| Tuesday, 24th March 2026, 11:49 am

ഗണേഷ് കുമാറിനോട് 2013ലെ നിലപാടല്ല 2026ല്‍; മുഖ്യമന്ത്രി വൃത്തികേട് കാണിക്കുന്ന അവന്മാരോടൊപ്പമാണ്: വി.ഡി. സതീശന്‍

അനിത സി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയോഗിച്ച വാക്കുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇവരുടെയൊക്കെ വായില്‍ നിന്നും വീഴുന്നത് ശുദ്ധീകരിക്കാന്‍ സാംസ്‌കാരിക ഹരിത കര്‍മ്മ സേനയെ നിയോഗിക്കേണ്ടി വരുമെന്ന് സതീശന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’, ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ തുടങ്ങിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പ്രകോപിതനാവുന്നതെന്തിനാണെന്നും ഇത്തരം പെരുമാറ്റം രാഷ്ട്രീയക്കാരെ കുറിച്ച് ജനങ്ങളില്‍ പുച്ഛമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ബി ഗണേശ് കുമാറിനെതിരെ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെടുത്ത നിലപാടല്ല 2026ലുള്ളത്. അന്ന് രാജി ആവശ്യപ്പെട്ട പിണറായി ഇന്ന് അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊല്ലം എം.എല്‍.എ മുകേഷിനെതിരെയും സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയും മുഖ്യമന്ത്രിയെടുത്ത നിലാപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. താന്‍ ചങ്കുപൊട്ടികൊണ്ടാണെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കാര്‍ക്കശ്യമായ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എയേക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ അവള്‍ക്കൊപ്പമല്ല. വൃത്തിക്കേടുകളും തോന്നിവാസങ്ങളും ചെയ്യുന്ന അവന്മാരോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്’, വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റുമാനൂര്‍ സീറ്റിലുള്‍പ്പടെ പത്ത് മണ്ഡലങ്ങളിലടക്കം സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ നടന്നെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. ശ്രീ എമ്മുമായി അടച്ചിട്ട മുറിയില്‍ പിണറായി ചര്‍ച്ച നടത്തിയെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

Content Highlight: The Chief Minister is with those who are showing corruption: V.D. Satheesan

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more