| Sunday, 22nd June 2025, 7:27 am

യു.എസ് വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും; ആക്രമണത്തില്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഖാംനഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇസ്രഈല്‍- ഇറാന്‍ ആക്രമണത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച യു.എസിനോടുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഖാംനഇയുടെ ടെലിഗ്രാം അക്കൗണ്ടിലൂടെ നേരത്തെ പങ്കിട്ട പോസ്റ്റ് ആവര്‍ത്തിച്ചാണ് ഖാംനഇയുടെ പ്രതികരണം.

നേരത്തെ യു.എസ് ഇടപെടലുണ്ടായാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്ക വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നടക്കമുള്ള പോസ്റ്റാണ് ഖാംനഇ പങ്കുവെച്ചത്. യു.എസിന്റെ ഇടപെടല്‍ സ്വന്തം ദോഷത്തിനായുള്ള പ്രവേശനമായിരിക്കുമെന്ന് ഖാംനഇ പറഞ്ഞു.

ഇറാന്‍ നേരിടാന്‍ പോകുന്ന ഏതൊരു പ്രത്യാഘാതത്തെക്കാളും നാശനഷ്ടങ്ങളേക്കാളും വളരെ വലുതായിരിക്കും അമേരിക്ക വരുത്തി വെയ്ക്കുന്ന നാശനഷ്ടമെന്നും ഖാംനഇ പറഞ്ഞു.

അതേസമയം ഇനി ഇറാനെതിരെ അമേരിക്ക കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോയെന്നത് കണ്ടറിയേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ദോയിലുണ്ടായ ആക്രമണത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും ഇറാന്റെ തിരിച്ചടിയെന്നും റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഫോര്‍ദോയിലും മറ്റ് കേന്ദ്രങ്ങളിലും ആണവ വസ്തുക്കളെല്ലാം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ ഇറാനില്‍ നിന്നും വരുന്നുണ്ട്.

യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ട്രംപ് ഇറാന്‍ ആക്രമിച്ചതെന്നും യാതൊരു കൂടിയാലോചനകളുമില്ലാതെയായിരുന്നു ആക്രമണമെന്നും യു.എസ് നിയമസഭാംഗം പറഞ്ഞു. അമേരിക്കയെ ഇത് അനന്തമായ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത് തടയണമെന്നും പ്രതിനിധി തോമസ് മാസി പറയുകയുണ്ടായി.

ഇറാനിലെ ഒന്നിലധികം ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ട്രംപ് പറഞ്ഞത്.

Content Highlight: The damage caused by the US will be very great; Khamenei reiterates the warning on the attack

We use cookies to give you the best possible experience. Learn more