| Thursday, 20th November 2025, 6:31 pm

മദ്യ ബ്രാന്‍ഡിന്റെ പേര് മാറ്റണം, മൃഗങ്ങള്‍ ഇണ ചേരുന്ന രംഗം നീക്കണം; മസ്തി 4ന് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവേക് ഒബ്റോയ്, റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് മസ്തി 4. മസ്തി എന്ന ചിത്രത്തിന്റെ നാലാം ഭാഗമായെത്തുന്ന സിനിമ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഏതാനും സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കം 39 സെക്കന്‍ഡാണ് സിനിമയില്‍ നിന്ന് നീക്കം ചെയതിരിക്കുന്നത്.

മൃഗങ്ങള്‍ ഇണചേരുന്ന 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടോപ് ആങ്കിള്‍ ഷോട്ട് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. മദ്യ ബ്രാന്‍ഡിന്റ പേര് മാറ്റി പകരം ഒരു സാങ്കല്‍പ്പികമായ പേരാക്കി. മനുഷ്യരുടെ മുഖങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളില്‍ 30 സെക്കന്‍ഡിന്റെ കുറവ് വരുത്താനും നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം നവംബര്‍ 17നാണ് സി.ബി.എഫ്.സി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

2004ല്‍ ഇന്ദ്ര കുമാറിന്റെ മസ്തി എന്ന ചിത്രത്തിലൂടെയാണ് മസ്തി ഫ്രാഞ്ചൈസി ആരംഭിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടിയ സിനമ ഒരു സൂപ്പര്‍ ഹിറ്റ് ആയിരുന്നു.അഫ്താബ്, വിവേക്, റിതേഷ് എന്നിവരെ കൂടാതെ അജയ് ദേവ്ഗണ്‍, ലാറ ദത്ത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2013ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിന്റെ തുടര്‍ച്ച വലിയ വിജയമായിരുന്നു. സിനിമ ആഗോളതലത്തില്‍ 150 കോടിയിലധികം കളക്ഷന്‍ നേടി. മൂന്നാം ഭാഗമായ ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്നാല്‍ വേണ്ടത്ര വിജയിച്ചില്ല. മിലാപ് സവേരിയാണ് മസ്തി 4 സംവിധാനം ചെയ്യുന്നത്.

Content highlight: The changes suggested by the censor board for Masti 4

We use cookies to give you the best possible experience. Learn more