| Thursday, 4th September 2025, 2:48 pm

തൃശൂരിലെ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും ഇരട്ട വോട്ട്; തെളിവ് നിരത്തി ആരോപണവുമായി വി.എസ്. സുനില്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ പുതിയ ആരോപണവുമായി സി.പി.ഐ. തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയതില്‍ ചട്ടവിരുദ്ധമായ നടപടികള്‍ നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതെന്നും സി.പി.ഐ ആരോപിച്ചു.

ഇക്കാരണം കൊണ്ട് തന്നെ പട്ടിക റദ്ദാക്കണമെന്ന് സി.പി.ഐ നേതാവും തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായ അന്നത്തെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് സി.പി.ഐ ആരോപിച്ചു. ഇതിന്റെ തെളിവുകളും സി.പി.ഐ പുറത്തുവിട്ടിട്ടുണ്ട്.

ശോഭാ സിറ്റിയിലെ 17 വോട്ടുകള്‍ അതേ വിലാസത്തില്‍ ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചുകളിക്കുകയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സി.പി.ഐയുടെ തീരുമാനം.

അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ സംബന്ധിച്ച് സി.പി.ഐയും കോണ്‍ഗ്രസും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ബി.ജെ.പി. നേതാവ് കെ.ആര്‍. ഷാജിയുടെ വോട്ടില്‍ ക്രമക്കേടുണ്ടെന്ന് വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനായ കെ.ആര്‍. ഷാജിയുടെ വോട്ട് 2024ല്‍ പൂങ്കുന്നത്തേക്ക് മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഷാജിയുടെ ഭാര്യയുടെയും അമ്മയുടെയും വോട്ടുകള്‍ വരവൂര്‍ പഞ്ചായത്തില്‍ തന്നെയാണ്. എന്നാല്‍, ഷാജിയുടെ വോട്ട് പൂങ്കുന്നത്തെ ഇന്‍ലാന്‍ഡ് ഫ്‌ലാറ്റില്‍ 1119, 1121 എന്നീ നമ്പറുകളായി ക്രമരഹിതമായി ചേര്‍ത്തതായി കണ്ടെത്തിയെന്നും, ഇത് ആയിരക്കണക്കിന് ആളുകളെ ബി.ജെ.പി. കൂട്ടമായി കൊണ്ടുവന്നതിന്റെ തെളിവാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

നേരത്തെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ സഹോദരനടക്കം ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.
വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായാണ് കണ്ടെത്തിയത്.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സില്‍ കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് ഇരുവരുടെയും പേരുകളുള്ളത്.

തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരിക്കുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

തൃശൂര്‍ എടുത്തതല്ല, കട്ടെടുത്തതാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും മാര്‍ച്ച് സംഘടിപ്പിച്ചത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവരും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Content Highlight: The district collector, who is the returning officer in Thrissur, also cast double votes; CPI alleges with evidence

We use cookies to give you the best possible experience. Learn more