| Wednesday, 15th July 2026, 6:58 am

റബ്ബിമാരെയും ജൂതസംഘടനകളെയും അവഗണിച്ച് ഗസയിലെ വംശഹത്യയില്‍ ഫലസ്തീന്‍ ക്രൈസ്തവരെ കേള്‍ക്കാന്‍ വോട്ട് ചെയ്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

ആദർശ് എം.കെ.

ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിക്കുന്ന ഫലസ്തീനിയന്‍ ക്രൈസ്തവരുടെ റിപ്പോര്‍ട്ട് പഠിക്കാനും അതുമായി സഹകരിക്കാനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയമനിര്‍മാണ സഭയായ ജനറല്‍ സിനഡ് വോട്ട് ചെയ്തു.

ബ്രിട്ടണിലെ ജൂത സംഘടനകളുടെയും ചീഫ് റബ്ബിയുടെയും ശക്തമായ എതിര്‍പ്പിനെയും കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങളെയും അവഗണിച്ചാണ് തിങ്കളാഴ്ച ഈ ചരിത്രപരമായ തീരുമാനമുണ്ടായത്.

ഫലസ്തീനിയന്‍ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടുകളെ ഔദ്യോഗികമായി ഉള്‍ക്കൊള്ളാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഈ നീക്കം, ഇസ്രഈലിന്റെ നടപടികളെ ‘കുടിയേറ്റ കൊളോണിയലിസം’ (Settler Colonialism), ‘വര്‍ണവിവേചനം’ (Apartheid) എന്നിങ്ങനെ വിശേഷിപ്പിക്കുന്ന സാക്ഷ്യങ്ങളെ സഭ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘മൊമെന്റ് ഓഫ് ട്രൂത്ത്: ഫെയ്ത്ത് ഇന്‍ എ ടൈം ഓഫ് ജെനോസൈഡ്’ (Moment of Truth: Faith in a Time of Genocide) എന്നാണ് ഈ റിപ്പോര്‍ട്ടിന് പേര് നല്‍കിയിരിക്കുന്നത്.

ഗസയിലെ ഇസ്രഈല്‍ സൈനിക നീക്കം ഒരു വംശഹത്യയാണ്, ഇസ്രഈല്‍ എന്നത് വംശീയതയില്‍ കെട്ടിപ്പടുത്ത ഒരു ‘കൊളോണിയല്‍ സംരംഭം’ ആണ്. പതിറ്റാണ്ടുകളായുള്ള അധിനിവേശം, വര്‍ണവിവേചനം, കുടിയേറ്റ കൊളോണിയലിസം എന്നിവയാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അക്രമരഹിതമായ പ്രതിരോധത്തിന് ആഹ്വാനം ചെയ്യുന്ന ഈ രേഖ, ഇസ്രഈലിന് മേല്‍ ബഹിഷ്‌കരണം, നിക്ഷേപം പിന്‍വലിക്കല്‍, ഉപരോധങ്ങള്‍ തുടങ്ങിയ സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഈ വോട്ടിലൂടെ രേഖയിലെ എല്ലാ ആരോപണങ്ങളെയും സഭയുടെ ഔദ്യോഗിക സിദ്ധാന്തമായിക്കണ്ട് പൂര്‍ണമായി അംഗീകരിക്കുന്നില്ല. രേഖയിലെ എല്ലാ അവകാശവാദങ്ങളെയും പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്ന അര്‍ത്ഥം വരാതിരിക്കാന്‍ പ്രമേയത്തിലെ നിയമപരമായ ഭാഷയില്‍ സിനഡ് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ‘സ്വീകരിക്കുക’ (Receive) എന്ന വാക്കിന് പകരം ‘കേള്‍ക്കുക’ (Hear) എന്ന് മാറ്റം വരുത്തിയാണ് പ്രമേയം പാസാക്കിയത്.

ഇതിലൂടെ, ഫലസ്തീന്‍ ക്രൈസ്തവരുടെ അനുഭവങ്ങളെയും വേദനയെയും കേള്‍ക്കാനും മനസിലാക്കാനും ഇംഗ്ലണ്ടിലെ പള്ളികളെ പ്രോത്സാഹിപ്പിക്കുകയാണ് സഭ ചെയ്യുന്നത്.

ലണ്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആര്‍ച്ച് ബിഷപ്പ് സാറാ മുള്ളലി ഈ നീക്കത്തെ ശക്തമായി പിന്തുണച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ച അവര്‍, ഫലസ്തീന്‍ ജനതയുടെ ഭയവും ആഘാതവുമാണ് ഈ രേഖയില്‍ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ എന്ന രാജ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.

അതേസമയം, ജൂതവിരുദ്ധതയെ സഭ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇസ്രഈലികളുടെയും ഫലസ്തീനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ ചര്‍ച്ചിന്റെ ഭാഗമായ തങ്ങളുടെ അംഗങ്ങളുടെ ജീവിക്കുന്ന ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടത് സഭയുടെ കടമയാണെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്.

എന്നാല്‍ നീക്കം വലിയ വിവാദങ്ങള്‍ക്കും ഇസ്രഈല്‍ അനുകൂല സംഘടനകളുടെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. രേഖയിലെ വാചകങ്ങള്‍ തീവ്രവും പ്രകോപനപരവുമാണെന്നാണ് ഇവരുടെ വാദം.

ബ്രിട്ടനിലെ ചീഫ് റബ്ബി എഫ്രയീം മിര്‍വിസ് ഈ തീരുമാനത്തെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികളും ജൂതന്മാരും തമ്മില്‍ പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത അന്തര്‍മത ബന്ധങ്ങളെ തകര്‍ക്കാന്‍ ഈ നീക്കം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ രേഖയില്‍ ഒട്ടേറെ അസത്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രിട്ടീഷ് ജ്യൂസ് പ്രസിഡന്റ് ഫില്‍ റോസന്‍ബര്‍ഗും ഈ നീക്കം വളരെയധികം പ്രശ്‌നമുണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

പ്രമുഖ ഫലസ്തീനിയന്‍ ക്രിസ്ത്യന്‍ പാസ്റ്ററായ മുന്ദര്‍ ഐസക് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഈ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്തു. ലോകത്ത് നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയും അനീതികളെയും ഗൗരവമായി കാണാനുള്ള സഭയുടെ കടമയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ നയങ്ങളെ വിമര്‍ശിക്കുന്നത് ജൂതവിരുദ്ധതയായി (Antisemitism) ചിത്രീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The Church of England voted to listen to Palestinian Christians regarding the Israeli genocide in Gaza.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more