ഇന്ത്യൻ സിനിമയിലെ മികച്ച നടിയാണ് വിദ്യാ ബാലൻ. 2003ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഭാലോ തേക്കോ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും സെയ്ഫ് അലിഖാനും സഞ്ജയ് ദത്തും അഭിനയിച്ച പരിണീത എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്തയായത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശക്തമായ വേഷങ്ങൾ അവർ അവതരിപ്പിച്ചു. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ അവർ ദേശീയ അവാർഡ്, 2014ൽ പത്മശ്രീ പുരസ്‌കാരം എന്നിവ സ്വന്തമാക്കി. ഇപ്പോൾ തന്നെ സ്വാധീനിച്ച സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി. ഡേർട്ടി പിക്ചറിലെ സിൽക്ക് സ്മിത എന്ന കഥാപാത്രം തന്നെ വളരെധികം സ്വാധീനിച്ചുവെന്ന് നടി പറയുന്നു.
‘ഓരോ കഥാപാത്രത്തിൽ നിന്നും ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടങ്കിലും ഡേർട്ടി പിക്ചറിലെ സിൽക്ക് സ്മിത എന്ന കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. കരിയറിലും അല്ലാതെയും, സിൽക്കിന്റെ വേഷം എന്നെ തുറന്ന് സംസാരിക്കാനും ധീരയുമാക്കി. ഈ വേഷം ചെയ്യുന്നതിന് മുമ്പ് ഞാൻ അൽപം ലജ്ജയുള്ള കൂട്ടത്തിലായിരുന്നു.
എന്റെ ശരീരഭാരം കാരണം എനിക്ക് അതിന് മടിയുമായിരുന്നു. എന്നാൽ സിൽക്കിന്റെ വേഷം ചെയ്തതിനുശേഷം എനിക്ക് സ്വമേധയാ എന്നിൽ വിശ്വാസമുണ്ടായി. എനിക്ക് എന്നോട് തന്നെ സ്‌നേഹം തോന്നി. പരിണീത എന്റെ കരിയറിന്റെ തുടക്കമായിരുന്നു. ഈ ചിത്രവും എന്റ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നു,’ വിദ്യ ബാലൻ പറയുന്നു.
മുമ്പ് തൊട്ടേ ആത്മവിശ്വാസവും പോസിറ്റീവുമായ വ്യക്തിയായിരുന്നു താനെന്നും എന്നാൽ ശരീരഭാരം കുറച്ചതിന് ശേഷം സ്വയമേധയാ ലാഘവത്വം തോന്നുന്നുവെന്ന് വിദ്യ ബാലൻ പറഞ്ഞു.
മുമ്പ് ശരീരത്തിലൊക്കെ വേദനയുണ്ടായിരുന്നു, എന്നാലിപ്പോൾ അതിൽ നിന്നൊക്കെ ആശ്വാസം ലഭിച്ചു. സ്ലിം ആകാൻ കഴിയുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇപ്പോൾ അത് സംഭവിച്ചു. താൻ വളരെ സന്തോഷവതിയാണെന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു.
Content Highlight: The character in The Dirty Picture influenced me; it made me brave: Vidya Balan