| Sunday, 2nd August 2026, 1:03 pm

ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നുകളില്‍ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുന്നതിന്' തുല്യം: വി. ശിവന്‍കുട്ടി

നിഷാന. വി.വി

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവിന്റെ വസതിയില്‍ സല്‍ക്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നടപടിയില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവന്‍കുട്ടി.

നാട് ദുരന്തമുഖത്ത് പകച്ചുനില്‍ക്കുമ്പോള്‍, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത്. എന്നാല്‍, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകള്‍ കാറ്റില്‍പ്പറത്തി പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സല്‍ക്കാരത്തില്‍ പങ്കുചേരുകയാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ചെയ്തത്.

നാടൊട്ടുക്കും ജനങ്ങള്‍ ഭീതിയിലും നിരാശയിലും കഴിയുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നുകളില്‍ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി ‘റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുന്നതിന്’ തുല്യമാണ്,’ അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ സല്‍ക്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ലെന്നും മറ്റു പരിപാടികള്‍ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാനുള്ള ആര്‍ജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.

രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച് ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ക്യാപ്റ്റന്‍ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണെന്നും ഇച്ഛാശക്തിയോടെ ഭരണം നടത്താന്‍ വി. ഡി. സതീശന്‍ പിണറായി വിജയനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The Chief Minister’s act of indulging in lavish feasts while the people live in fear is akin to “Nero fiddling while Rome burned”: V. Sivankutty.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more