| Thursday, 27th August 2026, 10:28 am

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

നിഷാന. വി.വി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. എന്നാല്‍ ബി.ജെ.പി സമുദായത്തിന്റെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ദിയോ സായ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തന്റെ ഭരണകാലത്ത് പട്ടിക വര്‍ഗ വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഗോത്രവര്‍ഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ആത്മാര്‍ത്ഥമായി മുന്‍ഗണന നല്‍കിയിരുന്നുവെന്നും ബി.ജെ.പി നേതാവ് വാദിച്ചു. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തക്കരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഗോത്രവിഭാഗത്തെ വോട്ട് ബാങ്കായി മാത്രമാണ് ഉപയോഗിച്ചത്. ആ സമൂഹത്തെ ആരെങ്കിലും ശരിക്കും സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി സര്‍ക്കാര്‍ മാത്രമാണ്,’ ദിയോ സായ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളില്‍ നിന്ന് പട്ടിക ജാതി സമൂഹങ്ങള്‍ക്ക് പ്രയോജനം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് ട്രൈബല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് വിക്രാന്ത് ഭൂരിയ തിരിച്ചടിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഗോത്രവര്‍ഗ സമൂഹത്തിന്റെ പിന്തുണ ലഭിച്ചിട്ടും, ആദിവാസി ദിനത്തില്‍ അവര്‍ക്ക് ആശംസകള്‍ നേരാതെ സായ് ‘അവരുടെ നിലനില്‍പ്പ് തന്നെ നിഷേധിച്ചു,’ ഭൂരിയ പറഞ്ഞു. അതിനാല്‍ തന്നെ സായ് ആദിവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The Congress views tribal communities merely as a vote bank; if anyone has truly cared for them, it is the BJP: Chhattisgarh Chief Minister.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more