| Friday, 13th May 2022, 7:53 pm

പുഴുവിലെ നിസഹായരായ പോളും മാത്തച്ചനും; കയ്യടി നേടി ഇന്ദ്രന്‍സും കുഞ്ചനും നെടുമുടി വേണുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുഴുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി മുതലായ എല്ലാ അഭിനേതാക്കളും തങ്ങളുടെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമേ ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമുടി വേണു എന്നിവരുടെ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വളരെ കുറച്ച് നേരമാണ് ഇവര്‍ ചിത്രത്തിലെത്തുന്നതുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസില്‍ സിനിമ കഴിഞ്ഞാലും ഈ കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കും.

ഇതില്‍ ഏറ്റവും അഭിനന്ദനം ഏറ്റുവാങ്ങുന്നത് കുഞ്ചനാണ്. കുഞ്ചനും മമ്മൂട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം കാണികളില്‍ അസ്വസ്ഥതയും വേദനയുമാണ് ഉണ്ടാക്കുന്നത്. എല്ലാം നഷ്ടപ്പെടുന്നവന്റെ ദൈന്യതയും നിരാശയും തന്റെ സൂക്ഷമഭാവങ്ങളിലൂടെ കുഞ്ചന്‍ മികച്ച രീതിയില്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

നിസഹായനായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സും ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. കേവലം രണ്ട് രംഗങ്ങളില്‍ മാത്രമാണ് ഇന്ദ്രന്‍സ് എത്തുന്നതെങ്കിലും ആ കഥാപാത്രത്തിനോടും പ്രേക്ഷകര്‍ക്ക് സഹാനുഭൂതി ഉണ്ടാകും.

നെടുമുടി വേണുവിന് വെല്ലുവിളിയായവുന്ന കഥാപാത്രമല്ല കിട്ടിയതെങ്കിലും സവര്‍ണ ബോധത്തെ മനസിലേറുന്ന മോഹനന്‍ നമ്പൂതിരിയെ അദ്ദേഹം പതിവ് പോലെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

May be an image of 1 person and text

ജാതി വ്യവസ്ഥ, വര്‍ണവിവേചനം, ടോക്സിക് പേരന്റിംഗ് എന്നിങ്ങനെ ഈ ആധുനിക സമൂഹത്തിലും പ്രസ്‌കതമായ വിഷയങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചിത്രം പറഞ്ഞു പോകുന്നുണ്ട്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പ്രമോ വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം മമ്മൂട്ടിയുടെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ പുഴു ആവറേജ് അനുഭവമാണ് നല്‍കിയതെന്ന അഭിപ്രായവും വരുന്നുണ്ട്.

Content Highlight: The characters of Indrans, Kunchan and Nedumudi Venu in puzhu are being discussed on social media

We use cookies to give you the best possible experience. Learn more