| Monday, 19th January 2026, 10:54 am

നാട്ടുരാജാവിലെ പുലിക്കാട്ടില്‍ മാത്തച്ചനും എക്കോയിലെ കുര്യച്ചനും; ഭീതി പടര്‍ത്തിയ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ഫ്രം ദ ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രത്തില്‍ പക്ഷേ വളരെകുറഞ്ഞ നേരം മാത്രമാണ് കുര്യച്ചന്‍ വന്നുപോകുന്നത്.

എന്നാല്‍ എക്കോയില്‍ വന്നുപോകുന്ന ഓരോരുത്തരിലൂടെയും കഥാപാത്രത്തിന് ലഭിക്കുന്ന വിശേഷണം കുര്യച്ചന്‍ എന്ന വ്യക്തിയുടെ വില്ലനിസത്തിന്റെ ആഴം വെളിവാക്കുന്നു. പലയിടങ്ങളിലായി കാണിച്ചുകൂട്ടുന്ന ചെയ്തികള്‍ക്ക് പകരം ചോദിക്കാനെത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനം കുര്യച്ചനെയും അയാളുടെ ചെയ്തികളെയും തേടിയുള്ള യാത്രയില്‍ കാഴ്ച്ചക്കാരെയും ഒപ്പം കൂട്ടുന്നു.

Eko. Photo: Theatrical poster

മലയാള സിനിമയില്‍ പിറന്ന കഥാപാത്രങ്ങളില്‍ കുര്യച്ചനുമായി ഏറെ സാമ്യത തോന്നിക്കുന്ന കഥാപാത്രമാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ നാട്ടുരാജാവിലെ പുലിക്കാട്ടില്‍ മാത്തച്ചന്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ വില്ലനെക്കാളേറെ പ്രേക്ഷകരില്‍ ഭീതി പടര്‍ത്തിയ കഥാപാത്രമായിരുന്നു ആര്‍ട്ടിസ്റ്റ് മഹാദേവന്‍ കൈകാര്യം ചെയ്ത മാത്തച്ചന്‍.

എക്കോയില്‍ കുര്യച്ചന് സമാനമായി കുറഞ്ഞ നേരത്തേക്ക് മാത്രമാണ് മാത്തച്ചനും സ്‌ക്രീനില്‍ വന്നു പോകുന്നത്. മാത്തച്ചനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിവരണം നല്‍കുന്നത് കെ.പി.എ.സി ലളിതയുടെയും കലാഭവന്‍ മണിയുടെയും കഥാപാത്രങ്ങളാണ്. പാട്ടത്തിനെടുത്ത സഥലത്ത് നിന്നും മാറി താമസിക്കാത്തതിനാല്‍ തന്റെ കുട്ടിക്കാലത്ത് അച്ചനെയും അമ്മയെയും വീടിനുള്ളിലിട്ട് ചുട്ടുകൊന്ന മാത്തച്ചനെ തനിക്ക് കൊല്ലാന്‍ പറ്റുന്നതിന് മുമ്പ് മറ്റൊരാള്‍ കൊന്നതിലുള്ള രോഷമാണ് ചിത്രത്തില്‍ കലാഭവന്‍ മണിയുടെ കഥാപാത്രം പ്രകടിപ്പിക്കുന്നത്.

തന്റെ ശത്രു കൊല്ലപ്പെട്ടല്ലോ എന്ന ആശ്വാസത്തിന് പകരം തനിക്ക് കൊലപ്പെടുത്താന്‍ സാധിച്ചില്ലല്ലോ എന്ന അമര്‍ഷമാണ് മണിയുടെ മണിക്കുട്ടന്‍ എന്ന കഥാപാത്രം പങ്കുവെക്കുന്നത്. ഇതില്‍ നിന്നും എത്രത്തോളം വെറുക്കപ്പെട്ടവനായിരുന്നു മാത്തച്ചന്‍ എന്ന് വെളിവാകുന്നു. സമാനമായ കഥാസാഹചര്യമാണ് എക്കോയിലും. തങ്ങളുടെ പൊതുശത്രുവായ കുര്യച്ചനിലേക്ക് മറ്റുള്ളവര്‍ എത്തിച്ചേരുന്നതിന് മുമ്പ് തനിക്കെത്തണമെന്ന വാശി ഓരോരുത്തരിലും കാണാം.

Photo: saina/ Justdial.com

‘നിന്റപ്പന്‍ കാര്യവും കാരണവും ഇല്ലാതെയാ തല്ലാനും കൊല്ലാനും ഇറങ്ങിയത്, പല രാത്രികളിലും ഇവിടുത്തെ പന്നിക്കൂട്ടില്‍ നിന്നും പട്ടിക്കൂട്ടില്‍ നിന്നും കേട്ടത് മനുഷ്യന്മാരുടെ കരച്ചിലാ…, ചെകുത്താന്റെ ചോരയായിരുന്നു അവന്റെത്’ മാത്തച്ചനെക്കുറിച്ച് തന്റെ അമ്മയായ കെ.പി.എ.സി ലളിതയുടെ കഥാപാത്രം പറയുന്ന ഈ ഡയലോഗുകള്‍ കഥാപാത്രത്തെക്കുറിച്ചുള്ള വലിയ സൂചനയാണ് നല്‍കുന്നത്.

എക്കോയില്‍ കുര്യച്ചനെക്കുറിച്ച് നരെന്റെയടുത്ത് പാപ്പച്ചന്‍ പറയുന്ന കക്കയം പൊലീസ് ക്യാമ്പിലെ അനുഭവങ്ങള്‍ നാട്ടുരാജാവിലെ സംഭാഷണത്തിന്റെ ആവര്‍ത്തനമാണെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസിലാക്കാം.

എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് എക്കോയിലെ പിയൂസ് ആണെന്ന് പറയാം. കുര്യച്ചന്‍ വളര്‍ത്തിയെടുത്ത പിയൂസിനെ പോലെ വിശ്വസ്തനായ ഒരു വളര്‍ത്തുനായയെ പരിശീലിപ്പിക്കാന്‍ മാത്തച്ചനായിട്ടില്ല. പകരം മാത്തച്ചന്‍ ചെയ്ത് കൂട്ടിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി മണിക്കുട്ടനെയും മാത്തച്ചന്റെ മറ്റൊരു ബന്ധത്തിലുണ്ടായ കത്രിനയെയും സംരക്ഷിക്കുന്ന മകന്‍ പുലിക്കാട്ടില്‍ ചാര്‍ളിയെയാണ് ഷാജി കൈലാസ് രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമയില്‍ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന പാറ്റേണില്‍ നിന്നും എക്കോ വ്യത്യസ്തമാവുന്നതും ഈ കാര്യത്തില്‍ തന്നെയാണ്.

Content Highlight: The connection between eko movie character kuriachan and Natturajavu movie character Pulikkattil Mathachan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more