ഒരിടവേളക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ നിറയുകയാണ്. ജൂഡ് ആന്തണി ജോസഫിന്റെ 2018ന് ശേഷം കേരളത്തിലെ തിയേറ്ററുകളിലേക്ക് ഇങ്ങനെ ഒരു തള്ളിക്കയറ്റം ഉണ്ടാകുന്നത് നെല്‍സണ്‍ ദിലിപ് കുമാറിന്റെ ജയിലര്‍ റിലീസിനാണ്. കൊവിഡ് ലോക്ഡൗണിന് ശേഷം കേരളത്തിലെത്തുന്ന അന്യഭാഷ മാസ് ചിത്രങ്ങള്‍ക്കുമെല്ലാം ഇത്തരം സ്വീകരണം ഉണ്ടായിരുന്നു.
ലോകേഷ് കനകരാജ്- കമല്‍ ഹാസന്‍ ചിത്രം വിക്രത്തോടാണ് ജയിലറിനെ പലരും ഉപമിക്കുന്നത്. കയ്യില്‍ കിട്ടിയ സ്റ്റാറുകളെയെല്ലാം ഏറ്റവും അനുയോജ്യമായ തരത്തില്‍ അതാത് സംവിധായകര്‍ രണ്ട് ചിത്രത്തിലും ഉപയോഗിച്ചു എന്നതാണ് അതിലൊന്ന്. തമിഴിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടവേളക്ക് ശേഷം വലിയ വിജയമാണ് ഇരുചിത്രങ്ങളും നേടികൊടുത്തത്.
ശക്തമായ വില്ലന്‍ കഥാപാത്രങ്ങളാണ് രണ്ട് ചിത്രങ്ങളുടേയും മറ്റൊരു പ്രത്യേകത. വിജയ് സേതുപതി അവതരിപ്പിച്ച സന്തനം എന്ന വില്ലന്‍ കമലിന്റെ വിക്രത്തിനെതിരെ അത്രയും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ രസച്ചരട് പൊട്ടിക്കാതെ നിര്‍ത്തുന്നത്. വില്ലന്‍ ശക്തനാകുന്തോറും കഥക്കും ശക്തിയേറും. ഇതേ തത്വം തന്നെയാണ് ജയിലറില്‍ നെല്‍സണും പിന്തുടരുന്നത്.
Spoiler Alert
വിനായകന്റെ വര്‍മനെ ഇന്‍ട്രൊ സീനില്‍ തന്നെ സ്ഥാപിച്ചെടുക്കാന്‍ നെല്‍സണായിട്ടുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രൊഫഷണലാണ്, അഗ്രസീവുമാണ്. എതിരാളികളുടെ ചുവടുകള്‍ ഒരുമുഴം നീട്ടി കണ്ട് കരുക്കള്‍ ആദ്യമേ തയ്യാറാക്കിവെക്കുന്ന കൂര്‍മബുദ്ധിമാന്‍. നിലനില്‍പ്പിനായും ആധിപത്യത്തിനായും തന്റേതായ രീതികള്‍ കണിശമായി പിന്തുടരുന്ന അതീവ അപകടകാരിയായ വില്ലനാണ് വര്‍മന്‍.
നായകന്‍ സകല ആധിപത്യവും സ്ഥാപിച്ച് മാസായി വില്ലന് നേരെ സര്‍വ ശക്തിയും പ്രദര്‍ശിപ്പിച്ച് വരുമ്പോള്‍ വില്ലന്‍ തീര്‍ന്ന്, ഇനി ഒന്നും സംഭവിക്കാനില്ലല്ലോ എന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്ന ഒരു ഘട്ടമുണ്ട്. അവിടെ വര്‍മന്‍ ഇറക്കുന്ന ഒരു ട്രംമ്പ് കാര്‍ഡുണ്ട്. വില്ലന് മേല്‍ വ്യക്തമായ ആധിപത്യം സൃഷ്ടിച്ചിട്ടും ആ ട്രംമ്പ് കാര്‍ഡിന് മുന്നില്‍ നായകന്‍ പതറുകയാണ്. ഇത്തരം ട്വിസ്റ്റുകളുണ്ടായാല്‍ കഥ കൂടുതല്‍ എന്‍കേജാവുകയാണ് ചെയ്യുന്നത്.
ഒരു ഘട്ടം കഴിയുമ്പോള്‍ തന്നെക്കാള്‍ ഇരട്ടി വലിപ്പമുള്ള നായകനെ വര്‍മന് മനസിലാവുന്നുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്റെ സാമ്രാജ്യത്തിന് വര്‍മന്‍ പിടിച്ചുനിന്നത് ഒറ്റയാള്‍ പോരാട്ടത്തിലൂടെയായിരുന്നു.
വര്‍മന്റെ ക്യാരക്ടര്‍ ആര്‍ക്ക് നായകനൊപ്പം തന്നെ കൃത്യമാക്കാന്‍ നെല്‍സിലെ തിരക്കഥാകൃത്തിന് കഴിഞ്ഞു. ചുമ്മാ നായകന്റെ അടി കൊണ്ട് പോവാന്‍ വന്നവനല്ല വര്‍മന്‍. ഇത് നായകനും വില്ലനും കൊണ്ടുംകൊടുത്തുമുള്ള കളി തന്നെയാണ്. അത് തിയേറ്ററില്‍ തന്നെ കണ്ടറിയണം.
മറ്റൊരു താരത്തെ ആദ്യം വില്ലനായി ആലോചിച്ചിരുന്നു എന്ന് രജിനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ ആവാത്ത വിധം വിനായകന്‍ വര്‍മനെ ഗംഭീരമാക്കിയിട്ടുണ്ട്. നായകന്‍ മാത്രമല്ല, ശക്തനായ വില്ലന്‍ കൂടിയാണ് ഒരു മാസ് ചിത്രത്തിന് വേണ്ട അടിസ്ഥാന ചേരുവ.
Content Highlight: The character arc of varman presented by Vinayakan in Jailer