| Sunday, 10th May 2026, 7:10 pm

'ഇത്രേം ക്ഷമിച്ചില്ലേ, ഇനിയും ക്ഷമിക്കൂ'; മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും നീളും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം തീരുമാനമെന്ന് ഹൈക്കമാന്‍ഡ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം തേടുന്നു. വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ടോടെ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയുള്ള അഞ്ച് വര്‍ഷം കേരളത്തെ ആര് നയിക്കും എന്നറിയാനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇനി ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അടുത്ത പ്രഖ്യാപനം ഉണ്ടാവുക.

തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ആരും തെരുവിലിറങ്ങരുതെന്ന് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ ആവശ്യപ്പെട്ടു. ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

വ്യക്തിപരമായ രീതിയില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കരുതെന്നും നേതാക്കളെ ഇഷ്ടപ്പെടുന്നത് നല്ലതാണെങ്കിലും മറ്റുള്ളവരെ മോശമാക്കരുതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് പൂര്‍ണമായി ഉള്‍ക്കൊള്ളുമെന്ന് മൂന്ന് നേതാക്കളും വ്യക്തമാക്കി.

Content Highlight: The Chief Minister’s announcement in Kerala will be delayed further, says High Command

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more