| Monday, 13th April 2026, 9:20 am

നിയമങ്ങളുടെ അഭാവമല്ല നീതിനിഷേധമാണ് നിയമസംവിധാനം നേരിടുന്ന വെല്ലുവിളി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

നിഷാന. വി.വി

ഡെറാഡൂണ്‍: രാജ്യത്തെ നിയമവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിയമങ്ങളുടെ അഭാവമല്ല, മറിച്ച് സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്തതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

നിയമപരമായ അവകാശങ്ങളും അവയുടെ പ്രായോഗിക ലഭ്യതയും തമ്മിലുള്ള അന്തരം നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഉത്തരാഖണ്ഡ് ഹൈക്കോടതി, സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡെറാഡൂണില്‍ സംഘടിപ്പിച്ച വടക്കന്‍ മേഖലാ റീജണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യയ്ക്ക് അവകാശങ്ങളുടെയും നയങ്ങളുടെയും ശക്തമായ ഒരു ചട്ടക്കൂട് ഉണ്ടെങ്കിലും ദൂരം, കാലതാമസം, തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം നിയമാനുകൂല്യങ്ങള്‍ പലപ്പോഴും സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘നീതിയുടെ നിലനില്‍പ്പ് മാത്രം പോരാ. മറിച്ച്, അത് ഓരോ പൗരന്റെയും പടിവാതില്‍ക്കല്‍ സമയബന്ധിതമായി എത്തണം. ഒരു റിപ്പബ്ലിക്കിന്റെ ശക്തി അളക്കേണ്ടത് അതിന്റെ പ്രഖ്യാപിത അവകാശങ്ങളിലൂടെയല്ല, മറിച്ച് യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുന്ന അവകാശങ്ങളിലൂടെയാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ യഥാര്‍ത്ഥ വിജയം വലിയ കേസുകളിലല്ല മറിച്ച് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ നീതി എത്രത്തോളം ലഭ്യമാവുന്നു എന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് പോലുളള മലയോര സംസ്ഥാനങ്ങള്‍ നേരിടുന്ന ഭൂമിശാസ്ത്രപരമയ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

കേരളം, ലഡാക്ക്, ശ്രീനഗര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങടിലെ അനുഭവങ്ങളും പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് പങ്കുവെച്ചു.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചുള്ള തന്ത്രങ്ങളാണ് നീതി ഉറപ്പാക്കാന്‍ നടപ്പാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മത്സ്യ തൊഴിലാളികള്‍, ലഡാക്കിലെ സൈനികര്‍,നാഗാലാന്‍ഡിലെ ആദിവാസി സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍കണ്ട കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

തര്‍ക്കങ്ങള്‍ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും പരിഹരിക്കുന്നതിന് ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ (എ.ഡി.ആര്‍) പ്രോത്സാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ലോക് അദാലത്തുകള്‍, മധ്യസ്ഥ ചര്‍ച്ചകള്‍ എന്നിവയിലൂടെ സാമൂഹിക ബന്ധങ്ങള്‍ തകരാതെ തന്നെ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഹായ പദ്ധതികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മള്‍ട്ടി സര്‍വിസ് ക്യാമ്പുകള്‍ എന്നിവ വഴി പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Content Highlight: The challenge facing the legal system is not the absence of laws but the denial of justice: Supreme Court Chief Justice.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more