വാഷിങ്ടൺ: ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി പെന്റഗൺ.
ആക്രമണത്തിന്റെ ഫലമായി ഇറാന്റെ ആണവ പദ്ധതി ഏകദേശം ഒന്ന് മുതൽ രണ്ട് വർഷം വരെ പിന്നോട്ട് പോയിട്ടുണ്ടെന്നും എന്നാൽ ആണവകേന്ദ്രങ്ങൾ തകർക്കാൻ യു.എസ് ആക്രമണത്തിന് സാധിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പെന്റഗൺ ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിലെ മുഖ്യ വക്താവ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിരോധ വകുപ്പിന്റെ വക്താവ് ഷോൺ പാർനെലാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് നടത്തിയ ബോംബാക്രമണത്തിൽ ആണവകേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടെന്നായിരുന്നു ട്രംപ് വാദിച്ചത്. 14 ബങ്കർ-ബസ്റ്റർ ബോംബുകളും രണ്ട് ഡസൻ ടോമാഹോക്ക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
‘ഇറാന്റെ ആണവപദ്ധതി രണ്ട് വർഷത്തേക്കെങ്കിലും വൈകിപ്പിക്കാൻ ആക്രമണം മൂലം ഞങ്ങൾക്ക് കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു. പ്രധാന ആണവനിലയമായ ഫോർദോയിലെ സെൻട്രിഫ്യൂജുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ കൂടുതൽ വിലയിരുത്തലുകൾ നടത്തുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാൻ സമ്പുഷ്ട യുറേനിയം ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഏതാനും മാസങ്ങൾക്കുള്ളിൽ അവർക്ക് സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകളുടെ കുറച്ച് കാസ്കേഡുകൾ ലഭിക്കും. ആണവ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇറാൻ വളരെ സങ്കീർണ്ണമായ ഒരു രാജ്യമാണ്. ഇതിൽ അവർക്കുള്ള അറിവോ ശേഷിയോ ഇല്ലാതാക്കാൻ കഴിയില്ല,’ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസി പറഞ്ഞു.
അതേസമയം ഡി.ഐ..എ റിപ്പോർട്ടിനെ ട്രംപ് ഉപദേഷ്ടാക്കൾ തള്ളിക്കളഞ്ഞു. സെൻട്രിഫ്യൂജുകൾ നശിപ്പിക്കപ്പെട്ടതോടെ ഇറാന്റെ ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള കഴിവ് ഇല്ലാതായി എന്നാണ് അർത്ഥമാക്കുന്നതെന്നും അത് ആണവ പദ്ധതി വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് കാരണമാകുമെന്നും അവർ വാദിച്ചു.
യു.എസിന്റെ ബി-2 ബോംബറുകൾ ആക്രമിച്ച ഇറാൻ്റെ ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സമീപത്താണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
Content Highlight: The claim that Iran’s nuclear facilities have been completely destroyed is false