ന്യൂദൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുമെന്ന പ്രധാനമന്ത്രിയുടെ സൂചന സർക്കാരിന്റെ സാമ്പത്തിക പരാജയം വെക്തമാകുന്നതാണെന്ന് കോൺഗ്രസ്.
സർക്കാരിന്റെ പ്രചാരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് രാജ്യത്തെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെയെന്നും പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ചെലവുചുരുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദത്തിലാണെന്ന് കാണിക്കുന്നതാണെന്നും കോൺഗ്രസ് പറഞ്ഞു.
ഹൈദരാബാദിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥനകൾ ഔദ്യോഗിക കണക്കുകൾ പറയുന്നതിനേക്കാൾ അതീവ ഗുരുതരമാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതി എന്നാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
ഇന്ധനവില വർധനവ് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാമെന്നും ജനങ്ങൾക്കിടയിൽ ഇത്തരം നടപടികൾക്ക് സ്വീകാര്യതയുണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോൾ ബോധപൂർവ്വം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘തൊഴിലില്ലായ്‌മ, വേതനമില്ലായ്മ, വർദ്ധിച്ചുവരുന്ന കുടുംബ കടബാധ്യതകൾ, സ്വകാര്യ നിക്ഷേപങ്ങളുടെ പോരായ്മ എന്നിവമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ മോദി സർക്കാരിന്റെ പ്രചാരണങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണെന്നത് ദീർഘകാലമായി വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങൾ മിതമായി ഉപയോഗിക്കണമെന്ന മോദിയുടെ ആഹ്വാനത്തെ കഴിഞ്ഞ ദിവസവും കോൺഗ്രസ് വിമർശിച്ചിരുന്നു. നിലവിലുള്ള യു.എസ് – ഇറാൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് പാർട്ടി ആരോപിച്ചു.
ആഗോള പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം, ഉപയോഗം കുറയ്ക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്നത് ലജ്ജയില്ലാത്തതും നിരുത്തരവാദപരവും അധാർമ്മികവുമാണെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു.
ഇന്നലെ (ഞായർ) ഹൈദരാബാദിൽ ബി.ജെ.പി റാലിയിൽ സംസാരിക്കവെയാണ് മോദി ഇന്ധന ഉപഭോഗം കുറയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചത്. വിദേശനാണ്യം ലാഭിക്കുന്നതിനായി മെട്രോ റെയിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, പാഴ്സൽ നീക്കങ്ങൾക്കായി റെയിൽവേയെ കൂടുതൽ ആശ്രയിക്കുക തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം നിർദേശിച്ചിരുന്നു.
Content Highlight:The country’s economy is under severe pressure; Congress attacks the Prime Minister on austerity policies