| Thursday, 29th January 2026, 10:32 am

നവാസിന് ഏറ്റവും ഇഷ്ട്ടപെട്ട ആ സീൻ എടുക്കാൻ സാധിച്ചില്ല.....; ആ വിഷമം ഇന്നും ഉള്ളിലുണ്ട്: പ്രകമ്പനം സംവിധായകൻ വിജേഷ് പാണത്തൂർ

നന്ദന എം.സി

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ–കോമഡി ചിത്രം ‘പ്രകമ്പനം’ ജനുവരി 30ന് തീയേറ്ററുകളിലെത്തുകയാണ് . പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സാഗർ സൂര്യയും മലയാളികളുടെ പ്രിയങ്കരനായ ഗണപതിയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജേഷ് പാണത്തൂരാണ്. ശീതൾ ജോസഫാണ് ചിത്രത്തിലെ നായിക.

മലയാളികൾ ഏറെ സ്നേഹിച്ച കലാകാരൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് പ്രകമ്പനം. മിമിക്രിയിലൂടെയും അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ നവാസ്, ചിത്രത്തിൽ കണ്ണൂർ സ്ലാങ്ങിലുള്ള, ഗണപതിയുടെ അച്ഛന്റെ കഥാപാത്രമായാണ് എത്തുന്നത്.

പ്രകമ്പനം, Photo: YouTube/ Screengrab

ചിത്രത്തെക്കുറിച്ചും നവാസുമായുള്ള ഓർമ്മകളെയും കുറിച്ചും തൃപ്പൂണിത്തറയിൽ നടന്ന ഷൂട്ടിങ് ദിവസത്തെ കുറിച്ചും ഓർത്തെടുത്തു പറയുകയാണ് സംവിധായകൻ വിജേഷ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ദിവസം രാത്രി എന്തോ ഉറക്കം വന്നില്ല. അടുത്ത ദിവസം ഷൂട്ട് ചെയ്യാനിരുന്ന സീൻ മനസിൽ കറങ്ങിക്കൊണ്ടിരുന്നു. മൂന്ന് ദിവസം ഒരു വീടിനകത്ത് ഷൂട്ട് ചെയ്യാനിരുന്ന സീൻ ആയിരുന്നു അത്. പക്ഷേ അതിന് അത്ര ദിവസങ്ങൾ വേണ്ടെന്ന് തോന്നി. എന്തോ ഒരാൾ എന്നെ അതിലേക്ക് നയിച്ചതുപോലെയായിരുന്നു തോന്നിയത്. അപ്പോൾ തന്നെ സ്ക്രിപ്റ്റിൽ മാറ്റം വരുത്തി,’ വിജേഷ് പറഞ്ഞു.

പ്രകമ്പനം, Photo: YouTube/ Screengrab

അടുത്ത ദിവസം എല്ലാവരെയും സ്ക്രിപ്റ്റ് മാറ്റത്തെക്കുറിച്ച് അറിയിച്ചു. തുടക്കത്തിൽ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പ്രൊഡക്ഷനെ അറിയിച്ചു. അങ്ങനെ അന്ന് തന്നെ ഷൂട്ട് ചെയ്തു. വൈകീട്ട് ആറരയോടെ ആ മുഴുവൻ ഭാഗവും പൂർത്തിയാക്കി. സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞുപോയതായും, ആ കൂട്ടത്തിൽ നവാസും ഉണ്ടായിരുന്നുവെന്നും വിജേഷ് കൂട്ടിച്ചേർത്തു.

‘നവാസിക്കയ്ക്ക് ഏറ്റവും കൂടുതൽ ചെയ്യാനുണ്ടായിരുന്ന സീൻ ആ മൂന്ന് ദിവസത്തെ ഭാഗമായിരുന്നു. പക്ഷേ അത് ഒരു ദിവസം കൊണ്ട് തീർത്തു. രണ്ട് ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. അതിന് ശേഷമാണ് നവാസിന്റെ വിയോഗം,’ വിജേഷ് വേദനയോടെ ഓർക്കുന്നു.

നവാസ് , Photo: Navas Kalabhavan/ facebook

ഓരോ സീൻ കഴിഞ്ഞാലും ‘ഇതിൽ ഞാൻ റെഡി ആകുമല്ലേ’ എന്ന് നവാസ് ഇടയ്ക്കിടെ പറയുമായിരുന്നെന്നും, അപ്പോൾ ‘ഈ കഥാപാത്രത്തിലൂടെ ഇനി ഒരുപാട് നല്ല കഥാപാത്രങ്ങൾ നിങ്ങളെ തേടിയെത്തും’ എന്ന് താൻ പറയുമായിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നവാസ് അവതരിപ്പിച്ച കഥാപാത്രം കണ്ണൂർ സ്ലാങ് സംസാരിക്കുന്ന സീരിയസ് റോളിലാണെത്തുന്നതെന്നും , അതിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചതായും വിജേഷ് പറയുന്നു. എന്നാൽ നവാസിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ നിർഭാഗ്യവശാൽ ഷൂട്ട് ചെയ്യാൻ സാധിച്ചില്ലെന്ന വേദനയും സംവിധായകൻ പങ്കുവച്ചു.

‘നവാസിന്റെ മക്കൾ സെറ്റിൽ വന്നപ്പോൾ അദ്ദേഹത്തിനെ സീനുകൾ കാണിച്ചു കൊടുത്തു. അപ്പോൾ അവർ എന്നോട് ചോദിച്ചു ‘വാപ്പച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ സീൻ ഒന്ന് കാണിച്ച് തരുമോ…’ എന്ന് അത് എടുക്കാൻ സാധിക്കാതിരുന്നതാണ് ഇന്നും ഉള്ളിലെ വലിയ വിഷമം,’ വിജേഷ് പറഞ്ഞു.
പ്രകമ്പനം സിനിമയിൽ നവാസ് ഉള്ളത് തങ്ങൾക്ക് സന്തോഷമുള്ള കാര്യമാണെന്നും താരങ്ങൾ പറഞ്ഞു.

Content Highlight: The director of the movie Prakambanam remembers actor Kalabhavan Navas

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more