| Monday, 12th January 2026, 5:59 pm

'70000ലേറെ മനുഷ്യരെ വംശഹത്യ നടത്തിയ യുദ്ധക്കുറ്റവാളി'; മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പകച്ച് നെതന്യാഹു

രാഗേന്ദു. പി.ആര്‍

ജെറുസലേം: ഗസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരുങ്ങി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സാനി മിന്റണ്‍ ബെഡോസും ഡെപ്യൂട്ടി എഡിറ്റര്‍ എഡ്വേര്‍ഡ് കാറുമായി നടത്തിയ അഭിമുഖത്തിലാണ് നെതന്യാഹു മറുപടി പറയാന്‍ കഴിയാതെ കുഴഞ്ഞത്.

സാനി മിന്റണ്‍ ബെഡോസ്

ഇസ്രഈല്‍ സ്വന്തം സൈന്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും സിവിലിയന്മാരെ കൊന്നൊടുക്കുകയാണെന്നും ലോകമെമ്പാടും വിമര്‍ശനമുണ്ടല്ലോ എന്ന സാനി മിന്റണിന്റെ ചോദ്യമാണ് നെതന്യാഹുവിനെ കുഴപ്പിച്ചത്.

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 70,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാനിയുടെ ചോദ്യം.

എന്നാല്‍ തങ്ങള്‍ സ്വയം പ്രതിരോധിക്കുകയാണെന്ന ബാലിശമായ മറുപടിയാണ് നെതന്യാഹു നൽകിയത്. ഈ പ്രതിരോധത്തിലൂടെ പാശ്ചാത്യ നാഗരികതയെ കൂടിയാണ് ഇസ്രഈല്‍ സംരക്ഷിക്കുന്നതെന്നും ഹമാസ് തോക്കുകള്‍ ഉപയോഗിച്ച് ജനങ്ങളെ നഗരങ്ങളില്‍ തങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന പൊള്ളയായ വാദവും നെതന്യാഹു ഉന്നയിച്ചു.

ബെഞ്ചമിന്‍ നെതന്യാഹു

രണ്ടാം ലോകമഹായുദ്ധം മുതല്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട പോരാളികളും അല്ലാത്തവരും തമ്മിലുള്ള അനുപാതം 6:1 അല്ലെങ്കില്‍ 7:1 ആയിരുന്നു. എന്നാല്‍ ഗസയില്‍ ഇത് ഏകദേശം ഒന്നരയ്ക്ക് ഒന്ന് (1.5:1) എന്ന നിലയിലാണ്. ഇത് ലോകത്തില്‍ തന്നെ ഏറ്റവും സാന്ദ്രതയേറിയ നഗരത്തിലെ യുദ്ധമാണെന്ന വാദവും നെതന്യാഹു നിരത്തി.

ഗസയിലെ വീടുകള്‍ക്ക് താഴെ 500 കിലോമീറ്ററോളം നീളമുള്ള തുരങ്കങ്ങളുണ്ടെന്നും നെതന്യാഹു ആരോപിച്ചു. എന്നാല്‍ തങ്ങള്‍ അവിടെ കാര്‍പെറ്റ് ബോംബിങ് നടത്താന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ആളുകളെ അവിടെ നിന്നും മാറ്റുകയാണ് ചെയ്തത്. കാര്‍പെറ്റ് ബോബിങ് നടത്താത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ഒട്ടനേകം സൈനികരെ നഷ്ടപ്പെട്ടതെന്നും നെതന്യാഹു ന്യായീകരിച്ചു.

അതേസമയം ഒരു മുന്നറിയിപ്പും കൂടാതെയാണ് ഗസയിലെ പല ഭാഗങ്ങളിലും ഇസ്രഈല്‍ ഷെല്ലാക്രമണവും ബോംബാക്രമണവും നടത്തിയത്. മാത്രമല്ല, തറയ്ക്ക് താഴെ തുരങ്കങ്ങളുണ്ടെന്ന വാദമുയര്‍ത്തി ഗസയിലെ ആശുപത്രികള്‍ ഇസ്രഈല്‍ ഒന്നൊന്നായി ബോംബിട്ട് തകര്‍ക്കുകയും ചെയ്തിരുന്നു.

യു.എന്നിന്റേത് ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധരെ തെരഞ്ഞുപിടിച്ച് കൊന്നതും ഡോക്ടര്‍മാരെ തട്ടിക്കൊണ്ടുപോയതും ഇതേ ഇസ്രഈല്‍ തന്നെയാണ്.

ലോകത്തിന്റെ പൊതുവികാരം തന്നെ ഇസ്രഈലിന് എതിരാണെന്നും നിങ്ങള്‍ക്കുമേല്‍ യുദ്ധക്കുറ്റം ആരോപിക്കപ്പെടുന്നുണ്ടെന്നും സാനി മിന്റണ്‍ നെതന്യാഹുവിനോട് പറഞ്ഞു. ഇതിനോട് രാഷ്ട്രീയ അധികാരം വരുന്നത് പൊതുജനങ്ങളുടെ തീരുമാനം അനുസരിച്ചാണെന്ന് തനിക്കറിയാമെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

ഇസ്രഈല്‍ ഒരു ലിബറല്‍ ജനാധിപത്യ രാജ്യത്തിന് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്ന വാദം താന്‍ തള്ളിക്കളയുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഐ.ഡി.എഫ് നേരിട്ടത് ക്രൂരന്മാരായ കൊലയാളികളെയാണെന്നും നെതന്യാഹു ആരോപിച്ചു.

ഹമാസ് തങ്ങളുടെ രാജ്യത്തെ പുരുഷന്മാരുടെ തലയറുത്തുവെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും കുഞ്ഞുങ്ങളെ ജീവനോടെ ദഹിപ്പിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു. 255 ഇസ്രഈലികളെ ബന്ദിച്ച ഹമാസിന്റെ കിരാത നടപടിക്കെതിരെയാണ് ഇസ്രഈല്‍ പോരാടുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഫലസ്തീൻ പതാക കയ്യിലേന്തിയും കഫിയ ധരിച്ചും ഇസ്രഈലിനെതിരെ പ്രതിഷേധിക്കുന്നവർ

ഹമാസിനുവേണ്ടി പ്രകടനം നടത്തുന്നവര്‍ ഇസ്രഈലിന്റെയും ബ്രിട്ടന്റെയും അമേരിക്കയുടെയും പതാകകളാണ് കത്തിക്കുന്നതെന്നും നെതന്യാഹു പ്രതികരിച്ചു.

എന്നാല്‍ ഇസ്രഈലിനെ അനുകൂലിക്കുന്ന ആളുകള്‍ അവരുടെ രാജ്യങ്ങളുടെ പതാകകകളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇസ്രഈല്‍ നടത്തുന്നത് കേവലം ഒരു രാജ്യത്തിന്റെ യുദ്ധമല്ല. മറിച്ച് ജനാധിപത്യത്തെയും ക്രിസ്ത്യാനികളെയും നാഗരികതയെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള ആഗോള പോരാട്ടമാണെന്നുമാണ് നെതന്യാഹു അവകാശപ്പെടുന്നത്.

എന്നാൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും അടക്കം 70,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയതില്‍ നെതന്യാഹുവിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്നില്ല.

ഗര്‍ഭിണിയായ സ്ത്രീകളെ ഉള്‍പ്പെടെയാണ് ഇസ്രഈല്‍ സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇസ്രഈലിന്റെ അതിരുവിട്ട ആക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അനാഥരായി. വിട്ടുമാറാത്ത രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അടിമയായി. കൈയും കാലും നഷ്ടപ്പെട്ടവരായി. കുടിയിറക്കപ്പെട്ടവരയി. സ്വത്വവും ജന്മനാടും ഇല്ലാത്തവരായി. ഇതിലൊന്നും പ്രതികരിക്കാൻ നെതന്യാഹു തയ്യാറാകുന്നില്ല.

അതേസമയം സാനി മിന്റണുമായുള്ള നെതന്യാഹുവിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മിന്റണ്‍ ഓരോ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴും അതില്‍ അസ്വസ്ഥതപ്പെടുന്ന നെതന്യാഹുവിനെയാണ് അഭിമുഖത്തില്‍ കാണാനാകുന്നത്.

നെതന്യാഹുവിന്റെ മുഖഭാവങ്ങളും ശരീരഭാഷയും അതിന് ഉദാഹരണമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. കൂടാതെ നെതന്യാഹുവിനെ മുന്നിലിരുത്തികൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ മിന്റണാണ്‌ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ദി ഇക്കണോമിസ്റ്റിനും അഭിനന്ദങ്ങളുണ്ട്.

Content Highlight: The Economist journalists interview with netanyahu

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more