കണ്ണൂര്‍: കൈയില്‍ കുമിഞ്ഞുകൂടിയ സമ്പത്തും അധികാരവും കാരണവും നാടിനെ മറന്നത് കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പരാജയപ്പെട്ടതെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ഓണ പതിപ്പിലെഴുതിയ ലേഖനത്തിലായിരുന്നു മുകുന്ദന്റെ വിമര്‍ശനം. ഫുട്‌ബോള്‍ മൈതാനത്ത് വീണ കണ്ണീര്‍ എന്ന ലേഖനത്തില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ തോറ്റത് പോലെയാണ് സി.പി.ഐ.എമ്മിന്റെ തോല്‍വിയെന്നും മുകുന്ദന്‍ പറഞ്ഞു. ബ്രസീല്‍ കളിക്കാര്‍ കളിച്ചത് കാണികള്‍ക്ക് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ അല്ല. ബ്രസീലിലേയും അര്‍ജന്റീനയിലേയും കളിക്കാര്‍ സമ്പന്നരാണ്. ആയിരം കോടിക്ക് മുകളിലാണ് ഓരോരുത്തരുടെയും സമ്പത്ത്. ഇതുപോലുള്ളൊരാള്‍ എന്തിന് കളത്തിലിറങ്ങി വിയര്‍ത്ത് കളിക്കണം,’ ലേഖനത്തില്‍ പറയുന്നു.
മത്സരം ജയിക്കണമെങ്കില്‍ ഉള്ളില്‍ തീയുണ്ടാവണമെന്നും ബ്രസീലിലേയും അര്‍ജന്റീനയിലേയും താരങ്ങളുടെ ഉള്ളില്‍ നിന്ന് അത് കെട്ടുപോയിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. സി.പി.ഐ.എം ദയനീയമായി തോറ്റതിന്റെ പിന്നിലെ രസതന്ത്രവും ഇത് തന്നെയാവാമെന്നും അദ്ദേഹം പറഞ്ഞു.
‘സി.പി.ഐ.എം റാലികളില്‍ ജനങ്ങള്‍ സ്വയം ഒഴുകി വന്നതായിരുന്നില്ല, കൊണ്ടുവന്നതായിരുന്നു. അത് കൊണ്ടാണ് അവര്‍ സി.പി.ഐ.എമ്മിന് വോട്ട് ചെയ്യാതിരുന്നത്,’ മുകുന്ദന്‍ പറഞ്ഞു. ബ്രസീല്‍ താരങ്ങള്‍ കാണികളെ മറന്നത് പോലെ സി.പി.ഐ.എം ജനത്തെ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഇടത് പക്ഷം ഇല്ലാതാവരുത്. അത് സംഭവിച്ചാല്‍ ആ സ്ഥാനത്ത് ബി.ജെ.പി വരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഇല്ലാതാവരുത്. അത് സംഭവിച്ചാല്‍ ആ സ്ഥാനത്ത് ബി.ജെ.പി വരുമെന്ന് പിണറായി എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ,’ മുകുന്ദന്‍ പറഞ്ഞു.
Content Highlight: The CPIM forgot the people once wealth came its way—much like Brazilian players who forgot the spectators: M. Mukundan.