെങ്കിടേശൻ, പുസ്തകങ്ങൾ വാങ്ങുന്നതിലെ ക്രമക്കേട് അഴിമതിയാണെന്നും അതിന് നിയമപ്രകാരം ശിക്ഷ വിധിക്കുകയാണ് ജഡ്ജിയുടെ ഉത്തരവാദിത്തമെന്നും, പാപങ്ങൾക്ക് പ്രായശ്ചിത്തം നിർദേശിക്കുന്നത് ജ്യോതിഷികളുടെ പണിയാണെന്നും വിമർശിച്ചു. തുടർന്നാണ് വിമർശനങ്ങൾക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്.

ആറ് മാസം മുൻപ് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ച് പാണ്ഡ്യൻ എക്സ്പ്രസിൽ കയറാൻ എത്തിയ വെങ്കിടേശനെ കണ്ട കാര്യം ഓർത്തെടുത്ത ജഡ്ജി, വിലകൂടിയ മെഴ്‌സിഡസ് ബെൻസ് കാറിലാണ് എം.പി എത്തിയതെന്നും ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുമാണ് ധരിച്ചിരുന്നതെന്നും പരിഹസിച്ചു.

ആദ്യം ഏതോ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ആണെന്നാണ് താൻ കരുതിയതെന്നും, സ്വയം കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ഒരാൾക്ക് പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഇത്തരമൊരു ആഡംബര ജീവിതം നയിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

എം.പി ഫസ്റ്റ് എ.സിയിലാണ് യാത്ര ചെയ്തതെന്നും താൻ സാധാരണയായി സ്ലീപ്പർ ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

എന്നാൽ, തനിക്ക് ഇതുവരെ സ്വന്തമായി ഒരു കാർ ഉണ്ടായിട്ടില്ലെന്നും അന്ന് സ്റ്റേഷനിൽ എത്തിയ ബെൻസ് കാർ മറ്റൊരാൾ ലിഫ്റ്റ് തന്നതാണെന്നും വ്യക്തമാക്കിയ സു. വെങ്കിടേശൻ, പാർലമെന്റ് അംഗങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കുന്ന യാത്രാ ആനുകൂല്യമാണ് ഫസ്റ്റ് എ.സി യാത്രയെന്നും തിരിച്ച് മറുപടി നൽകി.

പിന്നോക്ക സമുദായത്തിൽ നിന്ന് വന്ന് സാഹിത്യ അക്കാദമി അവാർഡ് നേടുകയും ജനപ്രതിനിധിയാവുകയും ചെയ്ത സു. വെങ്കിടേശൻ മികച്ച വസ്ത്രം ധരിക്കുന്നതും എ.സിയിൽ യാത്ര ചെയ്യുന്നതും ജഡ്ജിയിലെ സവർണ-ജാതി ബോധത്തെ അസ്വസ്ഥമാക്കിയതുകൊണ്ടാണ് ഇത്തരം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതെന്ന് ദ്രാവിഡ-ഇടതുപക്ഷ നിരീക്ഷകർ വിമർശിക്കുന്നു.

ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ തന്റെ പദവിക്ക് നിരക്കാത്ത രീതിയിൽ പക്ഷപാതപരമായ പരാമർശങ്ങൾ നടത്തുന്നതും വിവാദങ്ങളിൽ അകപ്പെടുന്നതും ഇത് ആദ്യമായല്ല.

തിരുപ്രങ്കുണ്ട്രം കാർത്തിക ദീപം വിവാദവും ഇംപീച്ച്‌മെന്റ് നീക്കവും

മധുരയിലെ തിരുപ്പറങ്കുണ്ട്രം മലയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദർ ബാദുഷാ ദർഗയും സ്ഥിതി ചെയ്യുന്നുണ്ട്. വർഷങ്ങളായി മതസൗഹാർദ്ദത്തോടെ നിലനിൽക്കുന്ന ഈ പ്രദേശത്ത്, മലമുകളിലെ ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചു.

ഈ ഹരജി പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥൻ ഹരജിക്കാർക്ക് അനുകൂലമായി ഉത്തരവുകൾ പുറപ്പെടുവിക്കുകയും, വിധിന്യായത്തിനിടെ മതേതരത്വത്തിനും ജുഡീഷ്യൽ നിഷ്പക്ഷതയ്ക്കും നിരക്കാത്ത നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തുവെന്ന് ഭരണകക്ഷിയായ ഡി.എം.കെയും ദ്രാവിഡ-ഇടതുപക്ഷ സംഘടനകളും ആരോപിച്ചു.

ജഡ്ജിയുടെ ഇത്തരം നിലപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടി ഡി.എം.കെ, കോൺഗ്രസ്, സി.പി.ഐ.എം തുടങ്ങിയ ഇന്ത്യാ മുന്നണിയിലെ എം.പിമാർ ജസ്റ്റിസ് സ്വാമിനാഥനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് (Impeachment) ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ അഭാവവും സാങ്കേതിക കാരണങ്ങളും മൂലം ഈ നീക്കം മുന്നോട്ട് പോയില്ല.

വാഹനാപകട കേസിലെ ‘ഉന്നതമായ കുടുംബസ്നേഹം’ പരാമർശം

അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രാഹ്മണ യുവാവ് നാട്ടിൽ അവധിക്ക് വന്നപ്പോൾ അലക്ഷ്യമായി കാറോടിച്ച് ഒരാൾ മരിക്കാനിടയായ സംഭവമായിരുന്നു ഇത്.

അപകടം നടന്നയുടൻ, കാർ ഓടിച്ചിരുന്നത് താനാണെന്ന് യുവാവിന്റെ സഹോദരി പൊലീസിന് വ്യാജമൊഴി നൽകുകയും കുറ്റം ഏറ്റെടുക്കുകയും ചെയ്തു. സഹോദരന്റെ വിദേശത്തെ ജോലിയും ഭാവിയും നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് സഹോദരി നിയമത്തെ തെറ്റിദ്ധരിപ്പിച്ചത്.

ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കേസിൽ യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ കള്ളമൊഴി നൽകിയ സഹോദരിയുടെ പ്രവൃത്തിയെ ശിക്ഷിക്കുന്നതിനോ വിമർശിക്കുന്നതിനോ പകരം ജസ്റ്റിസ് സ്വാമിനാഥൻ അതിനെ മഹത്വവത്ക്കരിക്കുകയാണ് ചെയ്തത്.

സഹോദരന്റെ ഭാവി സംരക്ഷിക്കാൻ സഹോദരി നടത്തിയ ആ പ്രവൃത്തി ‘ഉന്നതമായ കുടുംബസ്നേഹത്തിന്റെ’ ലക്ഷണമാണെന്ന് അദ്ദേഹം വിധിന്യായത്തിൽ നിരീക്ഷിച്ചു.

നിയമത്തെ കബളിപ്പിച്ച പ്രവൃത്തിയെ കോടതി തന്നെ ന്യായീകരിച്ചത് വലിയ നിയമവിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിയുടെ സവർണ പശ്ചാത്തലമാണ് ഇത്തരമൊരു മൃദുസമീപനത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചതെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു.

ക്രിമിനൽ കേസുകളിലെ ജാതി പരാമർശവും കോടതിമുറിയിലെ വിവേചനവും

ഒരു ക്രിമിനൽ കേസിൽ പ്രതിയുടെ ജാതി (ബ്രാഹ്മണൻ) പരിഗണിച്ച്, ആ സമുദായത്തിൽപ്പെട്ട ഒരാൾ ഇത്തരമൊരു കുറ്റം ചെയ്യാൻ സാധ്യതയില്ലെന്ന തരത്തിൽ ജസ്റ്റിസ് സ്വാമിനാഥൻ കോടതിയിൽ അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു.

കുറ്റകൃത്യങ്ങളെ വ്യക്തിയുടെ ജാതിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേർന്നതല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതിയിൽ പ്രത്യേക സമുദായത്തിൽപ്പെട്ട അഭിഭാഷകർക്ക് ജസ്റ്റിസ് സ്വാമിനാഥൻ കൂടുതൽ പരിഗണന നൽകുന്നുവെന്നും, ദളിത്-ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട അഭിഭാഷകരോട് പക്ഷപാതപരമായും അപമാനകരമായും പെരുമാറുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

ഈ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷക സംഘടനകൾ ജസ്റ്റിസ് സ്വാമിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഔദ്യോഗികമായി നിവേദനങ്ങളും പരാതികളും നൽകിയിരുന്നു.

ചുരുക്കത്തിൽ, കോടതിമുറിയിൽ മുഴങ്ങിയ ഈ വാക്കുകൾ കേവലം ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെയോ യാത്രയെയോ കുറിച്ചുള്ള നിഷ്കളങ്കമായ നിരീക്ഷണങ്ങളല്ല.

മറിച്ച്, ഭരണഘടന നൽകുന്ന തുല്യതയിലൂടെ അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരുന്ന പിന്നോക്ക ജനവിഭാഗങ്ങളെ കണ്ട് അസ്വസ്ഥരാകുന്ന വരേണ്യ ബോധവും, സാമൂഹിക നീതിക്കായി നിലകൊള്ളുന്ന ദ്രാവിഡ-ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലുള്ള ആശയപോരാട്ടമാണ്.

Content Highlight:The elitist mindset behind Justice Swaminathan’s remarks.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more