| Saturday, 28th November 2026, 7:12 pm

മാധ്യമത്തിന്റെ പ്രിന്റിങ്‌ തടസപ്പെട്ടെന്ന് എഡിറ്റർ; തടസപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നെന്നും പ്രചരണം വ്യാജമെന്നും തൊഴിലാളികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒമ്പത് മാസത്തെ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് മാധ്യമം പത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഗുണ്ടകളെയും പൊലീസിനെയും വെച്ച് തകർക്കാൻ മാനേജ്‍മെന്റ് ശ്രമിക്കുകയാണെന്ന് പത്രപ്രവർത്തക സംഘടനകളായ കെ. യു. ഡബ്ല്യു. ജെയും കെ. എൻ. ഇ. എഫും. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.

മാധ്യമത്തിന്റെ പ്രിന്റിങ്‌ തടസപ്പെട്ടെന്ന് പത്രത്തിന്റെ എഡിറ്റർ വിശിദീകരിച്ചു. എന്നാൽ പ്രിന്റിങ് തടസപ്പെടുത്തില്ലെന്ന് തൊഴിലാളികൾ ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി എത്തിയ നാട്ടുകാരെ നേരിടാൻ മാനേജ്‌മന്റ് ഗുണ്ടകളെ ഇറക്കി പ്രകോപനമുണ്ടാക്കിയെന്നും സമാധാനപരമായി സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നും നേതാക്കൾ പറഞ്ഞു.

പത്രത്തിന്റെ അച്ചടിയോ വിതരണമോ തടസപ്പെടുത്തില്ലെന്ന് തൊഴിലാളികൾ ഉറപ്പ് നൽകിയിരുന്നെന്നും പ്രധാന കവാടത്തിലെ തടസങ്ങൾ നീക്കിയെന്ന് പൊലീസിൽ അറിയിച്ചിട്ടും ഒന്നരമണിക്കൂറിന് ശേഷം പത്രം മറ്റൊരു പ്രസിൽ അച്ചടിക്കാനായിരുന്നു മാനേജ്‍മെന്റിന്റെ തീരുമാനമെന്നും അവർ പറഞ്ഞു.

ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് പത്രം അച്ചടിക്കുന്നത് നിർത്തിവെക്കുകയും അതിന്റെ കുറ്റം തൊഴിലാളികളുടെ തലയിൽ കെട്ടിവെച്ച് അവർക്കെതിരെ സൈബർ ആക്രമണം നടത്താനാണ് മാനേജ്മെന്റിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ അവകാശത്തെ പുറത്തുനിന്നുള്ള സ്വാധീനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വഴങ്ങാതെ, മനുഷ്യത്വപരമായി ചിന്തിച്ച് തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ്, എം. ഫിറോസ്ഖാൻ, മാധ്യമം യൂണിയൻ ഭാരവാഹികളായ എം. സുൽഹഫ്, ടി. നിഷാദ്, ഹാരിസ് വേങ്ങേരി, എം. കുഞ്ഞാപ്പ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം പത്രത്തിന്റെ അച്ചടി മുടങ്ങിയെന്നും സമരക്കാരുടെ ഉപരോധവും പ്രതിഷേധവുമാണ് ഇതിന് കാരണമെന്നും മാധ്യമത്തിന്റെ എഡിറ്റർ ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു.

Content Highlight: The editor states that the printing of the media outlet has been disrupted; workers claim that the the allegations as false.

Latest Stories

We use cookies to give you the best possible experience. Learn more