ചെന്നൈ: തമിഴ്‌നാട്ടില്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നടനും പാര്‍ട്ടി തലവനുമായ വിജയ്‌യെ തെരഞ്ഞെടുത്തു. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് തീരുമാനം.
അതേസമയം, തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി.എം.കെ ആയിരിക്കും തങ്ങളുടെ മുഖ്യ രാഷ്ട്രീയ എതിരാളികളെന്ന് വിജയ് പ്രതികരിച്ചു.
അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും ടി.വി.കെയും തമ്മിലായിരിക്കും പോരാട്ടം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന പോരാട്ടം ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലായിരിക്കും. മത്സരം കൂടുതല്‍ കടുത്തതാകുമെങ്കിലും ടി.വി.കെയ്ക്ക് 100 ശതമാനം വിജയം നേടാനാകുമെന്നും വിജയ് മാധ്യമങ്ങളോട് പറഞ്ഞു. ടി.വി.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിജയ്.
കരൂര്‍ ദുരന്തം തന്റെ പാര്‍ട്ടിക്കും തനിക്കും നിര്‍വചിക്കാനാകാത്ത വേദനയാണ് സമ്മാനിച്ചതെന്ന് വിജയ് പറഞ്ഞു. ‘തനിക്കേറെ പ്രിയപ്പെട്ടവരും ഏറ്റവും അടുപ്പമുള്ളവരുമാണ് മരണപ്പെട്ടത്.
കരൂരില്‍ തിക്കിലും തിരക്കിലുമുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഏകാംഗ കമ്മീഷനെ നിയമിച്ചു. ഇതിനെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്’, വിജയ് പറഞ്ഞു.
ടി.വി.കെ നേരിടുന്ന തടസങ്ങള്‍ താത്ക്കാലികമാണ്. അവയെ തകര്‍ക്കാനാകും. ദൈവവും പ്രകൃതിയും മനുഷ്യരൂപത്തില്‍ നമ്മോടൊപ്പം നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് നമ്മളെ തടയാനാവുകയെന്നും വിജയ് ചോദിച്ചു.
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ട 41 പേര്‍ക്ക് ആദരവ് അര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിച്ചാണ് പാര്‍ട്ടിയുടെ പ്രത്യേക ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. യോഗത്തില്‍ 12 പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി.
തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സഖ്യവുമായി സഹകരിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള അധികാരം വിജയ്ക്കാകുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് ആയിരിക്കുമെന്നും ഉള്‍പ്പെടെയുള്ള പ്രമേയങ്ങളാണ് പാസാക്കിയത്.
Content Highlight: The election fight in Tamil Nadu 2026 will be between TVK and DMK: Vijay