| Wednesday, 11th February 2026, 4:30 pm

മിന്നാരത്തിലെ ശോഭനയെ പോലെ ദുരിതം പിടിച്ച നായിക മലയാളത്തിൽ വേറെ ഇല്ല; വൈറലായി ചിത്രത്തിന്റെ ക്ലൈമാക്സ്

നന്ദന എം.സി

മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും പ്രത്യേക സ്ഥാനമുള്ള താരജോഡികളാണ് മോഹൻലാലും ശോഭനയും. തേന്മാവിൻ കൊമ്പത്ത്, പവിത്രം, തുടരും തുടങ്ങി നിരവധി സിനിമകളിലൂടെ ഇരുവരുടെയും കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. എന്നാൽ ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ ഒരു വിങ്ങലായി നിലനിൽക്കുന്ന ഇരുവരുടെയും ചിത്രം മിന്നാരം തന്നെയാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നീനയും മോഹൻലാൽ അവതരിപ്പിച്ച ബോബിയും മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക ഇടം നേടിയ കഥാപാത്രങ്ങളാണ്. അവസാന നിമിഷം ബോബി എത്തിപ്പെടുമെന്ന പ്രതീക്ഷയിൽ കണ്ണുനിറച്ച് കാത്തിരുന്ന പ്രേക്ഷകർക്ക് നീനയുടെ അന്ത്യം വലിയൊരു വേദനയായി മാറിയിരുന്നു.

മിന്നാരം, Photo; IMDb

എന്നാൽ വർഷങ്ങൾക്കിപ്പുറം മിന്നാരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത്തവണ മറ്റൊരു രീതിയിൽ ട്രോളായാണ് മിന്നാരം ചർച്ചചെയ്യപെടുന്നത്. സിനിമയിലെ നീനയുടെ അസുഖവും അതിനായുള്ള ചികിത്സയും ചുറ്റിപ്പറ്റിയാണ് പുതിയ ചർച്ചകൾ.

മിന്നാരത്തിലെ ശോഭനയുടെ പോലെ അത്രേം ദുരിതം പിടിച്ച നായിക മലയാളത്തിൽ വേറെ ഇല്ല എന്ന് തോന്നുന്നു എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉള്ള ബോംബെ ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ്, 10 ലക്ഷത്തിൽ ഒരാൾക്ക് വരുന്ന പോളിസൈതീമിയ റൂബ്രാവേര, അതിനുള്ള മരുന്ന് ജർമ്മനിയിൽ മാത്രം കിട്ടുന്ന സൈക്ലോഫോസ്ഫാമിയ, പിന്നെ ഉള്ളത് റേഡിയോ ആക്റ്റീവ് ഫോസ്ഫറസ് എന്ന മരുന്ന് ആണ്
അതാണെങ്കിൽ ചിക്കാഗോയിൽ നിന്ന് വരുത്തണം എന്നിങ്ങനെ സിനിമയിൽ പറയുന്ന മെഡിക്കൽ വിശദീകരണങ്ങളാണ് ഇപ്പോൾ ട്രോൾ പേജുകളുടെ പ്രധാന ആയുധം.

മിന്നാരം, Photo; IMDb

അതിലും കൂടുതൽ ശ്രദ്ധ നേടുന്നത് ബോബി 100cc ബൈക്കിൽ ഊട്ടിയിൽ നിന്ന് മുംബൈ എയർപോർട്ടിലേക്ക് മരുന്ന് വാങ്ങാൻ പോകുന്ന രംഗത്തെക്കുറിച്ചുള്ള കമന്റുകളാണ്. ‘മണിച്ചിത്രത്താഴിൽ 70 കിലോമീറ്റർ ലേഡി സൈക്കിളിൽ ഒരാളെ ഇരുത്തി പോയവർക്കിത് ചെറിയ കാര്യമാണ്’ എന്ന് ചിലർ ചിരിയോടെ കുറിക്കുന്നു.

ഇതോടൊപ്പം ലാലു അലക്സിന്റെ കഥാപാത്രം അസുഖത്തിന്റെ പേര് പഠിക്കാൻ മാസങ്ങൾ എടുത്തുവെന്ന തരത്തിലുള്ള പരിഹാസങ്ങളും, മരുന്ന് എറിഞ്ഞ് പൊട്ടിച്ച സമയം നീനയ്ക് ബോധം വന്നിരുന്നെങ്കിൽ പിന്നെയും മരുന്നിന് വേണ്ടി മുംബൈ വരെ പോകേണ്ടി വരുമായിരുന്നു തുടങ്ങി രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഒരിക്കൽ കണ്ണുനിറച്ച ക്ലൈമാക്സ് ഇന്ന് ട്രോളുകളിലൂടെ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. കാലം മാറുമ്പോൾ പ്രേക്ഷകന്റെ കാഴ്ചപ്പാടും മാറുന്നു എന്നതിന് മികച്ച ഉദാഹരണമായി ‘മിന്നാരം’ വീണ്ടും ചർച്ചയാകുന്നു. എന്തൊക്കെയായാലും, സങ്കടത്തോടെയും പുഞ്ചിരിയോടെയും ഒരുപോലെ ഓർമ്മിക്കപ്പെടുന്ന സിനിമയായി ‘മിന്നാരം’ മലയാളികളുടെ ഹൃദയത്തിൽ തുടരുന്നു.

Content Highlight: The climax of the movie Minnaram trolled the audience.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more