തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണോദ്ഘടാനം (കെ.ഐ.ഒ.ടി.ടി) നാളെ (ശനി) കോഴിക്കോട് ചേവായൂരില്‍ വെച്ച് നടക്കും.
നിസഹായരായ മനുഷ്യര്‍ക്ക് മുന്നില്‍ പുതിയ ജീവിതത്തിന്റെ വെളിച്ചവും പ്രതീക്ഷയും പകരാന്‍ ഉതകുന്ന ഇത്തരമൊരു പദ്ധതി ഇന്ത്യയിലെ പൊതുമേഖലയില്‍ ആദ്യമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കോര്‍ണിയ തുടങ്ങി സങ്കീര്‍ണമായ എല്ലാ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും കെ.ഐ.ഒ.ടി.ടിയില്‍ ലഭ്യമാകും.
525 കോടി രൂപയുടെ ഈ പദ്ധതി കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രതിവര്‍ഷം ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഈ കേന്ദ്രത്തിന് സാധിക്കും.
കെ.ഐ.ഒ.ടി.ടിയിലെ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി മാത്രം 99 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് നൂതനമായ ഗവേഷണങ്ങള്‍ക്കും മെഡിക്കല്‍ വിദഗ്ധര്‍ക്കുള്ള പരിശീലനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ അവയവ മാറ്റിവെക്കല്‍ ശസ്ത്രകിയകളുടെ 90 ശതമാനവും നടക്കുന്നത് സ്വകാര്യ മേഖലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ അതിഭീമമായ ചികിത്സാചെലവ് കാരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ ചികിത്സാസൗകര്യം, സ്വകാര്യ ആശുപ്രത്രികളിലാകുന്ന ചെലവിന്റെ മൂന്നിലൊന്ന് നിരക്കില്‍ കെ.ഐ.ഒ.ടി.ടിയിൽ നല്‍കുമെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിൽ എഴുതി .
പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവത്ക്കരിച്ചും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന ബദലിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി കെ.ഐ.ഒ.ടി.ടി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എസിലെയും ചൈനയിലെയും സമാനമായ സംവിധാനങ്ങളിലെ അത്യാധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. അവയവങ്ങള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയകള്‍ ലക്ഷ്യമാക്കി ഇത്രയും വിപുലമായ ഒരു സമഗ്ര കേന്ദ്രം, ലോകത്തുതന്നെ മൂന്നാമത്തേതായി കേരളത്തിലാണ് ഉയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലയെ ദുര്‍ബലമാക്കി ആരോഗ്യരംഗത്തെ പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുക്കുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ ശക്തമായ മറുപടിയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സംരക്ഷണം ഒരു കച്ചവടമല്ലെന്നും മറിച്ച് ഓരോ മനുഷ്യന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് കെ.ഐ.ഒ.ടി.ടിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The country’s first complete organ transplant institute is in Kozhikode