| Thursday, 23rd July 2026, 8:45 am

മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യ; ഗ്ലാസ്ഗോയില്‍ ഇന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം

ശ്രീരാഗ് പാറക്കല്‍

സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരിതെളിയും. നാലാം തവണയാണ് സ്‌കോട്‌ലന്‍ഡ് കായികമേളയ്ക്ക് വേദിയാകുന്നത്.

ഓസ്‌ട്രേലിയയിലെ വിക്ടോറിയയാണ് ഇത്തവണത്തെ ഗെയിംസിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ വന്‍ സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടി വിക്ടോറിയ കോമണ്‍വെല്‍ത്തില്‍ നിന്ന് പിന്മാറിയതോടെ ടൂര്‍ണമെന്റിന്റെ ഭാവി അനിശ്ചിതത്വത്തിലാകുകയും പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്ലാസ്ഗോയില്‍ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

13 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്. അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനും മുന്നോടിയായി താരങ്ങളുടെ തയ്യാറെടുപ്പിനും ഈ ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

2022ല്‍ ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ ആകെ 61 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണയും ആദ്യദിനം മുതല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കും. ലോണ്‍ ബോള്‍സിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യ ഓരോ സ്വര്‍ണവും വെള്ളിയും നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

അത്‌ലറ്റിക്‌സ്, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ് എന്നീ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍. ജാവലിന്‍ ത്രോയില്‍ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയില്‍ രാജ്യം വലിയ പ്രതീക്ഷയാണ് വെയ്ക്കുന്നത്.

ലോങ് ജംപില്‍ മുരളി ശ്രീശങ്കര്‍, ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, മാരത്തോണില്‍ ഗുല്‍വീര്‍ സിങ് എന്നിവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. പരിക്കില്‍നിന്ന് തിരിച്ചെത്തിയ ശേഷം മികച്ച ഫോമിലുള്ള ശ്രീശങ്കര്‍ അടുത്തിടെ ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ 8.38 മീറ്റര്‍ ചാടി ശ്രദ്ധ നേടിയിരുന്നു. ഹൈജംപില്‍ സര്‍വേശ് കുശാരെയും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളില്‍ ഒരാളാണ്.

വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ ഒളിംപ്യന്‍ മീരാഭായ് ചാനു, ബിന്ദ്യാറാണി ദേവി, ജ്ഞാനേശ്വരി യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബോക്‌സിങ്ങില്‍ ഒളിംപിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയിനും ലോക ചാംപ്യന്‍ ജാസ്മിന്‍ ലമ്പോറിയയും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

സാക്ഷി ചൗധരി, പ്രീതി പവാര്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയുണ്ട്. ജൂഡോയില്‍ തൂലിക മാന്‍, ലോണ്‍ ബോള്‍സ് ടീം, പാരാ അത്ലറ്റിക്സില്‍ സോമന്‍ റാണ എന്നിവരും ഇന്ത്യയ്ക്ക് മെഡല്‍ നേടിക്കൊടുക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്. ഓഗസ്റ്റ് രണ്ടിനാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനമാകുക.

Content Highlight: The Commonwealth Games kick off in Glasgow, Scotland today; India eyes medals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more