ലഖ്നൗ:പശുക്കളുടെ ഐശ്യര്യത്തിനായി ഗോവര്‍ധന പൂജ നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര ഗോശാലയിലാണ് പ്രത്യേക പൂജകളും ഗോസേവയും നടത്തിയത്.
ഇന്ത്യയെപ്പോലെയുള്ള ഒരു കാര്‍ഷിക-ഋഷി പാരമ്പര്യമുള്ള രാജ്യത്തിന്റെ ആത്മാവാണ് പശുക്കളെന്ന് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യോഗി പറഞ്ഞു. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളുടെ സാക്ഷാത്കാരത്തിന് ഗോസേവ പ്രധാനമാണെന്നും, പശുക്കളെ സംരക്ഷിക്കുന്ന ഇടങ്ങളില്‍ ഐശ്വര്യവും സമൃദ്ധിയും തനിയെ വന്നുചേരുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
‘ഇന്ന് ഗോവര്‍ദ്ധന പൂജയാണ്. കാര്‍ഷിക ഋഷി പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ഭാരതം പോലൊരു രാജ്യത്ത്, പശു അതിന്റെ ആത്മാവായി വര്‍ത്തിക്കുന്നു. ഗോവര്‍ദ്ധന പൂജയോടനുബന്ധിച്ച് പശുക്കളെ പൂജിക്കുന്ന ചടങ്ങ് ഇവിടെ ഇപ്പോള്‍ പൂര്‍ത്തിയായിട്ടേയുള്ളൂ.
പശു വെറുമൊരു മൃഗമല്ല, അത് ഈ ലോകത്തിലെ വിലമതിക്കാനാകാത്ത ഒരു സമ്മാനമാണ്, സമൃദ്ധിയുടെ യഥാര്‍ത്ഥ നിധിയാണ്. പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്ന ഏതൊരു പാരമ്പര്യത്തിലും സന്തോഷവും സമൃദ്ധിയും സ്വാഭാവികമായും വന്നുചേരും,’ യോഗി പറഞ്ഞു. മുഖ്യമന്ത്രി ഗോശാലയിലെത്തി പൂജ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യോഗി കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
പശുക്കളെ സംരക്ഷിക്കുന്നതിനായി താന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. പശുക്കള്‍ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് കൃഷി നശിപ്പിക്കുന്നത് തടയാനും അവയ്ക്ക് മികച്ച പരിചരണവും പശു വളര്‍ത്തലിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ഉറപ്പാക്കാനാണ് യു.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗോവര്‍ധന്‍ പദ്ധതിയിലൂടെ ചാണകത്തില്‍ നിന്ന് കംപ്രസ്ഡ് ബയോഗ്യാസും എഥനോളും ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Content Highlight: The cow is not merely an animal; it is a true treasure of prosperity: Yogi Adityanath