തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തിയും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫെബ്രുവരി 25-ന് ഇന്ത്യയില്‍ നടന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ മാര്‍ച്ച് 4-ന് ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ പോലും ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണെന്നും അമേരിക്കന്‍ വിധേയത്വത്തിന്റെ പ്രകടനമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇറാനിയന്‍ കപ്പല്‍ തകര്‍ത്ത സംഭവം സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണ്. ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സര്‍ക്കാരോ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് മേഖലയിലാകെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പശ്ചിമേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷസ്ഥിതി അതീവ ആശങ്കാജനകമാണ്. അമേരിക്കഇസ്രായേല്‍ അച്ചുതണ്ടിന്റെ തുടര്‍ച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാന്റെ പ്രത്യാക്രമണ ശ്രമങ്ങളും മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുകയാണ്. ഇത് ലോകസമാധാനത്തിനും അന്താരാഷ്ട്ര സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
ഫെബ്രുവരി 25-ന് നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ മാര്‍ച്ച് 4-ന് ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ പോലും ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. അത് അമേരിക്കന്‍ വിധേയത്വത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നല്ല.
നമ്മുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം അന്താരാഷ്ട്ര മര്യാദകളുടെ ഗുരുതരമായ ലംഘനമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന ഇത്തരം നടപടികള്‍ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്രയും ഗൗരവമുള്ള വിഷയങ്ങളില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സര്‍ക്കാരോ ഇതുവരെ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ല.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് മേഖലയിലാകെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം.
ഈ സാഹചര്യം കേരള സര്‍ക്കാര്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ആവശ്യമായ ഏകോപനവും സഹായ സംവിധാനങ്ങളും സജ്ജമാക്കി വരുന്നു. ലോക കേരള സഭാംഗങ്ങള്‍, വിവിധ പ്രവാസി സംഘടനകള്‍, പ്രമുഖ വ്യക്തികള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ലോക കേരള സഭ പ്രതിനിധികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് എല്ലാ പ്രവാസി മലയാളി സംഘടനകളും യോജിച്ച സഹകരണമാണ് നല്‍കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പശ്ചിമേഷ്യയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അത്ഭുതകരമായ നിഷ്‌ക്രിയത്വമാണ് ഐക്യരാഷ്ട്രസഭയില്‍ നിന്ന് കാണപ്പെടുന്നത്. ലോകത്ത് ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍ സമാധാനം ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട ഐക്യരാഷ്ട്രസഭ തന്നെ അതിന്റെ അടിസ്ഥാന ലക്ഷ്യം മറക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്.
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ സമാധാനത്തിനും ചേരിചേരാ നയത്തിനും പ്രാധാന്യം നല്‍കിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാതെ തടയുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി നമ്മുടെ രാജ്യം സജീവമായ നയതന്ത്ര ഇടപെടലുകള്‍ നടത്തണം എന്നാണ് യുദ്ധവെറി ഇല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നത്.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഭീതിജനകമായ വാര്‍ത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിക്കുന്നത് അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കാനിടയാക്കും. അതിനാല്‍ വിശ്വാസ്യതയില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ മാത്രം ആശ്രയിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണം. അതിനായി നമ്മുടെ രാജ്യം സജീവമായ പങ്ക് വഹിക്കണമെന്നും ആവശ്യപ്പെടുന്നു.
Content Highlight: The central government’s stance is an act of American subservience: Chief Minister Pinarayi Vijayan