| Tuesday, 21st October 2025, 10:01 am

സഹായിച്ചത് സര്‍ക്കാര്‍; എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധവുമില്ല; തട്ടം വിവാദത്തില്‍ കുട്ടിയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവ് അനസ്. സത്യത്തില്‍ സര്‍ക്കാര്‍ മാത്രമാണ് തങ്ങള്‍ക്കൊപ്പം നിന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തന്നെ വിളിച്ചിരുന്നുവെന്നും അനസ് പറഞ്ഞു.

അഫ്‌സല്‍ എം. എന്ന വ്യക്തി അനസുമായി ഫോണില്‍ സംസാരിച്ച ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തട്ടം ധരിക്കരുതെന്ന ഒരു നിബന്ധന സ്‌കൂള്‍ അറിയിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ കാണിച്ച പേപ്പറില്‍ തന്റെ ഒപ്പില്ലെന്നും അനസ് പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിച്ചോ എന്ന അഫ്‌സലിന്റെ ചോദ്യത്തിന് ലഭിച്ചുവെന്നാണ് അനസ് മറുപടി നല്‍കിയത്.

കേരളത്തില്‍ ഏത് സ്‌കൂളില്‍ വേണമെങ്കിലും പ്രത്യേക ഓര്‍ഡര്‍ ഇറക്കി മകള്‍ക്ക് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്നും, കുട്ടിക്ക് ആവശ്യമായ കൗണ്‍സലിങ്, നിയമ സഹായം, എന്തെങ്കിലും മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സ്‌കൂളിനെതിരെ നടപടി എടുക്കാമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായാണ് അനസ് പറയുന്നത്. അഡ്വ. കെ.എസ്. അരുണ്‍ കുമാറും എല്‍.ഡി.എഫ് കൗണ്‍സിലറും തങ്ങളെ കാണാന്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തിനിടെ തനിക്കൊപ്പം പള്ളുരുത്തി സ്‌കൂളിലെത്തിയെന്ന് പറയുന്ന എസ്.ഡി.പി.ഐ നേതാവിനെ കുറിച്ച് അറിയില്ലെന്നും അനസ് വ്യക്തമാക്കി. തനിക്ക് അദ്ദേഹത്തെ അറിയുക പോലുമില്ല. സ്‌കൂള്‍ പരിസരത്ത് റോഡ് പണി നടക്കുന്നുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ അറിഞ്ഞ് വന്നതാണ് അദ്ദേഹം. താന്‍ വിളിച്ചിട്ടല്ലെന്നും അനസ് പറയുന്നു.

കുട്ടിയുടെ പിതാവിന് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ അടക്കം ആരോപിച്ചിരുന്നു. നിലവില്‍ തട്ടം വിവാദത്തിനിടെ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

ജോഷി കൈതവളപ്പിലിന്റെ ഇടപെടലാണ് പ്രശ്‌നം ഇത്രയും വഷളാക്കിയതെന്നും അനസ് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ജോഷി ഒരു സഭയുടെ യൂട്യൂബ് ചാനലില്‍ പോയി സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തില്‍ അഭിമുഖം പോലും നല്‍കിയെന്നും അനസ് പറയുന്നുണ്ട്.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമവായത്തിനാണ് ശ്രമിച്ചതെന്നും അനസ് പറഞ്ഞു. കോണ്‍ഗ്രസിന് ഈ വിഷയം ഒരു മുസ്‌ലിം-ക്രിസ്ത്യന്‍ പ്രശ്‌നമാക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിധി വരുന്നത് വരെ തത്ക്കാലം വീട്ടില്‍ നിന്ന് തട്ടമിട്ട് സ്‌കൂളിലേക്ക് പോകാനാണ് നിര്‍ദേശിച്ചതെന്നും അനസ് പ്രതികരിച്ചു.

വിധി വന്ന ശേഷം മറ്റൊരു സ്‌കൂളിലേക്ക് മാറാനും അതുവരെ പള്ളുരുത്തി സ്‌കൂളില്‍ തുടരണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എം.എല്‍.എ കെ. ബാബു ഉള്‍പ്പെടെയുള്ളവരാണ് ഇത്തരത്തില്‍ ആവശ്യപ്പെട്ടതെന്നും അനസ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

തങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് അഭിഭാഷകന്‍ അമീന്‍ ഹസനെ കാണുന്നതെന്നും അനസ് വ്യക്തമാക്കി. തട്ടം ധരിച്ചെത്തുന്ന തന്റെ മകള്‍ മറ്റു കുട്ടികളില്‍ ഭയമുണ്ടാക്കുന്നുവെന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം തന്നില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. അപ്പോഴാണ് ഏത് വിധേനയും ടി.സി വാങ്ങണമെന്ന് തീരുമാനിച്ചതെന്നും അമീന്‍ ഹസനെ സമീപിച്ചതെന്നും അനസ് പറയുന്നു.

അമീന്‍ ഹസന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെയുടെ കുതന്ത്രങ്ങളാണമെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ് അഫ്‌സലിനെ അഭിഭാഷകനെ കുറിച്ചുള്ള ചോദ്യമുന്നയിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ താനൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയോ, പ്രവര്‍ത്തകനോ അല്ലെന്നും അനസ് ഉറപ്പിച്ചു പറഞ്ഞു. ന്യായമായതും നീതിയുക്തമായതുമായ സഹായം മാത്രമേ തനിക്ക് ആവശ്യമുള്ളുവെന്നും അനസ് പറഞ്ഞതായാണ് അഫ്‌സലിന്റെ ഫോണ്‍ സംഭാഷണ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlight: The child’s father react in the Hijab controversy

We use cookies to give you the best possible experience. Learn more