തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
സമദൂരം എന്നുള്ള കാര്യം നടക്കില്ല. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയമുളളത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ചര്‍ച്ചയുടെ അധ്യായം ഇതോടെ പൂര്‍ണമായി അടയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പ്രധാനപ്പെട്ട രണ്ട് ഹിന്ദുസംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ ഐക്യം ആവശ്യപ്പെട്ട ആളുകള്‍ക്ക് അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നു.
മകനായാലും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കേരളത്തിലെ പ്രധാനപ്പെട്ട നേതാവിനെ തന്നെ ചര്‍ച്ചയ്ക്ക് വിടാനൊരുങ്ങിയത് ശരിയായില്ല. തുഷാറിനെ ചര്‍ച്ചയ്ക്കയക്കാന്‍ അനുവാദം ചോദിച്ചിരുന്നു വരേണ്ടെന്ന് നേരിട്ട് അറിയിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പളളിയെ ഐക്യവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചയ്ക്ക് നിയോഗിച്ചതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തുഷാറിനെ വിട്ടിരുന്നില്ല, വിടാന്‍ അനുവാദം ചോദിച്ചപ്പോള്‍ തന്നെ പറ്റില്ലെന്ന് പറഞ്ഞു. ഇക്കാര്യം ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങിന് മുന്നേ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്നില്‍ ആദ്യത്തെ സംഭവവും പിന്നീട് മാറ്റി പറയാനുണ്ടായ വിഷയവും അറിയിച്ചത് താനാണെന്നും ബോര്‍ഡില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ട്. വെറുതെയെന്തിനാണ് പൊല്ലാപ്പിന് പോകുന്നത.് അതിന്റെ ആവശ്യമില്ല, ഒറ്റയ്ക്ക് മുന്നോട്ട് പോകുന്നതിന് എന്‍.എസ്.എസിന് എല്ലാ സാഹചര്യവുമുണ്ട്. ഞാന്‍ സംസാരിക്കുന്നത് എന്റെ സമുദായത്തിനും എന്റെ പ്രസ്ഥാനത്തിനും വേണ്ടിയാണ്. അവര്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് എനിക്കറിയില്ല. കാരണമുണ്ടായിട്ട് തന്നെയാണ് ഐക്യം വേണ്ടെന്ന് വെയ്ക്കുന്നത് അത് ഞങ്ങള്‍ ഉണ്ടാക്കിയതല്ല, അവര്‍ തന്നെയുണ്ടാക്കിയതാണ്.
അച്ഛനാകട്ടെ മകനാകട്ടെ നിഷ്പക്ഷമായി നില്‍ക്കുന്ന ഒരു വിഭാഗവുമായി ചര്‍ച്ച നടക്കുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടൊരു നേതാവിനെ അതിനെ പറ്റി സംസാരിക്കാന്‍ വിടുകയെന്നതിന്റെ അര്‍ത്ഥമെന്താണ്? ആര്‍ക്കുവേണ്ടിയാണിത്? ഞങ്ങള്‍ക്ക് അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തി,’ സുകുമാരന്‍ നായര്‍ വ്യക്തമാാക്കി.
എല്ലാ സമുദായ മത സംഘടനകളുമായും രാഷ്ട്രീയ സംഘടനകളുമായും സൗഹൃദം തുടരുമെന്നും സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന് പുരസ്‌കാരം ലഭിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: The chapter of the unity talks has closed with this; Why are we going to polls for nothing: G Sukumaran Nair