| Sunday, 11th January 2026, 12:42 pm

അമേരിക്കയുടെ തകര്‍ച്ചയും വെനസ്വേല അധിനിവേശവും

ജെ.എസ് അടൂര്‍

എന്തിനാണ് അമേരിക്ക വെനസ്വേല ഒപ്പേറഷന്‍ നടത്തിയത്? വെനസ്വേല രാഷ്ട്രീയവും ലാറ്റിന്‍ അമേരിക്ക – അന്തര്‍ദേശീയ രാഷ്ട്രീയവും കഴിഞ്ഞു മുപ്പതു വര്‍ഷങ്ങളായി പഠിക്കുന്നത് കൊണ്ടാണ് ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത്. 2004 മുതല്‍ 2015 വരെ പല പ്രാവശ്യം സഞ്ചരിച്ച രാജ്യമാണ്. അതുകൊണ്ട് ചില വെനസ്വേല വിചാരങ്ങള്‍ പങ്കുവെക്കുന്നു

അമേരിക്ക വെനസ്വേലയില്‍ സൈനിക നീക്കത്തില്‍ മഡൂറോയെ പിടിച്ചു കൊണ്ടു പോയത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. അത് പെട്ടന്ന് ലോകമറിഞ്ഞത് ഇപ്പോഴാണെങ്കിലും അത് പെട്ടന്ന് ഒരു ദിവസം സംഭവിച്ചതല്ല.

അതിന് അഞ്ച് കാരണങ്ങള്‍ ഉണ്ട്.

1. ചൈന ഫാക്റ്റര്‍

ഇന്ന് ചൈന പല മേഖലകളിലും സാമ്പത്തികമായും സാങ്കേതികമായും അമേരിക്കൊപ്പമോ പലതിലും മുന്നോട്ടു കുതിക്കുന്നതോ ആണ്.

ഇന്ന് നിര്‍മിത ബുദ്ധി, ഊര്‍ജ ഗവേഷണം, ഗ്രീന്‍ ടെക്, എ.ഐ കാര്‍ നിര്‍മാണം എന്നിവയില്‍ ഉള്‍പ്പെടെ ചൈന ആര്‍ ആന്‍ഡ് ഡിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നു. ചൈനയിലെ യൂണിവേഴ്‌സിറ്റി നിലവാരം മുന്നിലായി. ചൈനയില്‍ എഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പ്-ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ളവര്‍ക്ക് റിസേര്‍ച്ച് ഫെലോഷിപ്പ് കൊടുക്കുന്നു.

ഏഷ്യയിലും ആഫ്രിക്കയിലും സ്ഫിയര്‍ ഓഫ് ഇന്‍ഫ്‌ളുവന്‍സ് ചൈന കൂട്ടി. അവര്‍ ട്രേഡ്, എയ്ഡ്, സോഫ്റ്റ് ലോണ്‍ എന്നിവയിലും ഇവിടെങ്ങളില്‍ മുന്നിലാണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്‌

അസിയാന്‍, ഷാങ്ഹായ് ക്ലബ്ബ്, ബ്രിക്‌സ്, പുതിയ ബാങ്ക് എല്ലാത്തിലുമുള്ള ചൈനീസ് സ്വാധീനം അമേരിക്കയേ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. ചൈന ആയുധ നിര്‍മാണത്തിലും വ്യാപാരത്തിലും മുന്നില്‍.

ഇന്ന് സൗത്ത് ഈസ്റ്റ് ഏഷ്യയിലും ആഫ്രിക്കയില്‍ പലയിടത്തും സൗത്ത് ഏഷ്യയില്‍ പലയിടത്തും ഓടുന്ന മികച്ച എ.ഐ കാറുകള്‍ ചൈനീസ് നിര്‍മിതം.

ഇതിനെല്ലാം പുറമെ ചൈന പതിയെ പതിയെ യു.എന്നിനും യു.എന്‍ ഏജന്‍സികള്‍ക്കുമുള്ള ഫണ്ട് കൂട്ടി.

ഇതെല്ലാം അമേരിക്കയെ അസ്വസ്ഥമാക്കുന്നു.

Photo: PRC Book Printing

പക്ഷെ ഏറ്റവും അമേരിക്കയെ അസസ്ഥമാക്കുന്നത് ചൈന കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടി എന്ന വസ്തുതയാണ്.

വെനസ്വലെയിലെ എണ്ണ അമേരിക്ക വാങ്ങുന്നത് കുറച്ചപ്പോള്‍ അവര്‍ ചൈനക്ക് എണ്ണ വിറ്റു.

ഷി ജിന്‍പിങ്ങും നിക്കോളാസ് മഡൂറോയും . Photo: www.fmprc.gov.cn

പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല എന്ന നിലപാട് എടുത്ത് വെനസ്വേലയേ വരുതിക്ക് നിര്‍ത്താന്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി അമേരിക്ക ശ്രമിക്കുകയാണ്.

2010 മുതല്‍ വെനസ്വേലയില്‍ അമേരിക്ക പല തരം പണികള്‍ തുടങ്ങിയിരുന്നു. ആ ഗ്യാപ്പില്‍ ചൈന എണ്ണ വാങ്ങാന്‍ തുടങ്ങി. വ്യാപാര ബന്ധം കൂട്ടി. ഷാവെസ് വെനസ്വേലയില്‍ വളരെ പോപ്പുലറായിരുന്നു എന്നതിനാല്‍ അദ്ദേഹത്തെ തൊടാന്‍ അമേരിക്കയ്ക്ക് പറ്റിയില്ല. (ഷാവേസ് 2010ന് ശേഷം എങ്ങനെ അസുഖബാധിതനായി 53 വയസ്സില്‍ മരിച്ചു എന്നതിന്റെ കാരണം അടുത്ത് ഇരുപത്തി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കൂടുതല്‍ മനസ്സിലാകും)

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ് എന്നതാണ് അമേരിക്കയുടെ പ്രശ്‌നം. ചൈനയുടെ എണ്ണ സ്രോതസുകളുടെ നിയന്ത്രണം ഏറ്റെടുത്തു ചെക്ക് വിളിക്കാനുള്ള വലിയ ജിയോ പൊളിറ്റിസിന്റെ ഭാഗമാണ് വെനസ്വേല ഡയറക്റ്റ് ഓപ്പറേഷന്‍

ചൈന ഞങ്ങളുടെ പര്യമ്പുറത്തു കളിച്ചാല്‍ ഞങ്ങള്‍ കേറി കളിക്കും എന്ന മുന്നറിയപ്പാണിത്.

അതു പൊലെ ചൈനക്ക് എണ്ണ നല്‍കുന്ന ഇറാന്‍, റഷ്യ ഇവരോടൊക്കെ അമേരിക്ക കലിപ്പിലാണ്. റഷ്യക്ക് ചെക്ക് വെക്കാന്‍ കൂടിയാണ് ഉക്രൈന്‍ യുദ്ധം. സമാനമാണ് ഇറാന്‍ ഓപ്പറേഷനുള്ള കാരണവും.

2. ഓയില്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പൊതുകടം ഉണ്ടെങ്കിലും അമേരിക്ക പിടിച്ചു നില്‍ക്കുന്നത് ലോക കറന്‍സി ഡോളര്‍ ആയതുകൊണ്ടാണ്.
അമേരിക്കന്‍ ഡോളര്‍ അന്താരാഷ്ട്ര കറന്‍സി ആയത് എണ്ണക്ക് ഡോളര്‍ കൊടുക്കുക എന്ന ഓയില്‍ ഡോളര്‍ മാര്‍ക്കെറ്റാണ്.

ഓയില്‍ മറ്റു കറന്‍സിയില്‍, പ്രത്യേകിച്ച് യൂറോയില്‍ വില്‍ക്കാന്‍ തയ്യാറായി എന്നതാണ് സദ്ദാം ചെയ്ത തെറ്റ്.

സദ്ദാം ഹുസൈന്‍

ശീതയുദ്ധകാലത്ത് അമേരിക്കയുടെ പ്രശ്‌നം സോവിയറ്റ് ബ്ലോക്ക് ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ ഓയില്‍ വില്‍പന നടത്തിയതാണ്.

1970കളില്‍ ഓയില്‍ ഷോക്കില്‍ എണ്ണ വാങ്ങാന്‍ പണം ഇല്ലാതെ ഐ.എം.എഫ് ഉള്‍പ്പെടെ അമേരിക്കയില്‍ നിന്ന് ഡോളര്‍ കടം വാങ്ങിയാണ് നിരവധി രാജ്യങ്ങള്‍ കടക്കെണിയിലായി. അവിടെ എല്ലാം അതു ഉപയോഗിച്ച് അമേരിക്കന്‍ / യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് തുറന്നുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തി.

ഇന്ത്യ കടക്കെണിയില്‍ പോകാഞ്ഞത് 1970കളുടെ ആദ്യ വര്‍ഷങ്ങളില്‍ ഇറാനുമായ ധാരണയാണ്. ഇറാന്‍ പറഞ്ഞുറപ്പിച്ച വിലയ്ക്ക് എണ്ണ തരും. ഇന്ത്യ പകരം ഗോതമ്പ്, പഞ്ചാസാര ഉള്‍പ്പടെ ഇറാനിലേക്ക് കയറ്റി അയക്കും. ലോക മാര്‍ക്കറ്റില്‍ എണ്ണ വില കുതിച്ചുയര്‍ന്നപ്പോഴും ഇറാന്‍ വാക്ക് പാലിച്ചു. ഇന്ദിരാ ഗാന്ധിയുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണ പ്രകാരംം ഇന്ത്യ അന്താരാഷ്ട്ര കടക്കെണിയില്‍ പെട്ടില്ല.

ഇറാനില്‍ ഷാ അമേരിക്കയുടെ ആളായിരുന്നു. അവിടെ എണ്ണ മാനേജ് ചെയ്തത് അമേരിക്കയും. അതു കൈവിട്ടുപോയതോടെയാണ് ഇറാഖിലെ സദ്ദാമിനെ ഉപയോഗിച്ച് അമേരിക്ക 1977-78 മുതല്‍ പ്രോക്‌സി യുദ്ധം തുടങ്ങിയത്.

ഇപ്പോഴും ഇന്ത്യയോടും ചൈനയോടും അമേരിക്കയുടെ കലിപ്പ് അവരുടെ സ്വാധീനത്തിനപ്പുറം റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നുമൊക്കെ എണ്ണ വാങ്ങുന്നതാണ്

ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള വെനസ്വേലയിലെ എണ്ണ ഉത്പാദനം കൂട്ടി, ആ എണ്ണ ലാറ്റിന്‍ അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളില്‍ കയറ്റി അയച്ചു ഓയില്‍ ഡോളര്‍ ആധിപത്യം നിലനിര്‍ത്തുക. വേനസ്വേല ഓയില്‍ കൊണ്ട് അന്താരാഷ്ട്ര എണ്ണ മാര്‍ക്കറ്റിനെ നിയന്ത്രിച്ചു തങ്ങളുടെ ലോക സ്വാധീനം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശവും അമേരിക്കയ്ക്കുണ്ട്.

ഡൊണാള്‍ഡ് ട്രംപ്‌

3. ആയുധ വ്യാപാരം

ഷാവേസിന്റെ കാലത്ത് എണ്ണപ്പണം കൊണ്ട് റഷ്യന്‍ ആയുധങ്ങളാണ് വാങ്ങിയത്. ലാറ്റിന്‍ അമേരിക്കയുടെ പുറംപോക്ക് ആയതുകൊണ്ട് അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങണം എന്ന അലിഖിത നിയമം പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ പാലിക്കാതെയായി. അമേരിക്ക അഫ്ഗാനിസ്ഥാന്‍ / ഇറാഖ് യുദ്ധങ്ങളില്‍ ഫോക്കസ് ചെയ്ത കാലത്ത് റഷ്യയും ചൈനയും ആയുധ വ്യാപാരം കൂട്ടി.

വെനസ്വേലയില്‍ റഷ്യന്‍ ആയുധങ്ങളാണുള്ളത്. ക്യൂബയിലും മറ്റു പലയിടത്തും അങ്ങനെ തന്നെ. അതുകൊണ്ട് കൂടിയാണ് വെനസ്വേലയ്ക്കടുത്ത് റഷ്യന്‍ അന്തര്‍വാഹിനി ഉണ്ടായിരുന്നത്.

വ്‌ളാദമിര്‍ പുടിനും നിക്കോളാസ് മഡൂറോയും. Photo: Atlantic Council

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ചൈന ആയുധം വില്‍ക്കാന്‍ തുടങ്ങി. അതിന് തടയിടാനും പാകിസ്ഥാന് അമേരിക്കന്‍ ആയുധം വില്‍ക്കാനുമാണ് പാകിസ്ഥാനില്‍ നിന്നും ജനറല്‍ മുനീറിനു വൈറ്റ് ഹൗസ് പരവതാനി കൊടുക്കുന്നത്. കാരണം ആയുധ മാര്‍ക്കറ്റിങ് തന്നെ.

ഇന്ത്യയോടുള്ള കലിപ്പ് റഷ്യയില്‍ നിന്നുള്ള എണ്ണ മാത്രമല്ല. റഷ്യയില്‍ നിന്നാണ് ഇന്ത്യയുടെ ആയുധ ശേഖരങ്ങളില്‍ നല്ലൊരു പങ്ക് എന്നതുകൂടിയാണ്. ഇന്ത്യ സ്വന്തം ആയുധ നിര്‍മാണം, മിസൈല്‍ എല്ലാം നിര്‍മിച്ചു സ്വയം പര്യാപ്തമായതുകൊണ്ട് അമേരിക്കന്‍ ആയുധ വ്യാപാരത്തിന് ഇവിടെ സ്‌കോപ്പ് കുറവ് എന്നതും ഇന്ത്യയോടുള്ള കലിപ്പിന് കാരണമാണ്.

4. അമേരിക്കന്‍ എക്കോണമി സ്റ്റിമുലസ്

അമേരിക്കയില്‍ പൊതുകടം, കൂടുതല്‍ തൊഴില്‍ അവസരം കുറഞ്ഞു. പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

അതു കൊണ്ടാണ് ട്രംപ് പറഞ്ഞത് ‘ഇനിയും വെനസ്വേല അമേരിക്കന്‍ സാധനങ്ങള്‍ മാത്രം വാങ്ങും’.

ഡൊണാള്‍ഡ് ട്രംപ്‌

ഇത് മറ്റു രാജ്യങ്ങള്‍ക്കുള്ള താക്കീതാണ്. ഞങ്ങള്‍ തരുന്ന എണ്ണ വാങ്ങുക. ഞങ്ങളുടെ സാധനം വാങ്ങുക. ഞങ്ങളുടെ ആയുധങ്ങള്‍ വാങ്ങുക. ചൈനയെ അടുപ്പിക്കരുത്. ഇതാണ് മെസ്സേജിങ്

5. വെനസ്വേലയില്‍ മഡൂറോയുടെ വിശ്വാസ്യത തകര്‍ന്നു

ഷാവേസിന് വമ്പിച്ച ജനപിന്തുണ ഉണ്ടായിരുന്നു. അതിന് പ്രധാന കാരണം. എണ്ണക്ക് ആഗോള മാര്‍ക്കറ്റില്‍ വിലകൂടിയപ്പോള്‍ സര്‍ക്കാര്‍ ബജറ്റ് പെട്ടന്ന് കൂടി. എല്ലാവര്‍ക്കും സൗജന്യ നിരക്കില്‍ റേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം, വീട് എല്ലാം. തൊഴില്‍ സാധ്യത കൂടി. പ്രതിശീര്‍ഷ വരുമാനം കൂടി 17,000 ഡോളറായി

മഡൂറോ വന്നപ്പോള്‍ ഇതെല്ലാം തകര്‍ന്നു . പ്രതിശീര്‍ഷ വരുമാനം നാലില്‍ ഒന്നായി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വെനസ്വേലയിലെ ഏറ്റവും വലിയ പ്രശ്‌നം ഹൈപ്പര്‍ ഇന്‍ഫലേഷനായി. എണ്ണവില തകര്‍ന്നപ്പോള്‍ എക്കോണമി തകര്‍ന്നു.

അവിടെ എണ്ണക്കപ്പുറം എക്കോണമി വളര്‍ത്തിയില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. അവിടെ എല്ലാ ഇന്‍ഡസ്ട്രി ദേശസാല്‍ക്കരിച്ചു, സ്വന്തക്കാരെ വച്ചു, അഴിമതി കാരണം വന്‍ നഷ്ടത്തില്‍. പൊതു കടം കൂടി. ഡെഫിസിറ്റ് കൂടി. അത് നേരിടാന്‍ നോട്ട് അടിച്ചുകൂട്ടി. നോട്ടിന് വിലയില്ലാതെ ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍. പട്ടിണി കൂടി. തൊഴിലില്ലായ്മ കൂടി. എതിര്‍ത്തവരെ ജയലിലാക്കി. പ്രധിഷേധിച്ചവരെ കൊന്നു. ആളുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് പട്ടിണി കൊണ്ട് പലായനം ചെയ്തു.

നിക്കോളാസ് മഡൂറോ

അമേരിക്കന്‍ ഉപരോധം കൂനിമേല്‍ കുരുവായി. അതോടെ കൂട്ടത്തോടെ 25% ആളുകള്‍ രാജ്യം വിട്ടു. മഡൂറോയുടെ വിശ്വസ്വത തകര്‍ന്നു. കൂടെയുള്ളവര്‍ക്കിടയിലും വിശ്വാസ്യത തകര്‍ന്നു

യഥാര്‍ത്ഥത്തില്‍ അമേരിക്ക നിക്കോളാസ് മഡൂറോയെ പിടിച്ചത് വെനസ്വേലന്‍ സൈന്യത്തിലെ ഉന്നതരെ കോ ഓപ്റ്റ് ചെയ്തും വെനസ്വേലയില്‍ മഡൂറോയുടെ ഇന്നര്‍ സര്‍ക്കിളില്‍ ഉള്ളവരുടെ അറിവിടെയാണ് എന്ന് വ്യക്തം.

അതുകൊണ്ടാണ് ഇപ്പോഴത്തെ ആക്ടിങ് പ്രസിഡന്റ് ഡല്‍സി അമേരിക്കയുടെ വാക്കുകള്‍ക്ക് വഴങ്ങി അവര്‍ പറയുന്നത് ചെയ്യുന്നത്. വെനസ്വേല ആര്‍മിയേ കോ ഒപ്റ്റ് ചെയ്തത് കൊണ്ടാണ് അവര്‍ അമേരിക്കക്ക് എതിരെ ഒന്നും ചെയ്യാനാകാതിരുന്നത്.

ബന്ദിയാക്കപ്പെട്ട നിക്കോളാസ് മഡൂറോ. ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം

കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്തത് കൊണ്ടാണ് മഡൂറോ ക്യൂബയില്‍ നിന്നുള്ള അംഗരക്ഷകരെ ഏര്‍പ്പാടാക്കിയത്. അതായത് മഡൂറോക്ക് കൂടെ ഉള്ളവരെ വിശ്വാസം ഇല്ലായിരുന്നു. അയാളെ കൂടെ ഉള്ളവര്‍ക്കും വിശ്വാസം ഇല്ലായിരുന്നു.

ഈ സാഹചര്യത്തില്‍ വേണം അമേരിക്കയുടെ മഡൂറോ ഓപ്പറേഷനെ കാണാന്‍. മിക്കവാറും മഡൂറോയേ 1989 പനാമയില്‍ നിന്ന് കിഡ്‌നാപ്പ് ചെയ്തു വഴിമാറിയ അമേരിക്കന്‍ ചാരന്‍ ജനറല്‍ മാനുവല്‍ നോറിഗയെ ശിക്ഷിച്ചത് പോലെ നാല്‍പതു വര്‍ഷം ശിക്ഷിക്കാന്‍ സാധ്യത കുറവാണ്. ഇപ്പോഴുള്ള വെനസ്വേല ഭരണവുമായുള്ള ഡീല്‍ അനുസരിച്ചായിരിക്കും മഡൂറോയുടെ വിചാരണ.

മാനുവല്‍ നൊറിഗ ഫ്‌ളോറിഡയില്‍ തടവില്‍. Photo: Wikipedia

ഇതൊക്കെ മിക്കവാറും എല്ലാം രാജ്യങ്ങളിലെയും സെക്യരിറ്റി/ ഫോറിന്‍ പോളിസി വിദഗ്ദര്‍ക്കറിയാം. അതുകൊണ്ടാണ് മിക്കവാറും രാജ്യങ്ങള്‍ വലിയ ഒച്ചയും ബഹളവും ഉണ്ടാക്കാത്തത്

അതുപോലെ ട്രംപ് തിരെഞ്ഞെടുപ്പ് കാലത്തു പറഞ്ഞതാണ്. ട്രംപ് പലതും അയാളുടെ രീതിയില്‍ പറയും. പക്ഷെ ഇതു എല്ലാം കൃത്യമായ അമേരിക്കന്‍ സെക്യൂരിറ്റി മേധാവിത്ത പഴയ പോളിസികളുടെ തുടര്‍ച്ചയാണ്.

എന്താണ് നടക്കുന്നതെന്ന് പഴയ കെ.ജി.ബി ചീഫ് ആയിരുന്ന പുടിനും ലോകത്തിലെ തന്നെ മികച്ച ടെക്‌നോ ഒളിഗാര്‍ക്കിയെ നയിക്കുന്ന ഷി ജിന്‍ പിങ്ങിനും അറിയാം. അതുപോലെ നമ്മുടെ ഇന്ത്യയില്‍ സെക്യൂരിറ്റി അനലിസ്റ്റിനും ഇക്കാര്യം അറിയാം.

കേരളത്തില്‍ പലരും കഥ അറിയാതെ ആട്ടം കാണുന്നത് കൊണ്ടാണ് മഡൂറോയേ ഇടതുപക്ഷ വിപ്ലവകാരിയാക്കി പ്രതിഷ്ഠിക്കുന്നത്.

Content Highlight: The collapse of the United States and the invasion of Venezuela

ജെ.എസ് അടൂര്‍

We use cookies to give you the best possible experience. Learn more