| Wednesday, 2nd July 2025, 8:52 pm

കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് തുടരുകയാണ്; പ്രത്യേക അരിവിഹിതം നിഷേധിച്ചതില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന് പ്രത്യേക അരിവിഹിതം അനുവദിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലത്ത് സംസ്ഥാനത്തിന് പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും കേന്ദ്രം തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എട്ട് രൂപ മുപ്പത് പൈസ നിരക്കില്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം രണ്ടുവര്‍ഷം മുമ്പ് വരെ ടൈഡ് ഓവര്‍ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്‌മെന്റ് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓണം പോലെയുള്ള വിശേഷാവസരങ്ങളില്‍ പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില കുതിച്ചുയരാതിരിക്കാന്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും കഴിയുന്ന അളവില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് നല്‍കുന്നതിനുവേണ്ടി അധികമായി അരിവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുള്ള ഗോതമ്പിന്റെ അലോട്ട്‌മെന്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദയം നിരാകരിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കേരള വിരുദ്ധനയം തിരുത്താന്‍ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓണത്തിന് മുന്നോടിയായി വിവിധ സഹായം തേടുന്നതിനായി മന്ത്രി ജി.ആര്‍. അനില്‍ ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്‌ലാദ് ജോഷിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍.എഫ്.എസ്.എ) നടപ്പിലാക്കിയതിനുശേഷം, 1965 മുതല്‍ നിലവിലുണ്ടായിരുന്ന കേരളത്തിന്റെ സാര്‍വത്രിക സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ചില വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ജി.ആര്‍. അനില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ അധിക അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Content Highlight: The Centre’s negative stance towards Kerala continues; CM slams denial of special rice allocation

We use cookies to give you the best possible experience. Learn more