| Tuesday, 20th May 2025, 6:11 pm

അര്‍ഹമായത് തടഞ്ഞുവെച്ച് കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അര്‍ഹിച്ചത് തടഞ്ഞുവെച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചതുപോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കുമെന്നും ‘നവകേരളം’ എന്ന സ്വപ്നം സംസ്ഥാനം ഉടന്‍ കൈവരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ത്തുവെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാനായെന്നും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടിയില്‍ കണ്ടത് വലിയ ജനപങ്കാളിത്തം. സര്‍വമേഖലകളില്‍ നിന്നും സര്‍ക്കാരിന് പിന്തുണ ലഭിക്കുന്നുണ്ട്. ഒന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും വെല്ലുവിളിച്ചവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ 4,51,631 വീടുകള്‍ പൂര്‍ത്തിയായി. 59,707 കുടുംബങ്ങളെ അതിദാരിദ്രമുക്തമാക്കി. സംസ്ഥാനയാകെ അതിദാരിദ്രമുക്തമാക്കുക എന്ന ലക്ഷ്യം നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കൊവിഡ് മരണങ്ങളില്‍ കൃത്യമായ കണക്ക് പുറത്തുവിട്ടത് കേരളമാണെന്നും സംസ്ഥാനത്തെ ആരോഗ്യ മേഖല രോഗീ സൗഹൃദമായെന്നും നാല് വര്‍ഷം കൊണ്ട് ഏഴായിരം കോടി രൂപയുടെ ചികിത്സ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ 66000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പുകള്‍ വര്‍ധിച്ചു. കെ-ഫോണ്‍ കണക്ഷന്‍ ഒരു ലക്ഷത്തിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റത്തില്‍ തളരാതിരുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും വ്യവാസയമേഖലയില്‍ ഉണ്ടായത് വലിയ വളര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ പേരൂര്‍ക്കടയില്‍ ദളിത് യുവതിയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനില്‍ തടഞ്ഞുവെച്ച സംഭവം ഗൗരവതരമാണെന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ച്ചയായി നാഷണല്‍ ഹൈവേ തകരുന്ന സംഭവത്തില്‍ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച നടത്താനിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കൈക്കൂലി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Content Highlight: The Centre is financially squeezing Kerala by withholding what it deserves: Chief Minister

We use cookies to give you the best possible experience. Learn more