| Wednesday, 22nd July 2026, 11:31 am

കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ദല്‍ഹിയില്‍ നടത്തിയത് നരനായാട്ട്; സി.ജെ.പി പ്രതിഷേധത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: വി.ഡി. സതീശന്‍

നിഷാന. വി.വി

തിരുവനന്തപുരം: നീറ്റ് ക്രമക്കേടിലുള്ള സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ നല്‍കി ധര്‍ണ നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുള്ള ദല്‍ഹി പൊലീസിന്റെ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളോട് വളരെ ക്രൂരമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറിയതെന്നും അത് തന്നെയാണ് ധര്‍ണ നടത്തിയ കോണ്‍ഗ്രസ് നേതാക്കളോടും ആവര്‍ത്തിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ തുടങ്ങിയ നേതാക്കളോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയതെന്നും അതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഈ സമരം മുന്നോട്ട് പോവും. കാരണം നിരവധി കുട്ടികളാണ് ആത്മഹത്യ ചെയ്തത്. എന്നിട്ടും ഇതിന് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ നടപടിയെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാന്‍ പറ്റാത്ത കാര്യമാണ് ഇത്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ദല്‍ഹിയില്‍ നടന്നത് ശരിക്കുമൊരു നരനായാട്ടാണെന്നും രാജ്യമെമ്പാടും ഇതിനെതിരായ പ്രതിഷേധമുണ്ടാവുമ്പോള്‍ കേരളത്തിലും പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഇത് സംബന്ധിച്ച് ഒരു പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Content Highlight: The Central Government unleashed a brutal crackdown in Delhi yesterday; the State Government extends full support to the CJP protest: V.D. Satheesan.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more