| Tuesday, 27th January 2026, 9:17 pm

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം; രാഷ്ട്രപതിക്ക് നിവേദനമയച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെ പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് നിവേദനമയച്ചു. വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് സമിതിയുടെ ആവശ്യം.

വെള്ളാപ്പളളി നടേശന്‍ പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിയാണെന്നും തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

വെള്ളാപ്പളളിക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അനീതിയാണെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.

77 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. കേരളത്തില്‍ നിന്ന് നടന്‍ മമ്മൂട്ടിയും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. വെള്ളാപ്പള്ളിയും മമ്മൂട്ടിയുമടക്കം എട്ട് പേരാണ് കേരളത്തില്‍ നിന്ന് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടിയത്.

പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനമായത്.

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദിയറിയിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരം ശ്രീനാരായണ ഗുരുവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവവെന്നും പറഞ്ഞിരുന്നു.

1996 നവംബര്‍ 27നാണ് വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത്.

അതേസമയം പത്മ പുരസ്‌കാരങ്ങളെ കുറിച്ച് വെള്ളാപ്പള്ളി നേരത്തെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘പത്മഭൂഷണ് വല്ല വിലയുമുണ്ടോ…അത് കാശ് കൊടുത്താല്‍ കിട്ടുന്ന സാധനമല്ലേ….. തരാമെന്ന് പറഞ്ഞാലും ഞാന്‍ വാങ്ങില്ല,’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. താനിതുവരെ ഒരു അവാര്‍ഡ് പോലും വാങ്ങിയിട്ടില്ലെന്നും എല്ലാവരോടും നോ എന്നാണ് പറയാറുള്ളതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlight: The decision to award Padma Bhushan to Vellappally should be withdrawn: Save University Campaign Committee

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more