| Sunday, 13th July 2025, 9:39 pm

അധികാരത്തില്‍ തുടരുന്നതിനും സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായി നെതന്യാഹു ഗസ യുദ്ധം നീട്ടുന്നു: യെയര്‍ ഗോലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: തന്റെ ആഭ്യന്തര പ്രതിച്ഛായ പുനസ്ഥാപിക്കുന്നതിനും അധികാരത്തില്‍ തുടരുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസ യുദ്ധം നീട്ടികൊണ്ടുപോകയാണെന്ന് മുന്‍ ഇസ്രായേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാര്‍ട്ടി തലവനുമായ യെയര്‍ ഗോലന്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് യെയര്‍ ഗോലന്‍ ഇക്കാര്യം പറഞ്ഞത്.

നെതന്യാഹു രാജ്യത്തെ മൊത്തമായി അഗാധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്നും യെയര്‍ ഗോലന്‍ പറഞ്ഞു. ‘ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതിനകം എല്ലാവര്‍ക്കും അറിയാവുന്ന കാര്യത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നതാണ്. നെതന്യാഹു, സ്‌മോട്രിച്ച്, ബെന്‍ ഗ്വിര്‍ എന്നിവര്‍ രാഷ്ട്രീയമായി നിലനില്‍ക്കാന്‍ കരാര്‍ തടയുകയാണ്. അവര്‍ക്ക് സ്ഥാനം നിലനിര്‍ത്തേണ്ടതിനായി ബന്ദികളുടെ ജീവനും സൈനികരുടെയും ജീവനും ഒരു വിലയും കല്‍പ്പിക്കുന്നില്ല,’ ഗോലന്‍ ട്വീറ്റ് ചെയ്തു.

ഒരു രാജ്യത്തെ മുഴുവന്‍ അഗാധത്തിലേക്ക് വലിച്ചിഴക്കുന്ന ഒരു തീവ്ര ന്യൂനപക്ഷമാണ് അവരെന്നും കരാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനും രാജ്യവും രക്ഷിക്കാന്‍ സര്‍ക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഭീഷണിയെത്തുടര്‍ന്നാണ് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗസ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു ഉപേക്ഷിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ എതിര്‍പ്പ് കാരണം ഗസ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇസ്രായേല്‍-സൗദി സാധാരണവല്‍ക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസ് ശ്രമത്തെ അദ്ദേഹം പാളം തെറ്റിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇസ്രഈലിനെയും അതിന്റെ ധീരരായ ജനങ്ങളെയും സൈനികരെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവിച്ചത്.

Content Highlight: The Democrats chairman Yair Golan says Netanyahu deliberately extended the Gaza war to serve his own political goals of rehabilitating his domestic image and staying in power

We use cookies to give you the best possible experience. Learn more