| Monday, 1st June 2026, 10:46 am

രാജ്യത്ത് വിപ്ലവത്തിന്റെ ലക്ഷണങ്ങള്‍, അത് അക്രമ രഹിതമാകട്ടെയെന്ന് ആഗ്രഹിക്കുന്നു; മോദി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ-നിയന്ത്രണ സ്ഥാപനങ്ങളെ മനഃപൂര്‍വം തകര്‍ത്തുകൊണ്ട് രാജ്യത്തെ വ്യവസ്ഥാപിതമായി നശിപ്പിക്കുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.

ജുഡീഷ്യറി, മാധ്യമങ്ങള്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.എ.ജി, വിവിധ അന്വേഷണ ഏജന്‍സികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് വര്‍ഗീയത, ജാതിവിവേചനം, അന്ധവിശ്വാസങ്ങള്‍, ശാസ്ത്രവിരുദ്ധത എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇതിനൊപ്പം അഴിമതിയും ക്രോണിക് ക്യാപിറ്റലിസവും വഴി രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണ്.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് ഏജന്‍സികളില്‍ നടക്കുന്ന അഴിമതികളും രാജ്യത്തെ യുവാക്കളുടെ ജീവിതവും ഭാവിയും തകര്‍ക്കുകയാണെന്നും പ്രശാന്ത് ഭൂഷണന്‍ പറഞ്ഞു.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച് തിരുകിക്കയറ്റപ്പെട്ട വ്യക്തികള്‍ക്ക് ഈ തകര്‍ച്ചയില്‍ വലിയ പങ്കുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇവരെല്ലാം കണക്കുപറയേണ്ടി വരുന്ന ഒരു കാലം വിദൂരമല്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പുതിയ തലമുറയായ ജെന്‍സിയുടെ ദുരിതങ്ങള്‍ പരിധിവിട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒരു ജനകീയ മുന്നേറ്റത്തിന്റെയോ വിപ്ലവത്തിന്റെയോ ലക്ഷണങ്ങള്‍ പ്രകടമാണ്.

വരാനിരിക്കുന്ന ഈ വലിയ മാറ്റം പൂര്‍ണ്ണമായും അക്രമരഹിതമായ രീതിയില്‍ പൂര്‍ത്തിയാകട്ടെ എന്ന് താന്‍ പ്രത്യാശിക്കുകയും ആഗ്രഹിക്കുകയും ചെയ്യുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ ഉദയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതികളോടും ഭരണകൂട ചൂഷണങ്ങളോടുമുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷവും പ്രതിരോധവുമെന്ന നിലയ്ക്കാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ ആരംഭം.

പരമ്പരാഗത രാഷ്ട്രീയ ശൈലികള്‍ക്ക് ബദലായി, സാധാരണക്കാരുടെ ശബ്ദമുയര്‍ത്താനും വ്യവസ്ഥിതിക്കെതിരെ പോരാടാനുമുള്ള ഒരു പുതിയ ജനകീയ ശക്തിയായി ഇത്തരം കൂട്ടായ്മകള്‍ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Content Highlight:  The cup of woes of people in the country, especially the GenZ is overflowing sas Prashant Bhushan

Latest Stories

We use cookies to give you the best possible experience. Learn more