| Thursday, 19th November 2026, 1:02 pm

ഇറാന്റെ 'ഡേര്‍ട്ടി ബോംബ്'; അമേരിക്ക ഇറാഖിലും വിയറ്റ്‌നാമിലും പയറ്റിയ പഴയ തന്ത്രം- Dool In-Depth

ആര്യ. പി

സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന വാദവുമായി 2003ല്‍ ഇറാഖിനെ ആക്രമിച്ച അമേരിക്ക, ഇന്ന് ഇറാനെതിരെ പുതിയൊരു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. വാഷിംഗ്ടണില്‍ ‘ഡേര്‍ട്ടി ബോംബ്’ ആക്രമണത്തിന് ഇറാന്‍ പദ്ധതിയിടുന്നുവെന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന ഒരു തെളിവും അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

ഒരു രാജ്യത്തെ ആക്രമിക്കുന്നതിന് മുമ്പ് ആ രാജ്യത്തെ ലോകത്തിന് മുന്നില്‍ ഭീഷണിയായി അവതരിപ്പിക്കുക, അവിടുത്തെ ഭരണകൂടം ലോകസമാധാനത്തിന് അപകടമാണെന്നും അതിനെ തടയാന്‍ സൈനിക നടപടി അനിവാര്യമാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുക, അമേരിക്കയുടെ വിദേശനയ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള നിരവധി ഉദാഹരങ്ങള്‍ കാണാം. 2003ലെ ഇറാഖ് അധിനിവേശം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്.

സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നും അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അന്ന് അമേരിക്ക ഇറാഖിനെതിരായ യുദ്ധത്തിന് ന്യായീകരണം കണ്ടെത്തിയത്. എന്നാല്‍ ഇറാഖ് അധിനിവേശത്തിന് ശേഷം അത്തരമൊരു ആയുധശേഖരം കണ്ടെത്താനായില്ലെന്ന് മാത്രമല്ല യുദ്ധത്തിന് മുമ്പ് അവതരിപ്പിച്ച ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റായിരുന്നുവെന്ന് അമേരിക്കയുടെ തന്നെ അന്വേഷണങ്ങളും സമ്മതിച്ചു.

രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇറാനെതിരെ ഉയരുന്ന പുതിയ ആരോപണങ്ങള്‍ ഈ ചരിത്രത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്. വാഷിങ്ടണ്‍ ഡി.സിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ‘ഡേര്‍ട്ടി ബോംബ്’ ഉപയോഗിച്ചോ രാസായുധം പ്രയോഗിച്ചോ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ കണ്ടെത്തല്‍.

പേര് വെളിപ്പെടുത്താത്ത ഏഴ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സി.എന്‍.എന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ബോംബ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ അമേരിക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇറാനിയന്‍ ആശയവിനിമയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദവും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇതോടെ പ്രധാനപ്പെട്ടൊരു ചോദ്യം ഉയരുകയാണ്, ഇറാന്‍ യഥാര്‍ഥത്തില്‍ യു.എസിനെതിരെ ഒരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടോ, അതോ തെളിവുകള്‍ പുറത്തുവിടാതെയുള്ള ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വീണ്ടും ഇറാനെതിരെ രാഷ്ട്രീയ-സൈനിക നീക്കങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുകയാണോ? പരിശോധിക്കാം..

ഇറാഖില്‍ നിന്ന് ഇറാനിലേക്ക്: അമേരിക്ക ആവര്‍ത്തിക്കുന്ന തന്ത്രം

2003 ലെ ഇറാഖ് അധിനിവേശത്തിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണകൂടം സദ്ദാം ഹുസൈനേയും ഇറാഖിനേയും ലോകസുരക്ഷയ്ക്ക് വലിയ ഭീഷണിയായി അവതരിപ്പിച്ചു. ഇറാഖിന്റെ കൈവശം രാസായുധങ്ങളും ജൈവായുധങ്ങളും ഉള്‍പ്പെടെയുള്ള കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നും അവ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണെന്നും ബുഷ് ഭരണകൂടം വാദിച്ചു. അല്‍-ഖ്വയ്ദയുമായി സദ്ദാം ഹുസൈന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും യുദ്ധത്തെ ന്യായീകരിക്കാനുള്ള വാദമായി യു.എസ് അവതരിപ്പിച്ചു.

2003 ഫെബ്രുവരിയില്‍ അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അമേരിക്കയുടെ ഈ ആരോപണങ്ങള്‍ അവതരിപ്പിച്ചു. ഇറാഖില്‍ മൊബൈല്‍ ജൈവായുധ ലബോറട്ടറികളുണ്ടെന്ന വാദവും അതിലുണ്ടായിരുന്നു. ഇറാഖിന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നതിന് തങ്ങളുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്ന് അമേരിക്ക ലോകത്തിന് മുന്നില്‍ പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖ് അധിനിവേശം നടന്നു.

എന്നാല്‍ അധിനിവേശത്തിനു ശേഷം അമേരിക്ക ആരോപിച്ച തരത്തിലുള്ള ഒരു ആയുധശേഖരങ്ങളും ഇറാഖില്‍ നിന്ന് കണ്ടെത്താനായില്ല. 2005ല്‍ അമേരിക്കന്‍ പ്രസിഡന്റ് നിയമിച്ച അന്വേഷണ കമ്മീഷന്‍ ഇറാഖിന്റെ ആയുധങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ ‘പൂര്‍ണമായും തെറ്റായിരുന്നു’ എന്ന് കണ്ടെത്തി. ഇറാഖിന്റെ ജൈവായുധ പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ വിശ്വസനീയമല്ലാത്ത സ്രോതസുകളെ ആശ്രയിച്ചായിരുന്നുവെന്നും ഈ അന്വേഷണത്തില്‍ വ്യക്തമായി.-

ഇതില്‍ പ്രധാനമായിരുന്നു ‘കര്‍വ്ബോള്‍’ എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇറാഖി സ്വദേശിയുടെ മൊഴി. ഇറാഖില്‍ മൊബൈല്‍ ജൈവായുധ ലബോറട്ടറികളുണ്ടെന്ന ഇയാളുടെ അവകാശവാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.

ഇറാഖ് യുദ്ധത്തിന് മുമ്പുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങും പിന്നീട് വിമര്‍ശനത്തിന് വിധേയമായി. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഇറാഖി പ്രവാസികളെയും ആശ്രയിച്ചുള്ള വാര്‍ത്തകള്‍ മതിയായ പരിശോധനയില്ലാതെ പ്രസിദ്ധീകരിച്ചതായി 2004ല്‍ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റര്‍ സമ്മതിച്ചു.

അമേരിക്കയ്ക്കൊപ്പം ഇറാഖ് അധിനിവേശത്തില്‍ പങ്കുചേര്‍ന്ന ബ്രിട്ടനും പിന്നീട് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ഇറാഖിന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന അമേരിക്കയുടെ വാദത്തെ പിന്തുണയ്ക്കുകയും അധിനിവേശത്തില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു.

എന്നാല്‍ യുദ്ധത്തിനു ശേഷം ആരോപിക്കപ്പെട്ട തരത്തിലുള്ള ആയുധശേഖരങ്ങളൊന്നും ഇറാഖില്‍ കണ്ടെത്താനായില്ല. 2016ല്‍ പുറത്തുവന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് ബ്രിട്ടന്റെ യുദ്ധതീരുമാനത്തെയും അതിന് അടിസ്ഥാനമാക്കിയ രഹസ്യാന്വേഷണ വിവരങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ടിനോട് പ്രതികരിച്ച ടോണി ബ്ലെയര്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു

ഇറാഖിനെ പതിറ്റാണ്ടുകള്‍ നീണ്ട അസ്ഥിരതയിലേക്ക് തള്ളിവിട്ട യു.എസ്

2003ലെ അമേരിക്കന്‍ അധിനിവേശം ഇറാഖിന്റെ ഭരണസംവിധാനത്തെ മാത്രമല്ല തകര്‍ത്തത്. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജനജീവിതത്തെയും ആഴത്തില്‍ മുറിവേല്‍പ്പിച്ച വലിയ ദുരന്തം കൂടിയായിരുന്നു അത്.

മെസൊപ്പൊട്ടേമിയന്‍ നാഗരികതയുടെ അമൂല്യ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന ബാഗ്ദാദ് നാഷണല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടു. ദേശീയ ലൈബ്രറിയും ചരിത്രരേഖകളും കത്തിച്ചാമ്പലായി. പുരാതന നാഗരികതകളുടെ അമൂല്യമായ ചരിത്രശേഷിപ്പുകള്‍ക്ക് ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത നഷ്ടങ്ങളുണ്ടായി.

യുദ്ധവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു. ബ്രൗണ്‍ സര്‍വകലാശാലയുടെ കോസ്റ്റ്സ് ഓഫ് വാര്‍ പഠനമനുസരിച്ച് 2003 മുതല്‍ 2023 വരെ ഇറാഖില്‍ യുദ്ധവുമായി ബന്ധപ്പെട്ട നേരിട്ടുള്ള അക്രമങ്ങളില്‍ 2.8 ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.

അതിനുപുറമെ, അമേരിക്കന്‍ അധിനിവേശത്തിനു പിന്നാലെ സൈന്യത്തെ പിരിച്ചുവിടുകയും ഭരണസംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്ത നടപടികള്‍ രാജ്യത്ത് വലിയ അധികാരശൂന്യതയും വിഭാഗീയ സംഘര്‍ഷങ്ങളും സൃഷ്ടിച്ചു.

ഈ സാഹചര്യം അല്‍ഖ്വയ്ദ ഇന്‍ ഇറാഖ് പോലുള്ള തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്കും പിന്നീട് ഐ.എസ്.ഐ.എസിന്റെ വരവിനും വഴിയൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്നായി.

ലോകത്തെ ഏറ്റവും സമ്പന്നമായ പുരാതന നാഗരികതകളിലൊന്നിന്റെ മണ്ണിനെ പതിറ്റാണ്ടുകള്‍ നീണ്ട അസ്ഥിരതയിലേക്കും അക്രമത്തിലേക്കും തള്ളിവിടുകയായിരുന്നു യു.എസ്

വിയറ്റ്നാം യുദ്ധവും ടോങ്കിന്‍ ഉള്‍ക്കടലിലെ വിവാദവും

ഇറാഖ് മാത്രമല്ല, സൈനിക നടപടിക്ക് ന്യായീകരണമായി അമേരിക്ക ഉപയോഗിച്ച ആരോപണങ്ങള്‍ പിന്നീട് ചോദ്യം ചെയ്യപ്പെട്ട മറ്റൊരു ചരിത്രസംഭവം കൂടിയുണ്ട്. 1964ലെ ടോങ്കിന്‍ ഉള്‍ക്കടല്‍ സംഭവം.

വടക്കന്‍ വിയറ്റ്നാമിന്റെ തീരത്ത് അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്കെതിരെ രണ്ട് ആക്രമണങ്ങള്‍ നടന്നുവെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ സര്‍ക്കാരിന്റെ വാദം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിയറ്റ്നാമിലെ സൈനിക ഇടപെടല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചു.

എന്നാല്‍ പിന്നീട് പുറത്തുവന്ന രേഖകള്‍ ഓഗസ്റ്റ് രണ്ടിന് നടന്ന ആദ്യ ഏറ്റുമുട്ടല്‍ യഥാര്‍ഥമായിരുന്നുവെന്നും ഓഗസ്റ്റ് നാലിന് നടന്നതായി റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആക്രമണം സംഭവിച്ചിട്ടില്ലെന്നുമാണ് സൂചിപ്പിച്ചത്. അമേരിക്കന്‍ ഡിസ്ട്രോയറുകള്‍ക്ക് നേരെ തുടര്‍ച്ചയായ ടോര്‍പിഡോ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ റഡാര്‍ തകരാറുകളും തെറ്റായ വിലയിരുത്തലുകളും ഉണ്ടായിരിക്കാമെന്ന് അന്നത്തെ കപ്പല്‍ ക്യാപ്റ്റന്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയങ്ങള്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സണെ അറിയിച്ചതിലും അന്നത്തെ അമേരിക്കന്‍ ഭരണകൂടത്തിന് വീഴ്ചകളുണ്ടായിരുന്നു.

പിന്നീട് പുറത്തുവന്ന ദേശീയ സുരക്ഷാ ഏജന്‍സിയുടെ രേഖകളും രണ്ടാമത്തെ ആക്രമണം നടന്നിട്ടില്ലെന്ന നിഗമനത്തെ പിന്തുണച്ചു.

സ്ഥിരീകരിക്കാത്ത ഒരു ആക്രമണവിവരത്തെ യുദ്ധം വ്യാപിപ്പിക്കാനുള്ള ന്യായീകരണമായി ഉപയോഗിക്കുകയായിരുന്നു അമേരിക്ക. സ്വന്തം സൈനിക ഇടപെടലിന് വഴിയൊരുക്കാന്‍ തെറ്റായ വിവരങ്ങളെപ്പോലും ആയുധമാക്കാമെന്നതിന്റെ ഉദാഹരണമായി ടോങ്കിന്‍ സംഭവം മാറി

എന്താണ് ഡേര്‍ട്ടി ബോംബ്?

ആണവ ബോംബും ഡേര്‍ട്ടി ബോംബും ഒന്നല്ല. റേഡിയോളജിക്കല്‍ ഡിസ്പേഴ്സല്‍ ഉപകരണം എന്നറിയപ്പെടുന്ന ഡേര്‍ട്ടി ബോംബ് പരമ്പരാഗത സ്ഫോടകവസ്തുക്കളും റേഡിയോ ആക്ടീവ് വസ്തുക്കളും ഉപയോഗിച്ച് ചുറ്റുപാടില്‍ മലിനീകരണം സൃഷ്ടിക്കുന്ന ഉപകരണമാണ്. ഒരു ആണവായുധത്തില്‍ സംഭവിക്കുന്നതുപോലുള്ള ആണവ ശൃംഖലാ പ്രതിപ്രവര്‍ത്തനം ഇതിന് ആവശ്യമില്ല.

ആശുപത്രികളിലും ഗവേഷണ-വ്യവസായ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ ആണവ ബോംബിനോട് താരതമ്യം ചെയ്യുമ്പോള്‍ ഡേര്‍ട്ടി ബോംബിന്റെ സ്ഫോടനശേഷി വളരെ കുറവാണ്. സ്ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണവും അതിനെച്ചൊല്ലിയുള്ള ഭീതിയുമാണ് പ്രധാന ആശങ്ക.

അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വിലയിരുത്തല്‍ പ്രകാരം, ഇത്തരം ഉപകരണങ്ങള്‍ സാധാരണയായി ഒന്നോ രണ്ടോ നഗര ബ്ലോക്കുകളോളം വരുന്ന പ്രദേശത്ത് ഉടനടി മലിനീകരണം സൃഷ്ടിക്കാം. കാറ്റിന്റെ ഗതിയനുസരിച്ച് റേഡിയോ ആക്ടീവ് കണികകള്‍ കൂടുതല്‍ ദൂരത്തേക്കും വ്യാപിക്കാം. 2002ല്‍ അമേരിക്കന്‍ സെനറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്നത്തെ ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് മെസെര്‍വ്, മിക്ക സാഹചര്യങ്ങളിലും മരണസംഖ്യ നൂറുകളിലോ ആയിരങ്ങളിലോ എത്തില്ലെന്നും പത്തോ ഇരുപതോ എന്ന നിലയില്‍ ഒതുങ്ങുമെന്നാണ് പറഞ്ഞത്.

‘ഡേര്‍ട്ടി ബോംബ് സാധാരണ ആണവ ബോംബല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആണവ സ്‌ഫോടനത്തിലുണ്ടാകുന്നതുപോലെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും അതുകാരണമുണ്ടാകുന്ന ശക്തമായ ആഘാതമോ ഇതിലുണ്ടാകില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കാനും ഇതിന് കഴിയില്ല,’ സ്വതന്ത്ര പ്രതിരോധ-സുരക്ഷാ ഉപദേഷ്ടാവ് തല്ല അബ്ദുള്‍റസാഖ് അല്‍ ജസീറയോട് പറഞ്ഞു.

‘പകരം, ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും റേഡിയോ ആക്ടീവ് മലിനീകരണത്തിലൂടെ ആ പ്രദേശം ഉപയോഗശൂന്യമാക്കുകയുമാണ് ഇത് ചെയ്യുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന് ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷിയുണ്ടോ?

സാങ്കേതികമായി ഒരു ഡേര്‍ട്ടി ബോംബ് നിര്‍മിക്കാനുള്ള ശേഷി ഇറാനുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ അതുകൊണ്ട് ഇറാന്‍ അത്തരമൊരു ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് അര്‍ഥമില്ല. പല രാജ്യങ്ങള്‍ക്കും സായുധസംഘങ്ങള്‍ക്കും സിദ്ധാന്തപരമായി ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂക്ലിയര്‍ ത്രെറ്റ് ഇനിഷ്യേറ്റീവിലെ ന്യൂക്ലിയര്‍ മെറ്റീരിയല്‍സ് സെക്യൂരിറ്റി വൈസ് പ്രസിഡന്റ് സ്‌കോട്ട് റോക്കര്‍ 2022ല്‍ അല്‍ ജസീറയോട് പറഞ്ഞത്, ഡേര്‍ട്ടി ബോംബ് ‘നിര്‍മിക്കാന്‍ വളരെ എളുപ്പമാണ്’ എന്നാണ്. എന്നാല്‍ ഇത്തരം ഉപകരണങ്ങളുടെ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തല്‍ മാത്രം ഒരു രാജ്യത്തിന്റെ ആക്രമണപദ്ധതിക്ക് തെളിവാകില്ല.

ഇറാന്റെ വലിയ സിവിലിയന്‍ ആണവ പദ്ധതിയും ഈ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ 2025 ജൂണ്‍ വരെയുള്ള അവസാന വിലയിരുത്തല്‍ പ്രകാരം, ഇറാന്റെ പക്കല്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഏകദേശം 440 കിലോഗ്രാം യുറേനിയമുണ്ടായിരുന്നു.

അറ്റ്ലാന്റിക് കൗണ്‍സിലിലെ മുതിര്‍ന്ന ഗവേഷകനായ ജാസെക് സീവിയേര ഏപ്രിലില്‍ നടത്തിയ വിശകലനത്തില്‍, ഈ ശേഖരം ആണവായുധത്തിന് ആവശ്യമായ നിലയിലെത്തിയിട്ടില്ലെങ്കിലും റേഡിയേഷന്‍ സുരക്ഷയ്ക്കും അട്ടിമറി സാധ്യതകള്‍ക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്റെ ആണവ വസ്തുക്കളുടെ നിയന്ത്രണം ആരുടെ കൈയിലാണെന്ന കാര്യത്തില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് വ്യക്തതയില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഡേര്‍ട്ടി ബോംബിന് അനുയോജ്യമായ ഒരു വസ്തുവേ അല്ലെന്നാണ് പല വിശകലന വിദഗ്ധരുടെയും വിലയിരുത്തല്‍. അതിന്റെ റേഡിയോ ആക്ടീവ് സ്വഭാവം താരതമ്യേന ദുര്‍ബലമായതിനാല്‍, പതിറ്റാണ്ടുകളായി ഇറാന്‍ വികസിപ്പിച്ചെടുത്ത ആണവശേഖരം ഇത്തരമൊരു ആവശ്യത്തിനായി ഉപയോഗിച്ച് പാഴാക്കാന്‍ സാധ്യത കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല യു.എസിലേക്ക് നേരിട്ട് നുഴഞ്ഞുകയറി ആക്രമണം നടത്തുന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഹോര്‍മുസ് കടലിടുക്ക് പോലുള്ള തുറമുഖങ്ങളും സമുദ്ര ഗതാഗതത്തിലെ നിര്‍ണായക ഇടനാഴികളും കൂടുതല്‍ സാധ്യതയുള്ള ലക്ഷ്യങ്ങളാണെന്നും 2025 ജൂണില്‍ യൂറോ-അറ്റ്ലാന്റിക് റെസിലിയന്‍സ് സെന്ററിനുവേണ്ടി ക്രിസ് ക്രെമിഡാസ്-കോര്‍ട്ട്നി നടത്തിയ വിശലകലനം പറയുന്നു.

ഡേര്‍ട്ടി ബോംബ് പോലെ അടിസ്ഥാനപരമായ എന്തെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും വൈദഗ്ധ്യവും ഇറാന് തീര്‍ച്ചയായും ലഭ്യമാണ്. എന്നാല്‍ വാഷിങ്ടണില്‍ ആക്രമണം നടത്തണമെങ്കില്‍ രഹസ്യ കള്ളക്കടത്ത് ശൃംഖലകളെയോ സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധങ്ങളെയോ ആശ്രയിക്കേണ്ടിവരും.

അമേരിക്കന്‍ മണ്ണില്‍ ഡേര്‍ട്ടി ബോംബ് പ്രയോഗിക്കാനുള്ള ഇറാന്റെ പദ്ധതിക്ക് പൊതുവില്‍ ലഭ്യമായ തെളിവുകള്‍ കുറവാണെന്ന് മാത്രമല്ല അത്തരമൊരു നീക്കം ഇറാന്റെ നയതന്ത്ര നിലപാടിനെ തകര്‍ക്കുകയും ഭരണകൂടത്തിന് തന്നെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും,’ സ്വതന്ത്ര പ്രതിരോധ, സുരക്ഷാ ഉപദേഷ്ടാവായ തല്ല അബ്ദുള്‍റസാഖ് അല്‍ ജസീറയോട് പറഞ്ഞു.

ഡേര്‍ട്ടി ബോംബ് ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം

‘ഡേര്‍ട്ടി ബോംബ്’ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇറാന്‍ ഗൂഢാലോചന നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.

ഇറാനില്‍ നിന്ന് അമേരിക്കയ്ക്ക് ഉയര്‍ന്ന ഭീഷണിയുണ്ടെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലേട്ടണ്‍ ആവര്‍ത്തിച്ചപ്പോള്‍, ഉടനടി ഭീഷണിയില്ലെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്റെ നിലപാട്.

ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാസായുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തള്ളിയിരുന്നു.

ഇറാന് ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷിയുണ്ടോ, അതിനുള്ള ആളുകളുണ്ടോ, ടെഹ്‌റാന്‍ യഥാര്‍ഥത്തില്‍ അതിന് തീരുമാനിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുകയാണ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഒരു ആക്രമണം നടന്നുവെന്നോ ആസന്നമാണെന്നോ ഉള്ള സ്ഥിരീകരണമല്ലെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള രഹസ്യാന്വേഷണ വിലയിരുത്തല്‍ മാത്രമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

‘എല്ലാ ഭീഷണികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ഇപ്പോള്‍, രാജ്യത്തിന് വിശ്വസനീയമായ ഭീഷണികളൊന്നുമില്ല’ എന്നാണ് ഈ വിഷയത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചത്.

അതേസമയം, ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ ദൗത്യസംഘം യു.എസിന്റെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ‘വ്യാജവും കെട്ടിച്ചമച്ചതുമായ ഇത്തരം ആരോപണങ്ങളെ ഇറാന്‍ വ്യക്തമായും അസന്ദിഗ്ധമായും തള്ളിക്കളയുന്നു’ എന്നാണ് അവര്‍ പറഞ്ഞത്.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായിയും റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി. പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കാനും ഇറാനെതിരെ കൂടുതല്‍ ശത്രുതാപരമായ നടപടികള്‍ക്ക് പിന്തുണ നേടാനുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ എഴുതി.

യുദ്ധത്തിന് പിന്തുണ നേടാനുള്ള യു.എസ് തന്ത്രമോ?

ഇറാനെതിരായ യുദ്ധത്തിന് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ പിന്തുണയില്ലാത്ത സാഹചര്യത്തിലാണ് അജ്ഞാത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയും യുദ്ധത്തിന് പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബറില്‍ ചിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേരും ഇറാനുമായുള്ള യുദ്ധം വേണ്ടിയിരുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.

അമേരിക്കന്‍ വിദേശനയത്തെക്കുറിച്ച് പഠിക്കുന്ന തല്ല അബ്ദുള്‍റസാഖ്, ഇറാനില്‍നിന്ന് നേരിട്ടുള്ള ഭീഷണി വന്നതല്ല, മറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ ആരോപണങ്ങളുടെ അടിസ്ഥാനം എന്നാണ് പറയുന്നത്. അത്തരം വിലയിരുത്തലുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ 2003ലെ ഇറാഖ് യുദ്ധത്തിന്റെ അനുഭവം മറക്കരുതെന്നും അദ്ദേഹം പറയുന്നു.

‘ഇറാന്‍ നേരിട്ട് ഒരു ഭീഷണിയും നടത്തിയിട്ടില്ല. ഈ വിവരങ്ങള്‍ യു.എസ് ഇന്റലിജന്‍സ് നിന്നാണ് വന്നത്. 2003ലെ ഇറാഖ് യുദ്ധവും കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ച് അന്ന് പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളും മാത്രം മതി നിലവിലെ യുദ്ധസാഹചര്യത്തില്‍ പുറത്തുവിടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ സംശയത്തോടെ കാണാന്‍,’ അബ്ദുള്‍റസാഖ് പറഞ്ഞു.

അതേസമയം ഇറാനെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഡേര്‍ട്ടി ബോംബ് ആക്രമണം വലിയ യുദ്ധത്തിന് ന്യായീകരണമായി മാറിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്താലും, ഇരുപാര്‍ട്ടികളുടെയും പിന്തുണയോടെ ഇറാനെതിരെ വലിയൊരു യുദ്ധം ആരംഭിക്കാന്‍ ഇത്തരം ന്യായീകരണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാം.

മറ്റൊരു കാര്യം ഇറാനിയന്‍ തന്ത്രജ്ഞര്‍ മണ്ടന്മാരല്ല, ഞാന്‍ നിങ്ങളോട് ഇത് പറയുന്നുണ്ടെങ്കിലും അവരും തീര്‍ച്ചയായും സമാനമായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടാകും. അതിനാല്‍ ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ സത്യസന്ധതയില്‍ എനിക്ക് വളരെയധികം സംശയമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡേര്‍ട്ടി ബോംബ് ആക്രമണം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ?

ഇതുവരെ വിജയകരമായ ഒരു ഡേര്‍ട്ടി ബോംബ് ആക്രമണവും ലോകത്ത് ഒരു രാജ്യത്തിന് നേരെയും നടന്നിട്ടില്ല. എന്നാല്‍ ഇത്തരം ആക്രമണശ്രമങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1995ല്‍ ചെചന്‍ പോരാളികള്‍ മോസ്‌കോയിലെ ഇസ്മായിലോവ്സ്‌കി പാര്‍ക്കില്‍ റേഡിയോ ആക്ടീവ് സീസിയം അടങ്ങിയ ഒരു കണ്ടെയ്നര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് പൊട്ടിത്തെറിച്ചില്ല. 1998ല്‍ ചെച്നിയയിലെ റെയില്‍വേ ലൈനിന് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച മറ്റൊരു കണ്ടെയ്നര്‍ കണ്ടെത്തി നിര്‍വീര്യമാക്കി.

2002ല്‍ ഡേര്‍ട്ടി ബോംബ് ആക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് അമേരിക്കക്കാരനായ ജോസ് പാഡില്ലയെ യു.എസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണത്തില്‍ അദ്ദേഹത്തിനെതിരെ ഒരിക്കലും കുറ്റം ചുമത്തിയിരുന്നില്ല.

2013ല്‍ മെക്സിക്കോയിലെ ഒരു ആശുപത്രിയില്‍നിന്ന് റേഡിയോ ആക്ടീവ് കൊബാള്‍ട്ട്-60 വഹിച്ചിരുന്ന ട്രക്ക് മോഷണം പോയിരുന്നു. ഈ വസ്തു ഡേര്‍ട്ടി ബോംബില്‍ ഉപയോഗിക്കപ്പെടാമെന്ന ആശങ്കയെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2022ല്‍ ഉക്രെയ്ന്‍ ഡേര്‍ട്ടി ബോംബ് സ്ഥാപിച്ച് അതിന്റെ ഉത്തരവാദിത്തം റഷ്യയുടെ മേല്‍ ചുമത്താന്‍ പദ്ധതിയിടുകയാണെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഈ ആരോപണം തള്ളിക്കളഞ്ഞു.

ആരോപണങ്ങള്‍ മാത്രം മതിയോ?

ഇറാനെതിരായ യു.എസിന്റെ ഇപ്പോഴത്തെ ആരോപണങ്ങള്‍ ഗൗരവമുള്ളവയാണ്. എന്നാല്‍ മറ്റൊരു രാജ്യം തങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന ആരോപണം ഉയര്‍ത്തുമ്പോള്‍ മിനിമം അതിന് ആവശ്യമായ തെളിവുകളും അവയുടെ ഉറവിടവും സ്വതന്ത്ര പരിശോധനയും ഉറപ്പായും നടക്കേണ്ടതാണ്.

പേര് വെളിപ്പെടുത്താത്ത ഏഴ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ആസന്നമാണെന്ന സൂചനയുമില്ല. ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാഖ് അധിനിവേശത്തിന് മുമ്പ് സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന അമേരിക്കന്‍ വാദം ലോകത്തെ ഒരു വലിയ യുദ്ധത്തിലേക്ക് നയിച്ചു. പിന്നീട് ആ വാദങ്ങളുടെ അടിത്തറ തന്നെ തകര്‍ന്നു.

ടോങ്കിന്‍ ഉള്‍ക്കടലിലെ രണ്ടാമത്തെ ആക്രമണവിവരവും പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. ഈ സംഭവങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍, ഔദ്യോഗിക പ്രസ്താവനകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതിന്റെ കൂടി ആവശ്യകതയാണ് തുറന്നുകാട്ടുന്നത്.

ഇറാനിലേക്ക് കടന്നുകയറി ആക്രമണം തുടങ്ങിയതും ഇപ്പോള്‍ തുടരുന്നതും അമേരിക്ക.  തങ്ങളുടെ മണ്ണില്‍ ബോംബ് പൊട്ടിക്കാന്‍ ഇറാന്‍ ഒരുങ്ങുകയാണെന്ന് ലോകത്തോട് പറയുന്നതും ഇതേ അമേരിക്ക തന്നെ. സ്വന്തം സൈനികശേഷി മുഴുവന്‍ ഉപയോഗിച്ച് ഇറാനെ ആക്രമിച്ച് പരാജയത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഈ ഭീഷണി വിലാപം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

Content Highlight: The ‘Dirty Bomb’ Allegation Against Iran: America’s Old Playbook for War – Don’t Forget Iraq and Vietnam | Dool In-Depth

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more