| Monday, 1st June 2026, 8:22 pm

തകര്‍ന്നുവീണത് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.എന്‍. ഷംസുദ്ദീന്‍. നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല തകര്‍ന്നുവീണതെന്ന് മന്ത്രി വ്യക്തമാക്കി

ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ സര്‍വ ശിക്ഷാ അഭിയാന്റെ (എസ്.എസ്.കെ) ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ മുറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഏത് തരത്തിലുള്ള ഓഫീസ് പ്രവര്‍ത്തിക്കുകയാണെങ്കിലും ആ കെട്ടിടത്തിന് കൃത്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു.

പഴയ കെട്ടിടമായതിനാല്‍ ഇതിന്റെ മേല്‍ക്കൂര നന്നാക്കാന്‍ ഹെറിറ്റേജ് സംരക്ഷിക്കേണ്ടതുകൊണ്ട് അനുവാദം ലഭിച്ചില്ലെന്നാണ് പ്രാഥമികമായി അധികൃതര്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമായ മറുപടി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മനുഷ്യജീവന് വലിയ വിലയുണ്ടെന്നും സംഭവത്തില്‍ ആരുടെ ഭാഗത്താണ് വീഴ്ച വന്നതെന്ന് പരിശോധിച്ച് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. താഴെത്തട്ട് മുതല്‍ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

മണ്‍സൂണ്‍ കാലമായതിനാല്‍ അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന നിര്‍ദേശം നേരത്തെ നല്‍കിയിരുന്നതാണ്. ഇത് എത്രത്തോളം നടപ്പിലായെന്ന് പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടം നടന്ന സമയത്ത് ജീവനക്കാരും വിദ്യാര്‍ത്ഥികളും മുറിയില്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Content Highlight: The collapsed building is not the current school building; Education Minister says strict action will be taken

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more