| Thursday, 29th October 2026, 3:54 pm

'മറ്റൊരു പാര്‍ട്ണറെ കണ്ടെത്തണം, സോളോ ട്രിപ്പ് പോകണം'; സമൂഹത്തെ നോക്കേണ്ടതില്ലെന്ന് അമ്മയോട് പറയുന്ന മകള്‍: ആശയിലെ കഥാപാത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ആര്യ

ഉര്‍വശി കേന്ദ്രകഥാപാത്രമായെത്തിയ ‘ആശ’ എന്ന സിനിമയിലെ അനഘ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്‌ നടി ഐശ്വര്യ ലക്ഷ്മി. നല്ലൊരു മകളാകാന്‍ ശ്രമിക്കുന്ന അനഘയ്ക്ക് അമ്മയെ മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും എന്നാല്‍ ചില സാഹചര്യങ്ങളില്‍ അമ്മയുടെ പ്രവര്‍ത്തികളോട് എങ്ങനെ പ്രതികരിക്കണമെന്ന് അവള്‍ക്ക് അറിയില്ലെന്നും ഐശ്വര്യ പറയുന്നു.

അമ്മയ്ക്ക് സ്വന്തം ജീവിതത്തില്‍ ഒരു ഇടം നല്‍കണമെന്നും സമൂഹം എന്ത് പറയുമെന്ന് ഓര്‍ത്ത് ജീവിക്കേണ്ടതില്ലെന്നുമുള്ള ആശയവും സിനിമ മുന്നോട്ടുവെക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

സിനിമയിലെ അനഘയുടെ കഥാപാത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും ഐശ്വര്യ വ്യക്തമാക്കി. അമ്മയുടെ തീരുമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇളയ മകളായ അനഘയെയാണ്. അമ്മയെ മനസിലാക്കാന്‍ ശ്രമിക്കുമ്പോഴും സമൂഹത്തിന് മുന്നില്‍ അമ്മയുടെ ചില പ്രവര്‍ത്തികളോട് എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പം അവള്‍ക്കുണ്ടെന്നും താരം പറയുന്നു.

‘ഒരു സൊസൈറ്റിയുടെ മുന്നില്‍ ഒരു അമ്മ എന്തെങ്കിലും ചെയ്യുമ്പോള്‍ അമ്മേ എന്ന് അല്‍പം ഇഷ്ടക്കേടോടെ വിളിക്കാനേ അവള്‍ക്ക് പറ്റുള്ളൂ. അത് ചെയ്യേണ്ട എന്ന് പറഞ്ഞാല്‍ ഒരു പബ്ലിക്കിന്റെ മുന്നില്‍ അമ്മ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല. എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്നാല്‍, ഒരു പ്രണയം അവള്‍ കാത്തുസൂക്ഷിക്കുന്ന രീതിയുണ്ട്.

ഒരുപാട് കാലമായുള്ള ഒരു റിലേഷന്‍ഷിപ്പില്‍ അമ്മ തടസമായി നിന്നിട്ടും ഒരു കുഴപ്പവുമില്ല. ആ ഒരു ഫൈറ്റ് ഒരു ഘട്ടത്തില്‍ മോശമാകുന്നുണ്ട്. പക്ഷേ എല്ലാ ഘട്ടത്തിലും അതൊരു സൈലന്റ് വാറായി പോകുന്നുണ്ട്. ക്യാരക്ടര്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നല്ലൊരു മകളാകാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അമ്മയുടെ ജീവിതത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഇടം നല്‍കുന്ന അനഘയുടെ സമീപനമാണ് സിനിമയില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കാര്യമെന്നും താരം പറയുന്നു. അമ്മ മറ്റൊരു പാര്‍ട്ണറെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ ഒരു സോളോ ട്രിപ്പ് പോകണമെന്നും അനഘ പറയുന്നുണ്ട്. അമ്മയ്ക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തിപരമായ ഇടവും നല്‍കുന്ന ഈ സമീപനം പ്രസക്തമാണെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു.

‘ആ മകള്‍ അമ്മയുടെ അടുത്ത് പറയുന്നുണ്ട്, അമ്മ പാര്‍ട്ണറെ കണ്ടുപിടിക്കണം. ഒരു പാര്‍ട്ണറുണ്ടാവുക, അല്ലെങ്കില്‍ ഒരു സോളോ ട്രിപ്പിന് പോവുക. അങ്ങനെ ഒരു സ്‌പേസ് അമ്മയ്ക്ക് കൊടുക്കുന്നുണ്ട്. എന്തുകൊണ്ടായിക്കൂടാ? സൊസൈറ്റി പറയുന്നിടത്ത് എന്തിന് നില്‍ക്കണം എന്നൊരു ആശയം ഈ സിനിമ പറയുന്നുണ്ട്. ഇത് പുതിയതാണെന്നല്ല, പക്ഷേ വേണ്ട ഒരു കാര്യമാണ്. അത് ആശയില്‍ പറയുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.

ഭാരമേറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മാനസികമായി അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദത്തെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു. ചില കഥാപാത്രങ്ങളുടെ വൈകാരികമായ തീവ്രത നമ്മളറിയാതെ തന്നെ മാനസികമായി ബാധിച്ചേക്കാമെന്നും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ഹെവിയായ വിഷയം കൈകാര്യം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച അനുഭവമായിരുന്നു താരം പങ്കുവെച്ചത്. അതില്‍ തുടര്‍ച്ചയായി കരച്ചിലും നിലവിളിയും പ്രശ്‌നങ്ങളുമൊക്കെയായിരുന്നുവെന്നും അതിനിടെ ചിരിക്കാനുള്ള ഒരു സീനെങ്കിലും നല്‍കാമോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

Content Highlight: ‘Find Another Partner, Go on a Solo Trip, Aishwarya Lekshmi on Her Character in Aasha

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more