മഹാനായ ഫിദല്‍കാസ്ട്രോവിന്റെ ജന്മവാര്‍ഷിക ദിനമായ ആഗസ്റ്റ് 13-ന് ലോകമാകെയുള്ള ജനങ്ങള്‍ അദ്ദേഹത്തെ സ്മരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളിലേക്ക് ലോകം കടക്കുകയാണ്. ഫിദലിന്റെ പോരാട്ടങ്ങളെയും സാഹസികതയെയും ലോകമാകെയുള്ള ജനതകളുടെ വിമോചനത്തോട് അദ്ദേഹം കാണിച്ച ആഭിമുഖ്യത്തെയും പ്രതിബദ്ധതയെയും ക്യൂബന്‍ വിപ്ലവത്തിന്റെ മൗലികതയെയും അതിന്റെ സംഘാടനത്തിലും നിര്‍വ്വഹണത്തിലും പ്രകടമായ യൗവനയുക്തതയുമെല്ലാം ലോകം ചര്‍ച്ചചെയ്യും. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയും മനുഷ്യവിമോചനം നേരിടുന്ന വെല്ലുവിളികളെയും സോഷ്യലിസത്തിന്റെ ഭാവിയെയും സംബന്ധിച്ച അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ നടക്കും.
ലോകം സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തുന്ന പോരാട്ടങ്ങളിലൂടെ ഇടതുപക്ഷത്തേക്കാണ് സഞ്ചരിക്കുന്നതെന്നും വലതുപക്ഷം ചരിത്രപരമായി അതിന്റെ പരാജയത്തിലവസാനിക്കുന്ന പ്രത്യയശാസ്ത്രമാണെന്നും നിരന്തരം പഠിപ്പിച്ച വിപ്ലവാചാര്യനാണ് കാസ്ട്രോ. 1959-ലെ ക്യൂബന്‍ വിപ്ലവത്തോടെയാണ് ലാറ്റിന്‍ കരീബിയന്‍ നാടുകളില്‍ അമേരിക്കയും സി.ഐ.എയും ആസൂത്രിതമായ കടന്നാക്രമണങ്ങള്‍ ആരംഭിക്കുന്നത്. രാഷ്ട്രീയ അട്ടിമറികളും സൈനിക ഇടപെടലുകളുംകൊണ്ട് ലാറ്റിനമേരിക്കന്‍ മണ്ണിനെ രക്തപങ്കിലമാക്കുകയായിരുന്നു അമേരിക്കയും സാമ്രാജ്യത്വശക്തികളും.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ലോകം വലത്തോട്ടാണ് എന്ന് ശഠിച്ചവരോടെല്ലാം ലോകത്തെ ഞങ്ങള്‍ ഇടത്തോട്ട് തിരിച്ചുവിടുമെന്നാണ് ഫിദല്‍ കാസ്ട്രോ തന്റെ ചരിത്രത്തിലും ജനങ്ങളിലുമുള്ള വിശ്വാസപീഠത്തിലിരുന്ന് പ്രഖ്യാപിച്ചത്. ആഗോളവല്‍ക്കരണത്തിന് ബദലുകളില്ലെന്ന് കല്‍പ്പിച്ച എല്ലാ സോഷ്യലിസ്റ്റ് വിരുദ്ധ വലതുപക്ഷപ്രചാരകരോടും ഞങ്ങള്‍ പോരാട്ടത്തിന്റെ സാര്‍വദേശീയതകൊണ്ട് ലോകത്തെ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നാണ് ഫിദല്‍ ആവേശപൂര്‍വ്വം പ്രതികരിച്ചത്. ലോകം എത്രത്തോളം വലത്തോട്ടാണോ സഞ്ചരിക്കുന്നത് അതിന്റെ പതിന്‍മടങ്ങ് ഞങ്ങള്‍ ഇടത്തോട്ട് സഞ്ചരിക്കുമെന്നാണ് ക്യൂബന്‍ വിപ്ലവത്തിന്റെ തീജ്വാലകള്‍ കൊണ്ട് മനുഷ്യവിമോചനത്തിന്റെ ചക്രവാളങ്ങളിലേക്ക് പ്രകാശം വിതച്ച മഹാനായ കാസ്ട്രോ ആവര്‍ത്തിച്ച് പറഞ്ഞത്.
മനുഷ്യരുടെ സാമൂഹ്യപരിണാമത്തിന്റെ ചരിത്രഗതിയില്‍ അടിമത്വവും ഫ്യൂഡലിസവും അവസാനിപ്പിച്ച് മുതലാളിത്തത്തിലേക്ക് ലോകം പരിവര്‍ത്തനപ്പെട്ടതുപോലെ മുതലാളിത്തത്തില്‍ നിന്നും മനുഷ്യരാശി സോഷ്യലിസത്തിലേക്ക് പ്രവേശിക്കുകതന്നെ ചെയ്യും. സോഷ്യലിസം ഇനി സാധ്യമല്ലെന്ന് ചിന്തിച്ചവരെയും മുതലാളിത്തത്തിന് ബഹുബദലുകള്‍ അന്വേഷിച്ചിറങ്ങിയവരെയും ചൂണ്ടി ആഗോളവല്‍ക്കരണത്തിന് ബദല്‍ സോഷ്യലിസം മാത്രമാണെന്ന് ഫിദല്‍ താക്കീത് ചെയ്തു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം സോഷ്യലിസത്തിനെതിരായ പ്രഛണ്ഡമായ വലതുപക്ഷ പ്രചാരവേലയുടേതായ കാര്‍മേഘങ്ങളെല്ലാം നീങ്ങുമെന്നും തൊഴിലാളിവര്‍ഗവും ലോകജനതയും സോഷ്യലിസത്തെയും സ്വന്തം വിമോചനത്തെയും മുന്നോട്ടുകൊണ്ടുപോവുമെന്നും കാസ്ട്രോ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരോടും പറഞ്ഞുകൊണ്ടേയിരുന്നു.
1995-ലാണ് സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്ന് ശിഥിലമായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ സാര്‍വദേശീയസമ്മേളനം കാസ്ട്രോ മുന്‍കൈയെടുത്ത് ഹവാനയില്‍ വിളിച്ചുചേര്‍ക്കുന്നത്. ആ സമ്മേളനത്തിലാണ് സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം ചരിത്രം അവസാനിച്ചുവെന്ന അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളുടെ വാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് യൂറോപ്പിലും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെയും ജനങ്ങളുടെയും സമരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുവന്നത്.
സിയാറ്റിനില്‍ ഡബ്ലിയു.ടി.ഒ വിന്റെ മന്ത്രിതല സമ്മേളനത്തിനുനേരെ ചിയാപസ്സിലെ തദ്ദേശീയ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രക്ഷോഭം ഉള്‍പ്പെടെ ചരിത്രം സാമ്രാജ്യത്വനയങ്ങള്‍ക്കും നിയോലിബറല്‍ നയങ്ങള്‍ക്കും എതിരായി പൊരുതി മുന്നോട്ടുപോകുന്നതിന്റെ സൂചനയായിരുന്നു.
മുതലാളിത്തം നിലനില്‍ക്കുവോളം, അസമത്വങ്ങളും ചൂഷണവും നിലനില്‍ക്കുവോളം അതിനെതിരായ സമരങ്ങളും തുടരുമെന്ന സത്യത്തെ സാക്ഷ്യപ്പെടുത്തുകയായിരുന്നു സോവയറ്റനന്തര ലോകത്ത് നടന്ന ഈ പ്രക്ഷോഭങ്ങളെല്ലാം. ഈയൊരു സാഹചര്യത്തിലാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ്യൂണിയന്‍സിന്റെ സാര്‍വദേശീയ സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് കാസ്ട്രോ ലോകത്തോട് പ്രഖ്യാപിച്ചത്.
ലോകം വലത്തോട്ടേക്കല്ല ഇടത്തോട്ടേക്കാണ് സഞ്ചരിക്കുന്നത്. ആഗോളവല്‍ക്കരണത്തിന് ബദല്‍ സോഷ്യലിസം മാത്രമാണെന്ന് പ്രഖ്യാപിച്ചത്. ചരിത്രത്തിന്റെ പ്രയാണഗതിയെയും സാമൂഹ്യപരിവര്‍ത്തന സിദ്ധാന്തങ്ങളെയും മുന്‍നിര്‍ത്തി ഭാവി സോഷ്യലിസം മാത്രമാണെന്ന് ലോകത്തെ ഉണര്‍ത്തിക്കുകയും ഇച്ഛാശക്തിയോടെ സാമൂഹ്യവിപ്ലവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തൊഴിലാളിവര്‍ഗത്തെ ഉദ്ബോധിപ്പിക്കുകയുമായിരുന്നു കാസ്ട്രോ.
ഈയൊരു സാഹചര്യമെന്നത് ലാറ്റിനമേരിക്കയിലെ വെനസ്വെല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിയോലിബറല്‍ നയങ്ങള്‍ക്കെതിരായ ബദല്‍രാഷ്ട്രീയശക്തികള്‍ തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നതുമായിരുന്നു. വെനസ്വലെയില്‍ ഷാവേസും ബൊളീവിയയില്‍ ഇവ മൊറേല്‍സുമെല്ലാം എണ്ണയ്ക്കും ധാതുവിഭവങ്ങള്‍ക്കും മുകളില്‍ അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകകള്‍ ചെലുത്തുന്ന അധീശത്വത്തെ ചോദ്യംചെയ്യുകയും എല്ലാ രംഗത്തും സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇടതുപക്ഷ നയങ്ങള്‍ക്കുവേണ്ടി പോരാടുകയായിരുന്നു. ലാറ്റിനമേരിക്കന്‍ നാടുകളിലെ ഈ ഇടതുപക്ഷ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക് ദിശാബോധവും ആവേശവും പകര്‍ന്നത് ക്യൂബയും മഹാനായ കാസ്ട്രോയുമായിരുന്നു.
സാമ്രാജ്യത്വത്തെയും അതിന്റെ അധിനിവേശപദ്ധതികളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാന്‍ ലോകജനതയ്ക്കും ദേശീയജനസമൂഹങ്ങള്‍ക്കും കാസ്ട്രോ എന്നും ആവേശം പകര്‍ന്നു. ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങള്‍ക്കും അതിനുമുമ്പ് അഫ്ഗാനെ താലിബാനീകരിച്ച അമേരിക്കന്‍ അധിനിവേശത്തിനും ഇറാനെതിരായ കടന്നാക്രമണങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോട് നിരന്തരം കാസ്ട്രോ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പം അദ്ദേഹം നിലകൊണ്ടു.
കാസ്ട്രോവിന്റെ സാര്‍വദേശീയതയെ പിന്തുടര്‍ന്നുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ വെനിസ്വലന്‍ പ്രസിഡണ്ടായിരുന്നു ഹ്യൂഗോഷാവേസ് അമേരിക്കന്‍ പ്രസിഡണ്ട് ബുഷിനെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ ചോരകുടിക്കുന്ന, സ്വതന്ത്ര പരമാധികാര രാജ്യങ്ങളെ കടന്നാക്രമിക്കുന്ന സാമ്രാജ്യത്വഭീകരതക്കെതിരെ ലോകമാകെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നത് കാസ്ട്രോവിന്റെ ആഹ്വാനങ്ങളായിരുന്നു.
സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തിരോധാനത്തിന് ശേഷവും കാസ്ട്രോ സാര്‍വദേശീയതലത്തില്‍ ലോകജനതയുടെ ദേശീയവിമോചനത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുനല്‍കുകയായിരുന്നു.
പോരാട്ടം മാത്രമാണ് ജീവിതമെന്ന് മഹാനായ മാര്‍ക്സിനെപോലെ കാസ്ട്രോവും വിശ്വസിച്ചിരുന്നു. സമരരഹിതമായ ജീവിതമെന്നത് മരണസമാനമാണെന്ന് കാസ്ട്രോ കരുതിയിരുന്നു. പഠിക്കുന്ന കാലത്തുതന്നെ വ്യത്യസ്തമായി ചിന്തിക്കുകയും ലോകത്തെ നോക്കിക്കാണുകയും യൗവനത്തിലെത്തിയതോടെ ചൂഷകര്‍ക്കും മര്‍ദ്ദകര്‍ക്കുമെതിരെ സാഹസികമായിതന്നെ പൊരുതാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത ഇതിഹാസോജ്ജ്വലമായ ജീവിതത്തിന്റെ ഉടമയാണ് ഫിദല്‍കാസ്ട്രോ. അമേരിക്കയുടെയും ലോകസാമ്രാജ്യത്വശക്തികളുടെയും നിരന്തരമായ കടന്നാക്രമണങ്ങളെയും ഗൂഢാലോചനകളെയും പ്രതിരോധിച്ചുകൊണ്ടാണ് കാസ്ട്രോ വിപ്ലവ ക്യൂബയെ മുന്നോട്ടുനയിച്ചത്.
1950 കളുടെ അവസാനം ക്യൂബന്‍വിപ്ലവത്തോടെയാണല്ലോ അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധം ക്രൂരവും നഗ്‌നവുമായ മാനങ്ങളില്‍ പ്രകടമാവുന്നത്. കമ്യൂണിസത്തിനും ക്യൂബയ്ക്കുമെതിരായ ഇടപെടലുകള്‍ എല്ലാ സീമകളെയും തകര്‍ത്ത് പത്തിവിടര്‍ത്തി ആടുന്നതാണ് ലോകം കണ്ടത്. അതിന്നും തുടരുന്നു. സി.ഐ.എയുടെ മുന്‍കൈയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ക്യൂബയ്ക്കെതിരായ പ്രതിവിപ്ലവ പദ്ധതിയനുസരിച്ചാണ് ഫിദല്‍കാസ്ട്രോവിന് നേരെ തുടര്‍ച്ചയായ ഗൂഢാലോചനകളും വധശ്രമങ്ങളുമുണ്ടായത്. 638 തവണയാണ് ആ വിപ്ലവനേതാവിനുനേരെ സി.ഐ.എയുടെ വധശ്രമങ്ങളുണ്ടായത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകളെയും സോഷ്യലിസ്റ്റ് ജനാധിപത്യസ്വഭാവത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വ്യക്തികളെയും വരെ ഉന്മൂലനം ചെയ്ത് ഇല്ലാതാക്കുന്ന പദ്ധതികളാണ് സി.ഐ.എയും പെന്റഗണും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഇത് ലാറ്റിനമേരിക്കയിലാകെ കൂട്ടക്കൊലകളുടെ പരമ്പരകളാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് മധ്യഅമേരിക്കയില്‍ സി.ഐ.എയുടെ മുന്‍കയ്യില്‍ അരങ്ങേറിയ കൂട്ടക്കൊലകളും രാഷ്ട്രീയ അട്ടിമറികളും. ബൊളീവിയന്‍ സൈനികയുദ്ധങ്ങളില്‍ നേരിട്ട് നേതൃത്വം നല്‍കിയ ചെഗുവേരയെ അവര്‍ നിഷ്ഠൂരമായി വധിച്ചു. വേണ്ടത്ര തങ്ങളെ അനുസരിക്കുന്നില്ലെന്ന് തോന്നുന്ന പ്രസിഡന്റുമാരെ ഗ്വാട്ടിമലയിലും എല്‍സാല്‍വദോറിലും തുടര്‍ച്ചയായി അട്ടിമറിക്കുകയെന്നത് പതിവാക്കി മാറ്റി.
അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകകള്‍ കയ്യടക്കിവെച്ചിരിക്കുന്ന കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാന്‍ സമരം നടത്തുന്ന റെഡ് ഇന്ത്യക്കാര്‍ക്ക് പ്രാമുഖ്യമുള്ള കര്‍ഷകസംഘടനകളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വിമോചനഗ്രൂപ്പുകളെയും ഇല്ലാതാക്കാന്‍ ഡെത്ത് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കാന്‍ ഭീകരമര്‍ദ്ദകരും കൊലയാളികളുമായ ഫാസിസ്റ്റുകളെ തെരഞ്ഞെടുത്തു. ‘സ്‌ക്കൂള്‍ ഓഫ് അമേരിക്കാസി’ല്‍ പരിശീലിപ്പിച്ചു. ഇത്തരം ഡെത്ത് സ്‌ക്വാഡുകളുടെ നിഷ്ഠൂരമായ നടപടികളിലും കൂട്ടക്കൊലകളിലും പ്രതിഷേധിക്കുന്നവരെ പോലും തെരഞ്ഞുപിടിച്ച് കശാപ്പുചെയ്തു. കൊലക്കും ഭീകരതക്കും പരിശീലനം കിട്ടിയ ഡെത്ത് സ്‌ക്വാഡുകളുടെ അഴിഞ്ഞാട്ടത്തില്‍ മനുഷ്യത്വവും ജനാധിപത്യവും ചവിട്ടിയരക്കപ്പെട്ടു.
എല്‍സാല്‍വദോറിലെ കത്തോലിക്കാ ബിഷപ്പ് റഫിറോയെ നിഷ്ഠൂരമായി കൊലപ്പെടുത്തി മൃതശരീരം നഗ്‌നമാക്കി ഏറ്റവും അപമാനിക്കപ്പെട്ട തരത്തില്‍ തെരുവിലിട്ടത് ഡെത്ത് സ്‌ക്വാഡുകള്‍ക്കെതിരെ സാര്‍വ്വദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു. ജോണ്‍. എഫ്.കെന്നഡിയുടെ കാലംതൊട്ട് ഗ്വാട്ടിമലയില്‍ നടന്ന കൂട്ടക്കൊലകളില്‍ ഏറ്റവും ചുരുങ്ങിയത് 50,0000 പേരെങ്കിലും കശാപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്ക തന്നെ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്.
ഈയൊരു കാലഘട്ടത്തില്‍ ലാറ്റിനമേരിക്കയില്‍ രണ്ടു ലക്ഷത്തിലധികം കത്തോലിക്കരെങ്കിലും കൂട്ടക്കൊലകള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് നോംചോംസ്‌കി പറയുന്നത്. ഗ്രനഡയിലെ സൈനിക ഇടപെടലും പനാമയിലെ സി.ഐ.എയുടെ മയക്കുമരുന്ന് കച്ചവടത്തിന് തടസ്സം നിന്ന പ്രസിഡന്റ് നൊറീഗയെ പിടിച്ചുകെട്ടി അമേരിക്കയില്‍ കൊണ്ടുവന്ന് തുറുങ്കിലടച്ചതും ഈയൊരു കാലഘട്ടത്തിലെ അമേരിക്കന്‍ തെമ്മാടിത്തത്തിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇപ്പോഴും ഇത് തുടരുന്നു. മാസങ്ങള്‍ക്കുമുമ്പാണ് വെനിസ്വലന്‍ പ്രസിഡണ്ട് മഡൂറയെയും ജീവിതപങ്കാളിയെയും അമേരിക്കന്‍ ഡെല്‍റ്റാ ഫോഴ്സ് കാരക്സില്‍ ചെന്ന് പിടിച്ചുകെട്ടി വിമാനത്തില്‍ കയറ്റി അമേരിക്കയിലേക്ക് കൊണ്ടുപോയത്.
മറ്റൊരു ക്യൂബ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ആസൂത്രിതമായ പരിപാടികളാണ് ലാറ്റിനമേരിക്കന്‍ നാടുകളില്‍ സി.ഐ.എ ആവിഷ്‌ക്കരിച്ചത്. കമ്യൂണിസവും സോഷ്യലിസ്റ്റ് വിമോചനപ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളിയെ നേരിടാനും തകര്‍ക്കാനും കഴിയുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളാണ് അമേരിക്ക രൂപപ്പെടുത്തിയത്. ചിലിയില്‍ അലന്‍ഡെയെ അട്ടിമറിച്ച് പിനോഷെയെ അധികാരത്തില്‍ വാഴിച്ചു. രക്തപങ്കിലമായ കശാപ്പുകളാണ് പിനോഷെ അഴിച്ചുവിട്ടത്. അര്‍ജന്റീനയില്‍ 50,000-ഓളം യുവാക്കളാണ് ഇക്കാലത്ത് അപ്രത്യക്ഷമായത്.
അവിടെ രൂപംകൊണ്ട അമ്മമാരുടെ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ പറയുന്ന ഹൃദയഭേദകമായ അനുഭവങ്ങള്‍ അമേരിക്കന്‍ ക്രൂരതയുടെ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കഥകളാണ്. തങ്ങളുടെ മക്കളെയെല്ലാം സൈന്യത്തിനകത്തെ ഡെത്ത് സ്‌ക്വാഡുകള്‍ കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നാണ് ഈ അമ്മമാര്‍ ഗദ്ഗദത്തോടെ, അദമ്യമായ രോഷത്തോടെ ലോകത്തോട് പറയുന്നത്. ഇതെല്ലാം നടന്നത് സി.ഐ.എയുടെ നേതൃത്വത്തിലായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങളെ മയപ്പെടുത്തുക എന്ന തന്ത്രത്തോടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റണ്‍ ഗ്വാട്ടിമലയിലെയും അര്‍ജന്റീനയിലെയും തങ്ങളുടെ ഭൂതകാല ചെയ്തികള്‍ക്ക് മാപ്പു ചോദിക്കുകയുണ്ടായി.
എല്‍സാല്‍വദോറില്‍ മാത്രം ഇക്കാലയളവില്‍ സി.ഐ.എയുടെ ഓപ്പറേഷനുകള്‍ക്കായി 450 കോടി ഡോളറാണ് അമേരിക്ക പമ്പ് ചെയ്തത്. കാത്തോലിക്കാപ്പള്ളി തന്നെ ഈ കൂട്ടക്കൊലകളില്‍ സി.ഐ.എ വഹിച്ച പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എഴുപതുകളില്‍ എല്‍സാല്‍വദോറിലെ സെന്‍ട്രല്‍ മെറാസോണ്‍ മേഖലയിലെ മൊസോട്ടെ എന്ന റെഡ് ഇന്ത്യന്‍ ഗ്രാമത്തില്‍ അതിക്രമിച്ച് കടന്നുകയറി ‘അറ്റ്ലാകാറ്റല്‍’ എന്ന സൈനിക ബറ്റാലിയന്‍ നടത്തിയ മൃഗീയമായ കൂട്ടക്കുരുതി ചരിത്രത്തില്‍ ഏറ്റവും കിരാതമായ നരഹത്യകളില്‍ ഒന്നാണ്. ഈ മൃഗീയമായ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ സൈനിക ബറ്റാലിയനെ പരിശീലിപ്പിച്ചത് സി.ഐ.എ ആണെന്ന വസ്തുത കത്തോലിക്കാസഭ തന്നെ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതാണ്.
ക്യൂബക്ക് നേരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന കുത്തിത്തിരിപ്പുകളും ഗൂഢാലോചനകളും അവിരാമമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവിലെ ക്യൂബക്കെതിരായ ഗൂഢാലോചനകളും അട്ടമറിശ്രമങ്ങളും രേഖപ്പെടുത്താന്‍ ഒരു പക്ഷെ മഹാഗ്രന്ഥങ്ങള്‍ തന്നെ രചിക്കേണ്ടിവരും. ഫിദല്‍ കാസ്ട്രോവിനെ വധിക്കാന്‍ നടത്തിയ അനവധിയായ ശ്രമങ്ങള്‍ക്ക് പുറമെ ക്യൂബന്‍ വിമതന്മാരെയും പലായനം ചെയ്തവരെയും സംഘടിപ്പിച്ച് ഒരു പ്രതിവിപ്ലവപദ്ധതിയുടെ പ്രായോഗത്തിലാണ് അമേരിക്ക, മിയാമി നഗരത്തില്‍ അമേരിക്ക കുടിയിരുത്തിയിരിക്കുന്ന ക്യൂബന്‍ പ്രവാസികളെ ഉപയോഗപ്പെടുത്തി കാസ്ട്രോ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിയുമോയെന്ന പരീക്ഷണമാണ് സി.ഐ.എ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ക്യൂബയുടെ ‘ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനപരിപാടി’ക്കായി 80 മില്യന്‍ ഡോളറാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്നത്. കാസ്ട്രോവിന്റെയും വെനിസ്വലന്‍ പ്രസിഡന്റ് ഷാവേസിന്റെയും ധീരവും അപ്രതിരോധ്യവുമായ നേതൃത്വത്തിന്‍ കീഴില്‍ ലാറ്റിനമേരിക്കന്‍ നാടുകളിലും കരീബിയന്‍ ദ്വീപുകളിലും രൂപപ്പെട്ടുവന്ന അമേരിക്കന്‍ വിരുദ്ധ പ്രസ്ഥാനങ്ങളെയും രാഷ്ട്രങ്ങളെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസ്ഥിരീകരണത്തിന്റെയും കടന്നാക്രണത്തിന്റെയും പരിപാടികളാണ് സി.ഐ.എയും പെന്റഗണും രൂപപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക ക്യൂബക്കെതിരായ കടുത്ത ഉപരോധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ക്യൂബന്‍ സമ്പദ്ഘടനയെയും ജനങ്ങളെയും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ക്യൂബന്‍ വിപ്ലവത്തിന്റെ നേതാവും കാസ്ട്രോവിന്റെ സഹോദരനുമായ റൗള്‍ കാസ്ട്രോവിനെതിരെ അമേരിക്കന്‍ പ്രതിരോധവകുപ്പ് കേസെടുത്തിരിക്കുകയാണ്. 1996-ല്‍ ബ്രദേഴ്സ് ടു റസ്‌ക്യൂ എന്ന അമേരിക്കയുടെ നിരീക്ഷക വിമാനം വെടിവെച്ചിട്ടതിനാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കാസ്ട്രോവിന്റെ ജീവിതവും സമരങ്ങളും ലോകമാകെയുള്ള വിമോചനകാംക്ഷികള്‍ക്കും കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്കും മാതൃകയാണ്. അലന്‍ജാന്‍ഡ്രോ കാസ്ട്രോറൂസ് എന്നാണ് ഫിദലിന്റെ പൂര്‍ണനാമം. ക്യൂബയിലെ ബാറ്റിസ്റ്റ ഭരണത്തെ അവസാനിപ്പിച്ച് അധികാരം പിടിച്ചെടുത്ത ഫിദലിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ ലാറ്റിന്‍ കരീബിയന്‍ നാടുകളുടെ വിമോചനസമരങ്ങള്‍ക്ക് സോഷ്യലിസ്റ്റ് ദിശാബോധം നല്‍കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ നാടുകളില്‍ അമേരിക്കന്‍ കൊളോണിയലിസം സൃഷ്ടിച്ച അടിമത്വത്തിനും മര്‍ദ്ദകവാഴ്ചക്കുമെതിരായി ചിന്തിച്ചുതുടങ്ങിയതോടെയാണ് ഫിദല്‍ 1947-ല്‍ ക്യൂബയിലെ ഓര്‍ത്തഡോക്സ് പാര്‍ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ക്യൂബയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ അനീതിക്കെതിരെ പ്രതിഷേധിക്കാനായി എഡ്വേര്‍ഡോ ചിബാസ് സ്ഥാപിച്ച പാര്‍ടിയാണ് ഓര്‍ത്തഡോക്സ് പാര്‍ടി. ക്യൂബന്‍ ജനതയുടെ ദേശീയബോധത്തെ ഉണര്‍ത്തിയെടുത്തുകൊണ്ട് അമേരിക്കയില്‍ നിന്നുള്ള മോചനത്തിനും സാമ്പത്തികസ്വാതന്ത്ര്യത്തിനും വരേണ്യസ്വാധീനത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാനുള്ള മുദ്രാവാക്യങ്ങളാണ് ചിബാസ് മുന്നോട്ടുവെച്ചത്.
ക്യൂബ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ആദംസിന്റെ ഭാഷയില്‍ സ്പാനിഷ് മരത്തില്‍ തൂങ്ങിക്കിടക്കുന്ന ആപ്പിളായിരുന്നു. 1899 ജനുവരി ആ ആപ്പിള്‍ തങ്ങളുടെ സ്വന്തമാക്കാനാണ് അമേരിക്ക ക്യൂബയിലേക്ക് വന്നത്. അമേരിക്കന്‍ ഇടപെടല്‍ ഉറപ്പുവരുത്തുംവിധം ക്യൂബന്‍ ഭരണഘടനയില്‍ അവര്‍ മാറ്റം വരുത്തി. അമേരിക്കന്‍ പട്ടാളത്താവളമായി മാറിയ ക്യൂബയില്‍ 1901-ലാണ് പ്ലാറ്റ് ഭേദഗതി എന്ന് വിളിക്കുന്ന അമേരിക്കയ്ക്ക് ഇടപെടാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇതിനെ തുടര്‍ന്നാണ് 1902-ല്‍ തോമസ എസ്ത്രോതര്‍മ്മ ക്യൂബയുടെ പ്രസിഡണ്ടാവുന്നത്. പിന്നീടുള്ള 1925 വരെയുള്ള വര്‍ഷങ്ങളില്‍ പല പ്രസിഡണ്ടുമാര്‍ ക്യൂബയില്‍ അധികാരം കയ്യാളി.
ജനറല്‍ ജറാര്‍ദോ മച്ചാര്‍ദോ അധികാരത്തില്‍ വന്നതോടെ ക്യൂബ ഏകാധിപത്യത്തിന്റെ നിഴലിലായി. മച്ചാദോ മൊറൈസിന്റെ ഏകാധിപത്യഭരണത്തിനെതിരെ പീപ്പിള്‍സ് സോഷ്യലിസ്റ്റ പാര്‍ടിയുടെ നേതൃത്വത്തില്‍ കലാപം നടത്തി. സായുധരായി തെരുവുകളിലിറങ്ങിയ തൊഴിലാളികള്‍ ലാസ്വില്ലാസ് പ്രവിശ്യയിലെ 36 പഞ്ചസാര മില്ലുകള്‍ പിടിച്ചെടുക്കുകയും നാട്ടിന്‍പുറങ്ങളില്‍ സോവിയറ്റുകള്‍ എന്നപേരില്‍ പ്രത്യേകഭരണസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പീപ്പിള്‍സ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളായ ജൂലിയോമെല്ലെയും റൂബനും രക്തസാക്ഷികളായി. 1933 ആഗസ്റ്റില്‍ മച്ചാദോ ജനകീയ കലാപത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒളിച്ചോടി. ഈ സാഹചര്യത്തിലാണ് ഗ്രൗ പ്രസിഡണ്ടാവുന്നത്.
കേവലം നാലു മാസംകൊണ്ടുതന്നെ അമേരിക്ക ഇടപെടുകയും ഗ്രൗവിനെ പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് അമേരിക്ക തങ്ങളുടെ വിശ്വസ്തനായ ഫുള്‍ജന്‍ഷിയോ ബാറ്റിസ്റ്റയെ പ്രസിഡണ്ടാക്കി വാഴിക്കുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന പീപ്പിള്‍സ് സോഷ്യലിസ്റ്റ് പാര്‍ടിയെ നിരോധിച്ചു. ഇതോടെ ക്യൂബയുടെ സാമ്പത്തികരംഗമാകെ അമേരിക്കയുടെ കൈകളിലായി. യനൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും മറ്റ് കമ്പനികളും ക്യൂബയില്‍ ഭൂമിയാകെ വാങ്ങിക്കൂട്ടുകയായിരുന്നു. മമ്പീസകള്‍ എന്നറിയപ്പെടുന്ന ക്യൂബന്‍ സ്വാതന്ത്ര്യഭടന്‍മാരുടെ ഭൂമിയും അവര്‍ തട്ടിയെടുത്തു. ക്യൂബയിലെ പഞ്ചസാര മില്ലുകളും കരിമ്പിന്‍തോട്ടങ്ങളും അവര്‍ സ്വന്തമാക്കി. 1905 ആകുമ്പോഴേക്കും ക്യൂബയുടെ ഭൂമേഖലയുടെ 10 ശതമാത്തോളം 13000 അമേരിക്കക്കാരുടെ കൈകളിലായി. പ്രസിഡണ്ട് മണ്‍റോവിന്റെ കാലം മുതല്‍ അമേരിക്ക ലാറ്റിന്‍ നാടുകള്‍ നടത്തിയ അധിനിവേശത്തിന്റെ ചരിത്രം സാമ്രാജ്യത്വ ഭീകരതയുടേതായിരുന്നു.
ഫിദല്‍കാസ്ട്രോവിന് ലാറ്റിനമേരിക്കന്‍ നാടുകളില്‍ അമേരിക്ക നടത്തുന്ന അധിനിവേശത്തെ സംബന്ധിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫിദലിനെ ഇതിനെതിരായി മൗനം പാലിക്കാന്‍ കഴിയുമായിരുന്നില്ല. നിഷ്‌ക്രിയനായി തുടരാനും പറ്റുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഓര്‍ത്തഡോക്സ് കക്ഷിയില്‍ ചേര്‍ന്നതും അമേരിക്കയുടെ കൊളോണിയല്‍ കുത്തിത്തിരിപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചതും.
പ്രത്യേക സായുധ ഗ്രൂപ്പുകളുണ്ടാക്കി ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തിനെതിരായി സമരം ആരംഭിച്ചതും ക്യൂബന്‍ വിമോചനം സാധിച്ചെടുത്തതും. ലോകം ഹൃദയത്തിലേറ്റിയ വിപ്ലവകാരിയാണ് ഫിദല്‍കാസ്ട്രോ. ക്യൂബന്‍ വിപ്ലവത്തിന്റെ സാര്‍വദേശീയതയും അത് മനുഷ്യരാശിക്ക് നല്‍കിയ സാമ്രാജ്യത്വവിരുദ്ധ വിമോചനദര്‍ശനങ്ങളും തീവ്രവലതുപക്ഷവല്‍ക്കരണത്തെയും സാമ്രാജ്യത്വനൃശംസതയെയും പ്രതിരോധിക്കാനും അതിജീവിക്കാനും നമുക്ക് സഹായകരമാവും.