| Thursday, 15th October 2026, 3:41 pm

വിദ്യാഭ്യാസ മന്ത്രി പച്ചക്കള്ളം പറയുന്നു; എല്ലാം മുഖ്യമന്ത്രി തീരുമാനിക്കാനാണെങ്കിൽ ആ വകുപ്പ് കൂടി അദ്ദേഹം ഭരിക്കട്ടെ: എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെതിരെ അതിരൂക്ഷ വിമർശനവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ.

മന്ത്രി തങ്ങളുടെ മുഖത്ത് നോക്കി പച്ചക്കള്ളം പറയുകയാണെന്നും സമ്മർദ്ദത്തിലാക്കി സമരം ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി.

വോട്ട് നൽകി ഭരണത്തിൽ കൊണ്ടുവന്നവരെ താഴെ ഇറക്കാനും തങ്ങൾക്ക് അറിയാമെന്ന് ഉദ്യോഗാർത്ഥി പ്രതിനിധി വളർമതി പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർ സമര പരിപാടികൾ തീരുമാനിക്കുമെന്നും അവർ അറിയിച്ചു.

മുമ്പ് നടന്ന ചർച്ചയിൽ അനുകൂലിച്ച കാര്യങ്ങൾ പോലും ഇപ്പോൾ അംഗീകരിച്ചിട്ടില്ലെന്ന നിലപാടാണ് ഇന്നലെ മന്ത്രി സ്വീകരിച്ചതെന്നും ഇവർ പറയുന്നു. മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്ന മന്ത്രി, ഇത്തരം കാര്യങ്ങൾ അംഗീകരിക്കണമെങ്കിൽ മുഖ്യമന്ത്രിയെ കാണൂ, തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ്. എല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെങ്കിൽ വകുപ്പ് മന്ത്രിമാർ എന്തിനാണെന്നും, ആ വകുപ്പുകൾ കൂടി മുഖ്യമന്ത്രി തന്നെ നോക്കിയാൽ പോരെ എന്നും ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.

‘ വിദ്യാഭ്യാസ മന്ത്രി നമ്മളോട് പറഞ്ഞത് നമ്മൾ ഒരു തീരുമാനവും ഇല്ലാതെയാണല്ലോ എഴുന്നേറ്റുപോയത് എന്നാണ്. ചർച്ച വിജയമായിരുന്നു എന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്? എങ്ങനെയാണ് നിങ്ങൾക്ക് അപ്പപ്പോൾ ഇങ്ങനെ അഭിപ്രായങ്ങൾ മാറ്റാൻ കഴിയുന്നത്? എങ്ങനെയാണ് ഇങ്ങനെ പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത്? മന്ത്രി ഇപ്പോൾ പറയുന്നു, ഇതൊന്നും തന്റെ കയ്യിലല്ല, മുഖ്യമന്ത്രിയെ കാണൂ എന്ന്. മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരമാണ് നിങ്ങൾ എല്ലാം നടത്തുന്നത് എന്നുണ്ടെങ്കിൽ ആ വകുപ്പുകൂടി മുഖ്യമന്ത്രിക്ക് തന്നെ കൈകാര്യം ചെയ്താൽ പോരായിരുന്നോ?’ വളർമതി ചോദിച്ചു.

‘ഞങ്ങൾ ഞങ്ങളുടെ ജോലി എന്ന സ്വപ്നം നേടാതെ, ഞങ്ങളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ, ഏത് രീതിയിൽ നടത്താൻ പറ്റുമോ ആ രീതിയിലുള്ള നിയമനങ്ങൾ നടത്താതെ ഇവിടെനിന്ന് എഴുന്നേറ്റുപോവില്ല. നിങ്ങൾക്ക് വോട്ട് കുത്തി നിങ്ങളെ അധികാരത്തിൽ കയറ്റിയത് ഞങ്ങളീ സാധാരണക്കാരായ ജനങ്ങൾ ആണെങ്കിൽ നിങ്ങളെ താഴെ ഇറക്കാനും ഞങ്ങൾക്ക് അറിയാം എന്നുള്ള കാര്യം കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെ നമ്മൾ ഇന്ന് കാണും. അദ്ദേഹത്തിന്റെ നിലപാടും കൂടെ അറിഞ്ഞ ശേഷം ഏത് രീതിയിലുള്ള സമരമാണ് ഇനി മുന്നോട്ട് കൊണ്ടുപോകുന്നത് എന്നുള്ളത് ആലോചിച്ച് തീരുമാനിക്കും’ അവർ പറഞ്ഞു.

കല്ലു തിന്നും മണ്ണു തിന്നും പുല്ലു തിന്നുമൊക്കെ കഴിഞ്ഞ 102 ദിവസമായി എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. എന്നാൽ ഒരു തരത്തിലുള്ള അനുകൂല നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സമരത്തിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി ഇവർ നിയമസഭയിലേക്ക് മാർച്ച് നടത്തുകയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തിരുന്നു. എന്നിട്ടും സർക്കാർ ഒരു തരത്തിലും ഇവരുടെ സമരത്തെ പരിഗണിക്കാനോ ചർച്ച നടത്തുവാനോ തയ്യാറാവില്ലയെന്ന് അവർ പറഞ്ഞു.

ഇതേത്തുടർന്നാണ് സമരത്തിന്റെ 101-ാം ദിവസമായ ഇന്നലെ ഉദ്യോഗാർത്ഥികൾ നേരിട്ടുപോയി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ കണ്ടത്. എന്നാൽ മന്ത്രി മുൻപ് പറഞ്ഞ നിലപാടുകളിൽ നിന്നെല്ലാം പിന്നോട്ടുപോയിരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

ആദ്യഘട്ടത്തിൽ നടന്ന ചർച്ചകളിൽ ഇവർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ചിലതൊക്കെ അംഗീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായതാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകുമെന്നും ജോലിയിൽ പ്രവേശിക്കുന്നവർക്ക് കൃത്യമായ സംരക്ഷണം നൽകുമെന്നുമടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചിരുനാഥായി അവർ പറഞ്ഞു.

എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക എന്ന പ്രധാന ആവശ്യത്തിൽ തീരുമാനമായിരുന്നില്ല. നിലവിൽ 1:30 (30 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ) എന്നതാണ് നിലവിലെ അനുപാതം.

ഇത് 1:25 എന്ന തോതിലേക്ക് മാറ്റണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എങ്കിൽ മാത്രമേ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കൂ എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല.

ഇന്ന് വൈകുന്നേരം നിയമസഭാ സമ്മേളനം കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രിയെ കാണാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അടുത്ത ഘട്ട സമരപരിപാടികൾ തീരുമാനിക്കുക. പല തരത്തിലുള്ള സമരമുറകൾ പ്രയോഗിച്ചിട്ടും കൂടുതൽ ആളുകൾക്ക് നിയമനം ലഭിക്കുന്നില്ല എന്നതാണ് ഇവരുടെ പരാതി. എല്ലാ ജില്ലകളിലെയും ലിസ്റ്റ് പരിശോധിച്ചാൽ സപ്ലിമെന്ററി ലിസ്റ്റ് ഉൾപ്പെടെ വലിയൊരു നിര ഉദ്യോഗാർത്ഥികൾ കാത്തിരിപ്പിലാണ്. പല ജില്ലകളിലും ഒന്നാം റാങ്കിലുള്ള ആളുകൾക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. മുൻ സർക്കാരിന്റെ കാലം മുതൽ സമരം ചെയ്യുന്നവരാണ് ഇവർ. അന്ന് സമരത്തിനൊപ്പം നിന്നവരാണ് ഇപ്പോൾ ഭരണം നടത്തുന്നത്. എന്നാൽ ഭരണത്തിലേക്ക് വന്നപ്പോൾ തങ്ങളെ കാണാനോ ആവശ്യങ്ങൾ പരിഗണിക്കാനോ തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആക്ഷേപം.

Content Highlight:The Education Minister is telling blatant lies; if the Chief Minister is the one to decide everything, he might as well take charge of that department too: LPST candidates.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more