തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണമായി ആലപിക്കാനുള്ള വിവാദ നിര്‍ദേശം ചീഫ് സെക്രട്ടറിയുടേത് തന്നെ. വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് മുഴുവന്‍ ആലപിക്കാനുള്ള സര്‍ക്കുലര്‍ ഇറക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുഴുവനായി പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതോടെ കൂടുതല്‍ ദുരൂഹമാവുകയാണ്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നായിരുന്നു മന്ത്രിമാരുടെയും വാദം.
സ്വാതന്ത്ര്യ ദിനഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമായിരുന്നു വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് നിര്‍ദേശിച്ച് കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്ത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് നല്‍കിയിരുന്നത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഓഗസ്റ്റ് ആറാം തീയതി ചീഫ് സെക്രട്ടറി കത്തയയ്ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കത്ത് ചീഫ് സെക്രട്ടറി അയച്ചത്.
Content Highlight: The directive to sing the full version of ‘Vande Mataram’ came from the Chief Secretary himself: Lok Bhavan denies the allegation.