ന്യൂദല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ ‘മതേതര, സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് പുനപരിശോധിക്കണമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഭരണഘടന മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതല്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.
ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അവര്‍ അത് നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര്‍.എസ്.എസിന്റെ നിര്‍ദേശം നമ്മുടെ ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള മനപൂര്‍വമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍, ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ‘സോഷ്യലിസ്റ്റ്, മതേതര’ എന്നീ പദങ്ങള്‍ അംബേദ്കറുടെ ഭരണഘടനയുടെ യഥാര്‍ത്ഥ കരടിന്റെ ഭാഗമല്ലായിരുന്നുവെന്ന് ആരോപിച്ചിരുന്നു.
1976-ല്‍ 42-ാമത് ഭേദഗതിയിലൂടെ അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ്, ജുഡീഷ്യറി, മൗലികാവകാശങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കിയ കാലഘട്ടത്തിലായിരുന്നു അവ ചേര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു.
‘ബാബാ സാഹിബ് അംബേദ്കര്‍ എഴുതിയ ആമുഖത്തില്‍ ഒരിക്കലും ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത്, ജുഡീഷ്യറി മൗലികാവകാശങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കിയ കാലഘട്ടത്തിലായിരുന്നു അവ ചേര്‍ത്തത്,’ ഹൊസബലെ പറഞ്ഞു.
ആ കാലയളവില്‍ നടന്ന സ്വേച്ഛാധിപത്യ അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അംബേദ്കര്‍ രചിച്ച ഭരണഘടന ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.
‘1949 നവംബര്‍ 30 മുതല്‍ ഡോ. അംബേദ്കര്‍, നെഹ്റു തുടങ്ങി ഭരണഘടനയുടെ രൂപീകരണത്തില്‍ ഉള്‍പ്പെട്ടവരെ ആര്‍.എസ്.എസ് ആക്രമിച്ചു. ആര്‍.എസ്.എസിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ഭരണഘടന മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതല്ല,’ അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ആര്‍.എസ്.എസും ബി.ജെ.പിയും പുതിയ ഭരണഘടനക്കായി ആവര്‍ത്തിച്ച് ആഹ്വാനം നടത്തിയിട്ടുണ്ട്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. ഇന്ത്യയിലെ ജനങ്ങള്‍ അത് നിരസിച്ചു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റണമെന്ന ആവശ്യങ്ങള്‍ ആര്‍.എസ്.എസ് ഇപ്പോഴും ഉന്നയിക്കുന്നു,’ ജയറാം രമേശ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് 2024 നവംബര്‍ 25ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആമുഖത്തിന്റെ ഭാഷയെ അഭിസംബോധന ചെയ്യുകയും ശരിവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: The Constitution was not inspired by Manusmriti; Congress responds to RSS leader’s reamarks about secularism and socialism